തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി.ഒ.ടി.നസീറിനെതിരെ നടന്ന ആക്രണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘പൊലീസ് അന്വേഷണത്തില്‍ വീഴ്ചയില്ല. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി കഴിഞ്ഞു. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേൾപ്പിച്ചിരുന്നു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമിച്ച ആരുടേയും പേര് നസീര്‍ പറഞ്ഞിരുന്നില്ല. സിപിഎമ്മിന് നസീറിനോട് യാതൊരു പകയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ എ.എം.ഷംസീറാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന നസീറിന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥന് രേഖപ്പെടുത്തിയില്ലെന്ന് കെ.സി.ജോസഫ് ആരോപിച്ചു. എന്നാല്‍ അത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം എഴുന്നേറ്റ് നിന്ന് ബഹളം വച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം, അക്രമത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് എല്ലാ തവണയും മൊഴി നല്‍കിയിട്ടുണ്ടെന്ന് നസീര്‍ പ്രതികരിച്ചു.
തനിക്കു നേരെയുണ്ടായ ആക്രമണത്തില്‍ സിപിഎം തലശ്ശേരി, കൊളശ്ശേരി ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ പങ്കാളികളാണെന്നും, ആക്രമണത്തിനു പിന്നില്‍ തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീറാണെന്നും സി.ഒ.ടി.നസീര്‍ നേരത്തേ തന്നെ ആരോപിച്ചിരുന്നു. എ.എന്‍.ഷംസീറടക്കമുള്ളവരെ പേരെടുത്തു പരാമര്‍ശിച്ചിട്ടും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകാത്തതോടെയാണ് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന സംശയം ഉയരുന്നത്. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റിയില്‍ നിന്നുള്ള കുറച്ചു പേരെ അറസ്റ്റു ചെയ്ത്, ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഭരണതലത്തില്‍ നടക്കുന്നതെന്നാണ് ആരോപണം.
മേയ് 18-ാം തീയതി തലശേരിക്കടുത്തുവച്ച്, ബൈക്കിലെത്തിയ സംഘം നസീറിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നതും കുത്തിപ്പരുക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇരുമ്പു പൈപ്പ് ഉപയോഗിച്ച് അടിക്കുകയും, വീണു കിടക്കുന്ന നസീറിനു മേല്‍ ബൈക്കോടിച്ചു കയറ്റാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടന്നതിനു തൊട്ടടുത്തുള്ള കനക് റസിഡന്‍സിയില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ലഭിച്ചിരുന്നു.
എന്നാല്‍, മേയ് 18നു നടന്ന സംഭവത്തില്‍ ആദ്യത്തെ അറസ്റ്റുണ്ടാകുന്നത് മേയ് 25നാണ്. ആദ്യ ഘട്ടം മുതല്‍ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്ന് നസീറിന്റെ സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതിനിടെ, കേസ് നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പൊലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റമായിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ തലപ്പത്തുള്ള സിഐ വി.കെ.വിശ്വംഭരന്, എസ്ഐ ഹരീഷ് എന്നിവര്‍ക്കാണ് സ്ഥലംമാറ്റം.