തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് ജയിൽ ചാടിയത്. ജോലി ചെയ്യുന്നതിനായി സെല്ലിന് പുറത്തിറക്കിയപ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്. പൊലീസും ജയിൽവകുപ്പ് ഉദ്യോഗസ്ഥരും ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെയാണ് സംഭവം. അലക്കുജോലിക്കായി പോയിടത്തു നിന്നാണ് ജാഹിർ ഹുസൈൻ രക്ഷപ്പെട്ടത്. ഇയാൾ ഒരു ഷർട്ട് കയ്യിലെ കവറിൽ കരുതിയിരുന്നുവെന്നാണ് വിവരം. ബസിൽ കയറി കളിയിക്കാവിളയിലേക്ക് പോയെന്നാണ് പൊലീസ് കണ്ടെത്തൽ.
തിരുവനന്തപുരത്ത് നടന്ന ഒരു കൊലക്കേസിലെ പ്രതിയാണ് ഇയാൾ. 2017ൽ ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ച ഇയാൾ ഇതിനു മുൻപ് ഇത്തരം ശ്രമങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Also read: നിപ: ആശ്വാസമായി പരിശോധനാ ഫലം; രണ്ടു സാമ്പിളുകൾ കൂടി നെഗറ്റീവ്