കാസര്‍കോട്: ആറര വര്‍ഷം മുമ്പ് യുവാവിനെ കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മാനസികാസ്വാസ്ഥ്യമുളള മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സക്കീന (36), കാമുകന്‍ ബോവിക്കാനം മുളിയാര്‍ സ്വദേശി ഉമ്മര്‍ (41) എന്നിവരാണ് പിടിയിലായത്. 2012 ഓഗസ്റ്റിലാണ് മുഹമ്മദ് കുഞ്ഞിയെ കാണാതാവുന്നത്.

ചെറിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ അവസ്ഥ സക്കീനയെ മാനസികമായി അലട്ടിയിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. ഇടയ്ക്കിടെ ഉമ്മര്‍ സ്വത്ത് വില്‍പനയുടെ പേരില്‍ വീട്ടിലെ നിത്യ സന്ദര്‍ശകനായതോടെ സക്കീനയുമായി കൂടുതല്‍ അടുത്തു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി സക്കീന ഉമ്മറിന്റെ സഹായം തേടി. നിരവധി തവണ ചികിത്സയ്ക്കായി മംഗളുരുവിലെ ആശുപത്രിയിലേക്കും ഒപ്പം പോയിരുന്നു. ഇവരുടെ സൗഹൃദ് ബന്ധം അതിര് കടന്നു. ഇതിനിടയില്‍ മുഹമ്മദ് കുഞ്ഞിയുടെ ലക്ഷക്കണക്കിന് രൂപ വരുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ മുഹമ്മദ് കുഞ്ഞിയെ തറവാട് വീട്ടില്‍ നിന്നും അകറ്റാന്‍ ഉമ്മറും സക്കീനയും ചേര്‍ന്ന് തന്ത്രം മെനഞ്ഞു.

ഇതിനിടയിലാണ് ഇവര്‍ അടുക്കത്ത്ബയലിലെ ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറിയത്. ഇവിടെ വച്ച് മുഹമ്മദ് കുഞ്ഞിയുടെ സ്വത്തുക്കളുടെ രേഖകള്‍ എല്ലാം സക്കീനയുടെ പേരിലേക്ക് മാറ്റി. പിന്നീടാണ് താമസം ബേവിഞ്ച സ്റ്റാര്‍ നഗറിലേക്ക് മാറ്റുന്നത്. ഇവിടെ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം ചന്ദ്രഗിരി പുഴയില്‍ ഒഴുക്കുകയായിരുന്നു.
കൊലപാതകം പുറത്തറിയാതിരിക്കാന്‍ വീടുകള്‍ മാറിക്കൊണ്ടിരുന്നു.

ഇതിനിടെ പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ ഭര്‍ത്താവ് മരണപ്പെട്ടതായും തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തിയതായും പറഞ്ഞു. പോലീസ് ഈ വഴിക്ക് അന്വേഷണം നടത്തിയപ്പോള്‍ ഇവിടെ ഇങ്ങനെയൊരു ഖബറടക്കം നടന്നിട്ടില്ലെന്ന് പള്ളി ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികളിലേക്ക് അന്വേഷണം നീണ്ടത്. ഭര്‍ത്താവിന്റെ തിരോധാനത്തില്‍ ഒരു തവണ പോലും സക്കീന പരാതി നല്‍കാത്തതും പൊലീസിന് സംശയമുണ്ടാക്കിയിരുന്നു. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.