കൊച്ചി: ജിഷ വധക്കേസ്, ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസുകളിലെ വധശിക്ഷ ഹൈക്കോടി പുനഃപരിശോധിക്കും. ശിക്ഷ ലഘൂകരിക്കണമെന്ന പ്രതികളുടെ ആവശ്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ സ്ഥിരീകരിക്കുന്നതിന് ഹൈക്കോടതിയുടെ പരിഗണനക്കെത്തിയപ്പോഴാണ് ശിക്ഷ ലഘൂകരിക്കുന്നതിന് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ വാദം കൂടി കേട്ടശേഷമാണ് ജസ്റ്റിസുമാരായ അലക്സാണ്ടര്‍ തോമസും സി.ജയചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുന്നതിന് മിറ്റിഗേഷന്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവയും കോടതി പരിശോധിക്കും. ഇരുകേസുകളിലെയും കുറ്റവാളികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ വകുപ്പിന് കോടതി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും വധശിക്ഷയില്‍ കോടതി തീരുമാനമെടുക്കുക.
കേരളത്തില്‍ ആദ്യമായാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്. പ്രതികളുടെ മറ്റു പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. കുറ്റവാളികളുടെ അഭിഭാഷകര്‍ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.