തിരുവനന്തപുരം: പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അങ്കമാലി നായത്തോട് വീരംപറമ്പില്‍ രാജീവിന്റെ കൊലപാതകം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംസ്ഥാന പൊലീസിന്റെ കുറ്റകരമായ അനാസ്ഥ കാരണമാണ് രാജീവിന്റെ കൊലപാതകമുണ്ടായത്. തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ട രാജീവ്  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അഭിഭാഷകനായ സി.പി.ഉദയഭാനുവിനെതിരെയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ടായിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് രാജീവ് അങ്കമാലി പൊലീസിൽ മാത്രമല്ല മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും പൊലീസ് മതിയായ സംരക്ഷണം നല്‍കാത്തതിനാലാണ് രാജീവിന്റെ കൊലപാതകമുണ്ടായത്. കൊലപാതകികള്‍ക്ക് ഉന്നതതല സ്വാധീനം ഉള്ളതിനാലും, സംസ്ഥാന പൊലീസിനെതിരെ ഗുരുതരമായ ആരോപണം നിലനില്‍ക്കുന്നതിനാലും കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷനേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കേസിലെ മുഖ്യപ്രതി അങ്കമാലി സ്വദേശി ചക്കര ജോണി രാജ്യം വിട്ടെന്നാണ് സൂചന. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. ജോണിക്ക് മൂന്ന് രാജ്യങ്ങളില്‍ പോകാനുള്ള വിസ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ, യുഎഇ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വിസയാണ് ഇയാളുടെ കൈവശമുള്ളത്.

കൊല നടത്തിയെന്ന് സംശയിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ നാലുപേര്‍ പിടിയിലായിട്ടുണ്ട്. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മുഖംമറച്ചാണ് പ്രതികളെ ഡിവൈഎസ്പി ഓഫിസില്‍ എത്തിച്ചത്.

പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലയ്ക്കു പിന്നിലെന്നും കേസ് പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷിക്കുമെന്നും എസ്.പി അറിയിച്ചു. സംഘത്തില്‍ ഫൊറന്‍സിക് വിദഗ്ധരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ