കൊച്ചി: നടൻ ദിലീപിനെതിരായ വധഗൂഢാലോചനക്കേസിൽ സിബിഐ അന്വേഷണത്തെ എതിർത്ത് പ്രോസിക്യൂഷൻ. പ്രതിക്ക് അന്വേഷണ ഏജൻസിയെ തിരഞ്ഞെടുക്കാനാവില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) വാദിച്ചു. കേസ് ജസ്റ്റിസ് സിയാദ് റഹ്മാൻ വിധി പറയാൻ മാറ്റി.
ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നു കോടതി വ്യക്തമാക്കി. അതിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ലല്ലോയെന്നു കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
കേസിലെ എല്ലാ സാധ്യതകളും പരിശോധിച്ച് തുറന്ന മനസോടെയാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നതെന്നു ഡിജിപി പറഞ്ഞു. ശേഖരിക്കുന്ന ഓരോ വിവരവും ശരിയാണോയെന്ന് ഉറപ്പുവരുത്താന്‍ വീണ്ടും വീണ്ടും പരിശോധിക്കുന്നു. ഇത് ഹരജിക്കാരന്‍ പറഞ്ഞ വിവരണം പോലെ ഒന്നുമല്ല. അന്വേഷണം നിയമാനുസൃതമായി മാത്രമേ നടക്കൂയെന്ന് എല്ലാ കുറ്റാരോപിതര്‍ക്കും ഉറപ്പുനല്‍കുന്നു. ചില കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ കുറ്റപത്രത്തില്‍നിന്ന് നീക്കുമെന്നും ഡിജിപി പറഞ്ഞു.
കുറ്റാരോപിതന്‍ അന്വേഷണ ഏജന്‍സിയെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ ഡിജിപി അവര്‍ക്കെതിരായ ഭീഷണിയെന്ന സന്ദേഹത്തിന് ഒരു അടിസ്ഥാനമില്ലെന്നു ജഡ്ജിയുടെ ചോദ്യത്തിനു മറുപടിയായി കൂട്ടിച്ചേര്‍ത്തു. അന്വേഷണം മറ്റൊരു ഏജന്‍സിയിലേക്ക് മാറ്റിയാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും മുന്‍വിധി ഉണ്ടാകുമോയെന്ന് ജഡ്ജി ചോദിച്ചു. എന്നാല്‍ ഞങ്ങളുടെ മുന്‍വിധിയല്ല പ്രതിക്ക് അവകാശമുണ്ടോയെന്നതാണ് ചോദ്യമെന്നും ഡിജിപി പറഞ്ഞു.
കുറ്റാരോപിതര്‍ക്കു ഒരു ഭയം ഉണ്ടായേക്കാമെന്ന ജഡ്ജിയുടെ പരാമര്‍ശത്തിന് എല്ലാ പ്രതികള്‍ക്കും ആ ഭയമുണ്ടാകുമെന്നായിരുന്നു ഡിജിപിയുടെ മറുപടി. അന്വേഷണ ഏജന്‍സി മാറ്റുന്നത് ആവശ്യപ്പെടാനുള്ള പ്രതികളുടെ അവകാശത്തെക്കുറിച്ചുള്ള ചില വിധികള്‍ ഡിജിപി കോടതിയില്‍ വായിച്ചു. സ്ഥാപിതമായ ദുരുപയോഗമോ പക്ഷപാതമോ ഇല്ലെങ്കില്‍ അന്വേഷണ ഏജന്‍സിയെ മാറ്റാന്‍ ആവശ്യപ്പെടാനാകില്ലെന്ന് അദ്ദേഹം വാദിച്ചു.ർ
Also Read: എന്നെ ക്ഷണിച്ചത് ദിലീപല്ല, ഇത് ഞങ്ങൾ തമ്മിലുള്ള വ്യക്തിപരമായ കാര്യവുമല്ല: രഞ്ജിത്ത്
മുന്‍കൂര്‍ ജാമ്യത്തില്‍ അര്‍ഹതയില്ലാത്ത വിവേചനാധികാര ഇളവ് പ്രതികള്‍ക്കു ലഭിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ കോടതിക്ക് അറിയാമായിരുന്നെങ്കില്‍ ഒരുപക്ഷേ അവര്‍ക്ക് അത് ലഭിക്കുമായിരുന്നില്ല. രഹസ്യമായി ഗൂഢാലോചന നടത്തിയെന്നത് പ്രകടമാണെണന്നു പറഞ്ഞ ഡിജിപി, ഗൂഢാലോചന തെളിയിക്കാന്‍ പരോക്ഷമായ തെളിവുകള്‍ മതിയെന്ന് സ്ഥാപിക്കാന്‍ നിരവധി വിധിപ്രസ്താവങ്ങള്‍ ചൂണ്ടിക്കാട്ടി.
ഈ വസ്തുതകളുടെ കാര്യത്തിലൊന്നും തര്‍ക്കമില്ലെന്നും ഒരു കോഗ്‌നിസബിള്‍ കുറ്റകൃത്യം നടന്നോയെന്നതു മാത്രമാണ് ചോദ്യമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. വിചാരണയെ ബാധിക്കുമെന്നതിനാല്‍ അന്വേഷണത്തിന്റെ ചില വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഡിജിപി പറഞ്ഞു.
തെളിവുകള്‍ പക്കലുണ്ടായിട്ടും എന്തുകൊണ്ടാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നേരത്തെ ഹാജരാക്കാതിരുന്നതെന്ന് ഇന്നത്തെ വാദത്തിന്റെ തുടക്കത്തിൽ കോടതി ചോദിച്ചു. താമസിച്ചുള്ള നടപടിയില്‍ ദുരുദ്ദേശം ഉണ്ടോയെന്ന് സംശയിക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
എന്നാൽ ഇത് ഭാവിയില്‍ അന്വേഷിക്കേണ്ട ഒന്നാണെന്നു ഇപ്പോള്‍ ഗൂഢാലോചനയുടെ ചുരുളഴിക്കുകയാണ് പ്രധാനമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) പറഞ്ഞു. ആരോപണ വിധേയനായ ദിലീപുമായി ബാലചന്ദ്രകുമാറിന് അടുപ്പമുണ്ടായിരുന്നു. ചിലപ്പോള്‍ ബാലചന്ദ്രകുമാറും ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ളതായി വന്നേക്കാമെന്നും ഡിജിപി പറഞ്ഞു.
മറ്റ് ഗൂഢാലോചനകള്‍ പോലയല്ല ഇത്, ഇവിടെ കൃത്യമായൊരു സാക്ഷിയുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ദിലീപിന്റെ വീട്ടില്‍ നടന്ന റെയ്ഡിനെക്കുറിച്ചും ഡിജിപി വിശദീകരിച്ചു. “ഫോണ്‍ ഹാജരാക്കാന്‍ ആദ്യം വിസമ്മതിച്ചു, പിന്നീട് ഏഴെണ്ണത്തില്‍ ആറെണ്ണം ഹാജരാക്കി. പക്ഷെ പല വിവരങ്ങളും ഫോണുകളില്‍നിന്ന് നീക്കം ചെയ്തിരുന്നു,” ഡിജിപി വ്യക്തമാക്കി.
Also Read: മദ്യപിക്കുന്നവര്‍ ഇന്ത്യക്കാരല്ല, മഹാപാപികളാണ്: നിതീഷ് കുമാര്‍
“തെളിഞ്ഞ കൈകളോടെയല്ല പ്രതികള്‍ കോടതിക്ക് മുന്നിലേക്കെത്തിയത്. ഒരു ഫോണില്‍ നിന്ന് 32 കോണ്‍ടാക്ടുകളാണ് ഡിലീറ്റ് ചെയ്തത്. അവര്‍ തെളിവുകള്‍ ഇല്ലാതാക്കിയെന്നത് വ്യക്തമാണ്,” ഡിജിപി പറഞ്ഞു.
എന്നാൽ ക്യു4 ഫോൺ ദിലീപ്ഉ പയോഗിച്ചതല്ലെന്നും ക്യു1, ക്യു2, ക്യു3 ഫോണുകൾ മാത്രമാണ് അദ്ദേഹത്തിന്റേതെന്നും മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ വാദിച്ചു. ഇത് ഹർജിക്കാരന്റേതല്ലെന്നും ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റൊരാളുടേതാണെന്നും ഡിജിപി മറുപടി നൽകി. തെളിവുകളിൽ കൃത്രിം നടന്നുവെന്ന് വ്യക്തമാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഡിലീറ്റ് ചെയ്തത് തെളിവുകള്‍ ആവണമെന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
“അത് ശരിയാണ്. എന്നാല്‍ അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കുമോ?. പ്രത്യേകിച്ചും മൊബൈല്‍ ഫോണില്‍ കൃത്രിമം കാണിക്കരുതെന്ന് കോടതിയുടെ നിര്‍ദേശമുള്ള പശ്ചാത്തലത്തില്‍,” ഡിജിപി ചൂണ്ടിക്കാണിച്ചു. കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു.
പ്രസ്തുത സാഹചര്യത്തില്‍ പ്രതികള്‍ക്ക് ഇളവ് നല്‍കരുതെന്ന് ഡിജിപി കോടതിയോട് അഭ്യര്‍ത്ഥിച്ചു. തങ്ങള്‍ മായ്ച ഡേറ്റ ഗൂഢാലോചനയുമായോ അതില്‍ ഉള്‍പ്പെട്ട ആളുകളുമായോ ബന്ധപ്പെട്ടതല്ലെന്ന് അവര്‍ അവകാശപ്പെടുന്നു. അവര്‍ക്ക് എങ്ങനെയാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ കഴിയുന്നത്? അന്വേഷണത്തിന് എന്ത് വേണമെന്ന് അവര്‍ക്ക് എങ്ങനെ തീരുമാനിക്കാനാകും? അവര്‍ക്ക് എങ്ങനെ സ്വന്തം കാര്യത്തിന്റെ വിധികര്‍ത്താവാകുമെന്നും ഡിജിപി ചോദിച്ചു.
ഇന്നലത്തെ വാദം
ഒരാള്‍ വെറുതെ പറയുന്നത് വധഗൂഢാലോചന ആകുമോയെന്നാണ് കോടതി ഇന്നലെ ചോദിച്ചത്. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടയെന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്നും വധഗൂഢാലോചനയ്ക്കു തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ബാലചന്ദ്രകുമാര്‍ ഓഡിയോയും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
കേസിന്റെ പേരില്‍ പീഡനമാണെന്നു ദിലീപിനു വേണ്ടി ഹാജരായ മുതിർന്ന് അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ കോടതിയെ അറിയിച്ചു. 87 വയസുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പൊലീസ് കയറിയിറങ്ങി. തന്റെ വീട്ടില്‍ നിരന്തരം റെയ്ഡ് നടത്തുകയാണ് പൊലീസ്. തനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തെ കൂട്ടത്തോടെ പ്രതിയാക്കിയിരിക്കുകയാണെന്നും ദിലീപ് ആരോപിച്ചു.