കൊച്ചി: വധഗൂഢാലോചന കേസിൽ നടൻ ദിലീപ് ഫോണിലെ ചാറ്റുകൾ നശിപ്പിച്ചെന്ന് റിപ്പോർട്ട്. 12 പെരുമായുള്ള ചാറ്റുകൾ വീണ്ടെടുക്കാനാവാത്ത നശിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുടെ ചാറ്റുമുണ്ടെന്നാണ് വിവരം.
കോടതി നിർദേശപ്രകാരം മൊബൈൽ ഫോണുകൾ കോടതിക്ക് കൈമാറും മുൻപാണ് 12 നമ്പറിലേക്കുള്ള ചാറ്റുകൾ നീക്കിയിരിക്കുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. സൈബർ വിദഗ്ധൻ സായ് ശങ്കറിനെതിരെ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ റസ്റ്റോറന്റിന്റെ ദുബായിലെ പങ്കാളി, ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിൽ സാമൂഹിക പ്രവർത്തകനായ തൃശൂർ സ്വദേശി, ദിലീപിന്റെ അളിയൻ സൂരജ് എന്നിവരുമായുള്ള ചാറ്റുകളും നശിപ്പിച്ചു എന്നാണ് വിവരം. സായ് ശങ്കറാണു ചാറ്റുകൾ നശിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കേസിൽ ആറാം പ്രതിയാണ് സായ് ശങ്കർ.
ചാറ്റുകൾ നീക്കിയതിൽ അന്വേഷണം വേണമെന്നും ചാറ്റുകൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
Also Read: കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ എംബിബിഎസ് അവസാനവർഷ പരീക്ഷ തുടരും