scorecardresearch
Latest News

തല പിളരും മുമ്പ് കൃപേഷ് തല ചായ്ച്ച് ഉറങ്ങിയത് ഈ വീട്ടിലായിരുന്നു

സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചിരുന്നയാളായിരുന്നു കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ

കാസർഗോഡ്: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിന്റെ ജീവിത സാഹചര്യം കണ്ണു നിറയ്ക്കുന്നു. മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിനെക്കാളും ദരിദ്രമായ പശ്ചാത്തലത്തിലായിരുന്നു കൃപേഷിന്റെ ജീവിതം.

അച്ഛനും അമ്മയുമുളള ഒരു ദരിദ്ര കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു 19 കാരനായ കൃപേഷ്. ഓലയും ടാര്‍പോളിനുമൊക്കെ വലിച്ചുകെട്ടി ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലുള്ളതാണ് കൃപേഷിന്റ വീട്. സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചിരുന്നയാളായിരുന്നു കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ. കൊലപാതകത്തിന് പിന്നാലെ കൃപേഷിന്റെ വീട്ടിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി.

ഇരട്ടക്കൊലപാതകത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് മോട്ടോര്‍ ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി കര്‍ണാടക പൊലീസിന്റെ സഹായം തേടിയതായി ഡിജിപിയുടെ ഓഫീസ് അറിയിച്ചു. ക്രൈം ബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നാണ് എഫ്ഐആറും. സിപിഎം – കോണ്‍ഗ്രസ് പ്രാദേശിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ‍ പൊലീസിന്‍റെ നിഗമനം.

തലച്ചോറ് പിളര്‍ന്ന് തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്റെ മരണ കാരണമെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളുണ്ട്. പ്രാദേശിക സിപിഎം നേതൃത്വത്തില്‍ നിന്ന് കൃപേഷിന് നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി ബന്ധു പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Murder cpm congress kasargod