കാസർഗോഡ്: പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഇരുവരുടേയും മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചപ്പോള്‍ നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയത്. മൃതദേഹങ്ങൾ ഒരു സ്ഥലത്താണ് സംസ്കരിച്ചത്.
മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം നടന്നു. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മണി, ശേഖരൻ നായർ എന്നിവര്‍ക്കാണ് വെട്ടേറ്റത്. രണ്ടുപേരെയും മംഗലാപുരത്തേക്ക് കൊണ്ടുപോയി വിലാപയാത്രക്കിടെ പെരിയ എകെജി ഭവന് മുന്നിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്
വിലാപയാത്ര കടന്നു പോയ വഴികളിലെ കടകൾക്ക് നേരെ ഒരു സംഘം ആളുകൾ അക്രമം നടത്തി. കടകള്‍ക്ക് തീയിട്ടു. നിരവധി കടകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും, പാര്‍ട്ടി സഹപ്രവര്‍ത്തകരും നേതാക്കളും അടക്കം നിരവധി പേരാണ് ശവസംസ്കാര ചടങ്ങിനെത്തിയത്. നിലവിളിച്ച് കരഞ്ഞ ഇരുവരുടേയും സുഹൃത്തുക്കള്‍ വൈകാരിക രംഗങ്ങള്‍ക്ക് വഴിയൊരുക്കി.