കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കുറ്റാരോപിതന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു എന്നാണ് ലഭിക്കുന്ന വിവരം. നാദിര്‍ഷയ്ക്ക് പുറമെ ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും ചോദ്യം ചെയ്തിട്ടുണ്ട്.
കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള കുറ്റാരോപിതരെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും. ദിലീപിന്റെ സഹോദരന്‍ ശിവകുമാറിനോട് (അനൂപ്) തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. മൊബൈല്‍ ഫോണ്‍ പരിശോധനാഫലം ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.
അതേസമയം, തനിക്കെതിരായ വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ആരോപണങ്ങള്‍ക്കു തെളിവുകളില്ല.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചിരിക്കുകയാണ്. ഇരുവരും വ്യക്തിവിരോധം തീര്‍ക്കുകയാണെന്നുമാണ് ദിലീപിന്റെ ആരോപണം.
ഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള ആറ് കുറ്റാരോപിതര്‍ക്ക് ഹൈക്കോടതി ഫെബ്രുവരി ഏഴിനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് പി.ഗോപിനാഥ് ജാമ്യം അനുവദിച്ചത്. ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
Also Read: ‘കെ റെയില്‍ സ്വപ്ന പദ്ധതി’; കേന്ദ്രത്തിനെ രൂക്ഷമായി വിമര്‍ശിച്ച് നയപ്രഖ്യാപനം