scorecardresearch
Latest News

‘കേരളത്തിൽ പത്തിലേറെ പേർ മരിക്കുന്ന ഹൗസ് ബോട്ട് ദുരന്തം വൈകില്ല’; മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ചര്‍‍ച്ചയാകുന്നു

ബോട്ട് യാത്രയിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാണിച്ചുള്ള ദുരന്ത നിവാരണ വിദഗ്ദനായ മുരളി തുമ്മാരകുടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന് കൃത്യം ഒരു മാസത്തിന് ശേഷമാണ് താനൂരില്‍ അപകടമുണ്ടായത്

Thanur Boat Accident
Photo: Facebook/ Muralee Thummarukudy

കൊച്ചി: താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം മുന്‍പ് ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കില്‍ നടത്തിയ പ്രവചനം ചര്‍ച്ചയാകുന്നു. വിനോദസഞ്ചാര മേഖലയിലെ ബോട്ട് യാത്രകള്‍ അവലോകനം ചെയ്ത് അപകടസാധ്യതകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു മുരളിയുടെ കുറിപ്പ്.

എന്നാണ് കേരളത്തിൽ വലിയ ഒരു ഹൗസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നത് എന്ന ചോദ്യത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. സംസ്ഥാനത്ത് പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ലെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. പിന്നീട് ഹൗസ് ബോട്ട് മേഖലയിലെ സുരക്ഷാ വീഴ്ചകളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

പത്തു പേർ മരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് അധികാരികളുടെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നുമില്ല. എന്നാൽ അതുണ്ടാകും. ലൈസൻസ് ഇല്ലാത്ത ബോട്ടുകൾ അനവധി ഉണ്ടെന്നും പരിശീലനം ഇല്ലാത്ത ഡ്രൈവർമാർ ഉണ്ടായിരുന്നെന്നും കണ്ടെത്തും. ആവശ്യത്തിന് വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നു എന്നും കണ്ടെത്തുമെന്നും കുറിപ്പില്‍ പറയുന്നു.

അപകടം നടന്നാല്‍ ഹൗസ് ബോട്ട് യാത്രകളോട് ആളുകള്‍ക്ക് താല്‍പ്പര്യക്കുറവ് ഉണ്ടാകുമെന്നും മുരളി കുറിച്ചു. അവസരം നോക്കി ശ്രീലങ്കയോ ഐവറി കോസ്റ്റോ ഹൗസ് ബോട്ട് ടൂറിസത്തിൽ മേൽക്കൈ നേടും. ഇപ്പോൾ ടൂറിസം ബോട്ട് ഉടമകളും സർക്കാർ സംവിധാനവും ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ രംഗത്ത് കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരാൻ സാധിക്കില്ലേയെന്നും മുരളി ചോദിക്കുന്നു.

മുരളിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന് കൃത്യം ഒരുമാസം പിന്നിടുമ്പോഴാണ് താനൂരില്‍ അപകടമുണ്ടാകുന്നത്. കുറിപ്പില്‍ പറയുന്നത് പോലെ സുരക്ഷാമാനദണ്ഡങ്ങളും നിര്‍ദേശങ്ങളുമൊന്നും പാലിക്കാതെയായിരുന്നു താനൂരിലെ ബോട്ട് യാത്ര നടന്നതും.

അപകടത്തില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നിട്ടുണ്ട്. മരിച്ചവരില്‍ ഏഴ് കുട്ടികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റ 10 പേര്‍ ചികിത്സയിലാണ്, ഇതില്‍ ഏഴ് പേരുടെ നില അതീവഗുരുതരമായി തുടരുന്നു.

ബോട്ടുടമയായ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. വിദോസഞ്ചാരത്തിനു വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Muralee thummarukudy prediction on boat accident goes viral