തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനകത്ത് സിപിഐ-സിപിഎം തർക്കം. റവന്യു മന്ത്രിയും സിപിഐ നേതാവുമായ ഇ.ചന്ദ്രശേഖരന്റെ നിർദ്ദേശം തളളി മൂന്നാർ വിഷയത്തിൽ ഉന്നത തല യോഗം വിളിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതോടെ റവന്യു വകുപ്പ് സെക്രട്ടറി പി.എച്ച്.കുര്യൻ ഈ വിഷയത്തിൽ ഉന്നത തല യോഗം വിളിച്ചു.

ജൂലൈ ഒന്നിനാണ് മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം യോഗം വിളിച്ചിരിക്കുന്നത്. ഇതോടെ സർക്കാർ തന്നെ രണ്ട് തട്ടിലായി. സിപിഐ നിയന്ത്രണത്തിലുള്ള വകുപ്പിലേക്കാണ് മുഖ്യമന്ത്രി കൈ കടത്തിയിരിക്കുന്നത്. യോഗം വിളിക്കരുതെന്ന റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ കത്ത് മുഖ്യമന്ത്രി പാടേ അവഗണിച്ചു. ഇതോടെ വകുപ്പിന് മുകളിലെ മന്ത്രിയുടെ അധികാരം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഇടുക്കി ജില്ല കളക്ടറെയും വിളിച്ച യോഗത്തിൽ നിന്ന് സിപിഐ വിട്ടു നിൽക്കും. റവന്യു വകുപ്പ് മന്ത്രി തന്നെ യോഗത്തിൽ പങ്കെടുക്കില്ലെന്നിരിക്കെ യോഗം സർക്കാരിനകത്ത് കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കും.

മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലിൽ ഉന്നതതല യോഗം വിളിക്കുന്നതിനെതിരെ സി.പി.ഐ നേരത്തേ തന്നെ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. കൈയേറ്റക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കുന്നത്. ഇത്തരത്തിൽ യോഗം വിളിക്കരുതെന്ന് മുഖ്യമന്ത്രിയോട് രേഖാമൂലം തന്നെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു. പാർട്ടി തീരുമാനപ്രകാരമാണ് റവന്യു മന്ത്രി രേഖാമൂലം മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ എന്ത് വില കൊടുത്തും ഒഴിപ്പിക്കണമെന്നാണ് റവന്യു മന്ത്രി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ കൈയ്യേറ്റക്കാരോടൊപ്പം നിൽക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച റവന്യു മന്ത്രി മൂന്നാറിൽ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നത് സർക്കാർ നയങ്ങളാണെന്നും പറഞ്ഞിരുന്നു. ഇതിന് പുറമേ യോഗം വിളിക്കുന്നതിന് പുറകിൽ നിയമപരമായ തടസങ്ങളുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.

മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള 22 സെന്റ് സ്ഥലത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നടപടി സ്വീകരിച്ചിരുന്നു. ഇതോടെയാണ് കൈയ്യേറ്റക്കാരൻ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. അതേസമയം പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ മൂന്നാറിലെ കൈയ്യേറ്റത്തെ ന്യായീകരിച്ചാണ് നിലപാട് സ്വീകരിച്ചത്.

ഇതേ തുടർന്ന് ഉന്നത തല യോഗം വിളിക്കണമെന്ന് പല ഭാഗങ്ങളിൽ നിന്നായി ആവശ്യമുയർന്നിരുന്നു. പരാതിക്കാരനും കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതൃത്വവും ഈ ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് ഉന്നതതല യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് കത്തു നല്കിയത്. എന്നാൽ പൊലീസ് സ്റ്റേഷന് സമീപത്തെ ഭൂമി കൈയ്യേറിയതാണെന്ന് റവന്യു വകുപ്പിന് വ്യക്തമായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നുമാണ് റവന്യു മന്ത്രി മറുപടി കത്തെഴുതിയത്. ഈ കത്തിലാണ് യോഗം വിളിക്കുന്നത് നിയമപരമായി തെറ്റാണെന്നും, യോഗം വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടത്. ഈ ഭൂമി കൈയ്യേറ്റം സംബന്ധിച്ച് ഹൈക്കോടതിയില്‍ വക്കാലത്തുണ്ടെന്നത് വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ