കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. പരിക്കേറ്റ ബിന്ദുവിനെ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. വായ്ക്കുള്ളിൽ മുറിവും തലയ്ക്കു തരിപ്പും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിന്ദുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനമായത്.
കൊയിലാണ്ടിക്കടുത്ത പൊയിൽയിൽക്കാവ് ബസാറിലെ ടെക്സ്റ്റൈൽസ് ഷോപ്പ് അടച്ചു വീട്ടിലേക്കു നടന്നുപോകുകയായിരുന്ന ബിന്ദുവിനു നേരെ ഇന്നലെ രാത്രി ഒൻപതരയോടെയാണ് ആക്രമണം നടന്നത്. എതിർ ദിശയിൽ വന്ന ഓട്ടോ ബിന്ദുവിനെ ഇടിക്കുകയായിരുന്നു. ബിന്ദു മുഖമിടിച്ചാണ് നിലത്തുവീണത്.
സംഭവസമയത്ത് അടുത്തൊന്നും ആരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. പിന്നീട് ബിന്ദു കൊയിലാണ്ടി സിഐയെ വിളിച്ച് സഹായം തേടുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലായിരുന്നു ബിന്ദുവിനെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. സാമൂഹ്യപ്രവർത്തനത്തിനൊപ്പം അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ബിന്ദുവിനു പൊലീസ് സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ശക്തമായ ഇടിയിൽ ഓട്ടോയുടെ സൈഡ് മിറർ ഒടിഞ്ഞു താഴെ വീണു. ബിന്ദുവിന്റെ മൊഴി കൊയിലാണ്ടി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോയുടെ മിറർ മുഖത്തിടിച്ചാണ് വീണതെന്ന് ബിന്ദു പൊലീസിനോട് പറഞ്ഞു. പൊലീസ് വധശ്രമത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുപ്രീം കോടതി വിധിയെത്തുടർന്നു ശബരിമലയിൽ ദര്‍ശനം നടത്തിയ ആദ്യ യുവതികളിലൊരാളായ ബിന്ദുവിനു നേരെ ഇതിന് മുന്‍പും ആക്രമണം നടന്നിട്ടുണ്ട്. 2019 നവംബറിൽ എറണാകുളം പൊലീസ് കമ്മീഷണർ ഓഫീസ് വളപ്പിൽ വച്ച് മുളക് സ്പ്രേ ആക്രമണം നടന്നിരുന്നു. ശബരിമല ദർശനത്തിനുശേഷം നിരന്തരമായ സൈബർ അക്രമണങ്ങളും ബിന്ദു നേരിട്ടു കൊണ്ടിരിക്കുകയാണ്.
Also Read: ആലപ്പുഴയില്‍ സംഘര്‍ഷം; ബിജെപി നേതാവ് കൊല്ലപ്പെട്ടു; ജില്ലയില്‍ നിരോധനാജ്ഞ