scorecardresearch
Latest News

വധഗൂഢാലോചനക്കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്

ദിലീപിന്റെ സഹോദരന്‍ ശിവകുമാറിനോട് (അനൂപ്) തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്

വധഗൂഢാലോചനക്കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള കുറ്റാരോപിതരെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും. ദിലീപിന്റെ സഹോദരന്‍ ശിവകുമാറിനോട് (അനൂപ്) തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്നലെ ഹാജരാകാനായിരുന്നു അന്വേഷണ സംഘം ശിവകുമാറിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തില്‍ വീട്ടിലെത്തി നോട്ടീസ് പതിപ്പിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൊബൈല്‍ ഫോണ്‍ പരിശോധനാഫലം ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.

അതേസമയം, തനിക്കെതിരായ വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ആരോപണങ്ങള്‍ക്കു തെളിവുകളില്ല.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചിരിക്കുകയാണ്. ഇരുവരും വ്യക്തിവിരോധം തീര്‍ക്കുകയാണെന്നുമാണ് ദിലീപിന്റെ ആരോപണം.

ഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള ആറ് കുറ്റാരോപിതര്‍ക്ക് ഹൈക്കോടതി ഫെബ്രുവരി ഏഴിനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് പി.ഗോപിനാഥ് ജാമ്യം അനുവദിച്ചത്. ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

Also Read: യുക്രൈനിലേക്കുള്ള വിമാനനിയന്ത്രണം കേന്ദ്രം നീക്കി; കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങിയേക്കും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Murder conspiracy case crime branch to question dileep again