ടൂറിസത്തിന്റെ പേരില്‍ മൂന്നാര്‍ ലോകമെമ്പാടും അറിയപ്പെടുമ്പോഴും മനുഷ്യന്റെ കടന്നുകയറ്റം മൂലം അതിജീവനം നഷ്ടപ്പെട്ട ത് മൂന്നാറിലെ കാട്ടാനകൾക്കാണ്.  ആനയെ കണ്ടാൽ നോക്കി നിൽക്കും പക്ഷേ ആനയുടെ മുന്നിൽ പെട്ടാലോ. ആനയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുടെ അനുഭവങ്ങൾ പലതും കേട്ടിട്ടുണ്ട്. എന്നാൽ അത്തരം അനുഭവത്തിലൂടെ സ്വയം കടന്നുപോയാലോ.ആനയുടെ കാലിനടയിൽ കൂടി ഭയം മാറ്റാൻ നടത്തിച്ചാൽ മതിയെന്ന്  കുട്ടിക്കാലത്ത്  പറയുന്നത് പോലെയാണ്. നടന്നുപോകും പക്ഷേ, ഭയം അവിടെ തന്നയെുണ്ടാകും.

കാട്ടാന ശല്യത്തെക്കുറിച്ചു വാര്‍ത്തകള്‍ എഴുതുമ്പോഴും പത്രങ്ങളില്‍ വായിക്കുമ്പോഴും കാട്ടാനകളുടെ മുന്‍പില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപെടുകയെന്ന അനുഭവത്തിലൂടെകടന്നുപോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മന്ത്രി സഭാ ഉപസമിതിയുടെ കൊട്ടക്കമ്പൂര്‍ സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്യാനാണ് ഫൊട്ടോഗ്രാഫറായ വിന്‍സന്റ് പുളിക്കലിന്റെ കാറില്‍ മൂന്നാറിലേക്കു വച്ചുപിടിച്ചത്. മൂന്നാര്‍ യാത്രയെന്നു കേട്ടതോടെ സുഹൃത്തും ഫോട്ടോ ജേണലിസ്റ്റുമായ ജോമോന്‍ പമ്പാവാലിയും ഒപ്പം കൂടി. തിങ്കളാഴ്ച രാവിലെ തന്നെ സന്ദര്‍ശനം തുടങ്ങുമെന്നതിനാല്‍ ഞായറാഴ്ച രാത്രി മൂന്നാറിലെത്തി താമസിക്കാനായിരുന്നു പദ്ധതി. രാത്രി എട്ടരയോടെയാണ് കട്ടപ്പനയില്‍ നിന്ന് മൂന്നാറിന് പുറപ്പെട്ടത്. മൂന്നാറും കൊട്ടക്കമ്പൂരും റവന്യൂ വകുപ്പുമെല്ലാം സംസാരത്തില്‍ നിറഞ്ഞ യാത്രയില്‍ വഴിനീളെ കണ്ടതു കുറച്ചു വാഹനങ്ങള്‍ മാത്രം. ഇപ്പോഴത്തെ ടൂറിസം സീസൺ തുടങ്ങിയിട്ടില്ല. പരീക്ഷയും മറ്റുമുളളതുകാരണം സഞ്ചാരികളുടെ കുറവുളള സമയമായിരുന്നു.

നെടുങ്കണ്ടം പിന്നിട്ടാല്‍ പിന്നീടുള്ള യാത്ര ഏലം, തേയിലത്തോട്ടങ്ങളുടെ നടുക്കുകൂടിയാണ്. ജനവാസം നന്നേ കുറവായ പ്രദേശങ്ങള്‍. ആനകളുടെ സാന്നിധ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ആനയിറങ്കല്‍ മേഖലയിലുള്ള തേയിലത്തോട്ടത്തിലൂടെ കടന്നുപോകുമ്പോഴും ആനകളുടെ സാന്നിധ്യമൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. കാർ കഥപറച്ചിലുമായി മുന്നോട്ട്. രണ്ടുവളവു പിന്നിട്ട കാര്‍ പെട്ടെന്ന് നിർത്തിയ വിന്‍സെന്റ് വാക്കുകൾ പുറത്തു വന്നു, ആന. ആ വാക്കുകളിൽ ചെറിയൊരു പതർച്ച ഉണ്ടായിരുന്നോ അറിയില്ല.

എന്തായാലും  ആനയെന്ന് കേട്ടതോടെ ആവേശത്തോടെ നോക്കി. പക്ഷേ ആനക്കൂട്ടത്തെ കണ്ടതോടെ നെഞ്ചിടിപ്പ് കാൾലൂയിസിനോടും ഉസൈൻ ബോൾട്ടിനോടും മത്സരിക്കുന്ന വേഗത്തിൽ മിടിച്ചു . രണ്ടു കുട്ടിയാനകളും കൊമ്പനും പിടിയും ഉള്‍പ്പടെയുള്ള ആനക്കൂട്ടത്തെ തൊട്ടില്ലെന്ന മട്ടിലാണ് വാഹനം നിൽക്കുന്നത്.  അവയൊന്ന് തിരിഞ്ഞാൽ കാറിനെ തൊടാം.  റോഡു മുറിച്ചുകടന്നു തേയിലത്തോട്ടത്തിലൂടെ താഴേയ്ക്കിറങ്ങാനുള്ള ശ്രമത്തിലായിരുന്നു കാട്ടാനക്കൂട്ടംഅതുകൊണ്ടാകാം ഞങ്ങളെ ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു.  പുറത്ത് തണുപ്പ് അരിച്ചിറങ്ങുന്നതുപോലെ ഭയം ഞങ്ങളുടെ ഉളളിലേയ്ക്കും അരിച്ചിറങ്ങി തുടങ്ങിയിരുന്നു.  കാറിന്റെ വെളിച്ചംകണ്ടതോടെ പെട്ടെന്ന് ആനകളിലൊന്നു തലയുയര്‍ത്തി നോക്കി. ഉടന്‍ തന്നെ ആദ്യത്തെ ഞെട്ടലില്‍ നിന്നു മുക്തരായ ഞങ്ങള്‍ കാര്‍ പിന്നോട്ടെടുക്കാന്‍ തുടങ്ങി.  കുറേ ദൂരം പിന്നോട്ടടുത്തശേഷം ആനകള്‍ ഞങ്ങള്‍ക്കു നേരേ വരുന്നുണ്ടോയെന്ന ഭീതിയില്‍ വാഹനത്തിന്റെ ലൈറ്റ് ഓഫ് ചെയ്യാതെ തന്നെ റോഡില്‍.  കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്ന് ഒരു കാര്‍ വന്നു. ആനയുടെ കാര്യം പറഞ്ഞതോടെ ആ കാര്‍ അല്‍പ്പദൂരം മുന്നോട്ടു നീക്കി നിര്‍ത്തി. ഞങ്ങള്‍ ശല്യക്കാരല്ലായെന്നു മനസിലായതിനാലാവാം ആനക്കൂട്ടം ഇതിനിടെ റോഡു മുറിച്ചുകടന്നു താഴേയ്ക്കിറങ്ങാന്‍ തുടങ്ങിയിരുന്നു. മുന്നില്‍ നിന്ന കാര്‍ അല്‍പ്പം മുന്നോട്ടെടുത്തപ്പോഴേക്കും ഞങ്ങളും പിന്നാലെ പതുക്കെ നീങ്ങി.

ധൈര്യം സംഭരിച്ച് ആന പോയ വഴിയിലേയ്ക്ക് ഞങ്ങളൊന്ന് നോക്കി.  അവിടെ, തേയിലത്തോട്ടത്തിനുള്ളില്‍ അപ്പോഴും ആനയുടെ സാന്നിധ്യം. രണ്ട് കാറുകളും പതുക്കെ നിർത്തി. വീണ്ടും കുറച്ചു സമയം കൂടെ കാത്ത് കിടന്നു. ആന കൂട്ടം അവിടെ നിന്നും നീങ്ങിയെന്ന്  ഉറപ്പായപ്പോൾ  മുന്നില്‍ പോയ കാറിനൊപ്പം ഞങ്ങളും മൂന്നാറിലേക്കു പോയി. ഒരിടത്ത് ആനയുടെ മുന്നിൽ പെട്ടതുകൊണ്ട് പിന്നീടുളള യാത്രയില്‍ അതീവ കരുതലോടെയാണ് മുന്നോട്ടു പോയത്. സംഭാഷണങ്ങളുടെ ആവേശത്തേക്കാൾ റോഡിലേയ്ക്കും വശങ്ങളിലേയ്ക്കും കണ്ണ് കൂർപ്പിച്ചിരുന്നു എല്ലാവരും.

രണ്ട് ആനക്കുട്ടികളുമായി കാട്ടാനക്കൂട്ടം ആനയിറങ്കല്‍ ദേവികുളം മേഖലയിലൂടെ കറങ്ങുന്നുണ്ടെന്നും തങ്ങളെത്തിയാണ് തലേദിവസം ടൂറിസ്റ്റുകളെ മാറ്റി ആനകള്‍ക്ക് റോഡു മുറിച്ചുകടക്കാന്‍ വഴിയൊരുക്കിയതെന്നും ദേവികുളം റേഞ്ച് ഓഫീസര്‍ ഞായറാഴ്ച പറഞ്ഞിരുന്നു. അടുത്ത ദിവസം രാവിലെ തലേന്നത്തെ കാട്ടാന അനുഭവം മൂന്നാര്‍ സ്വദേശിയായും മാതൃഭൂമി ലേഖകനുമായ സാജു ആലയ്ക്കാപ്പള്ളിയുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ് ‘ കാട്ടാന ആക്രമണം എന്നത് നിങ്ങള്‍ വാര്‍ത്തകളില്‍ മാത്രം കണ്ടാണല്ലോ അറിയുന്നത്. ഇവിടെ ഇതു നിത്യസംഭവമാണ്. പലരും തലനാരിഴയ്ക്കാണ് രക്ഷപെടുന്നത്. ഒരിക്കല്‍ ഞാന്‍ സഞ്ചരിച്ച കാറിന്റെ ബോണറ്റില്‍ കാട്ടാന ഇടിച്ച സംഭവം വരെയുണ്ടായി. ഭാഗ്യത്തിനാണ് അന്നു രക്ഷപെട്ടത്.’

മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ ഒരുവർഷത്തിനിടയിൽ കാട്ടാന ആക്രമണത്തിൽ നാല് മനുഷ്യജീവൻ നഷ്ടമായി. ആറ് മാസത്തിനുളളിൽ മനുഷ്യരുടെ ഇടപെടലുകളിൽ എട്ട് കാട്ടാനകളുടെ ജീവനും നഷ്ടമായി.

മൂന്നാറിലെത്തിയ വനം മന്ത്രി കെ രാജുവുമായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനില്‍ ഭരദ്വാജുമായും കാട്ടാന ആക്രമണം പരിഹരിക്കാനുള്ള മൂന്നാര്‍ ഡിഎഫ്ഒയുടെ ശുപാര്‍ശകളെപ്പറ്റി അന്വേഷിച്ചപ്പോൾ  സര്‍ക്കാര്‍ ഈ വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കുമെന്ന് പറഞ്ഞു.

കാട്ടാനകളുടെ ആവാസ കേന്ദ്രമായിരുന്ന ആനയിറങ്കലിനു സമീപമുള്ള സിങ്കുകണ്ടത്തിനു സമീപമുള്ള 301 കോളനിയില്‍ ആന്റണി സര്‍ക്കാരിന്റെ കാലത്ത് 301 പട്ടികവര്‍ഗ കുടുംബങ്ങളെ കുടിയിരുത്തിയെങ്കിലും കാട്ടാന ശല്യം മൂലം ഭൂരിഭാഗവും സ്ഥലംവിട്ടു. ഇപ്പോള്‍ 13 കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. സിങ്കുകണ്ടം, 301 കോളനി പ്രദേശങ്ങളിലുള്ള ജനങ്ങളെ പുനരധിവസിപ്പിച്ച് ആനകളുടെ ആവാസ വ്യവസ്ഥ പുനസ്ഥാപിച്ചാല്‍ മാത്രമേ കാട്ടാന ശല്യം നിയന്ത്രിക്കാനാവുകയുള്ളുവെന്നായിരുന്നു കഴിഞ്ഞ ജൂണില്‍ മൂന്നാര്‍ ഡിഫ്ഒ ചീഫ് വൈല്‍ഡ്  ലൈഫ് വാര്‍ഡനു നല്‍കിയ ശുപാര്‍ശയില്‍ നിര്‍ദേശിച്ചത്.

2001ല്‍-അന്നത്തെ മൂന്നാര്‍ ഡിഎഫ്ഒ ആയിരുന്ന പ്രകൃതി ശ്രീവാസ്തവ നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചായിരുന്നു ആനകളുടെ വിഹാരകേന്ദ്രമായിരുന്ന ഭൂമി പതിച്ചു നല്‍കിയത്. അന്നു മുതലാണ് ആനകളും മനുഷ്യനും തമ്മില്‍ ഇവിടെ സംഘര്‍ഷം പതിവായതെന്നു വനപാലകര്‍ തന്നെ സമ്മതിക്കുന്നു. ആനത്താരകള്‍ പുനസ്ഥാപിക്കുകയും ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ കാട്ടാന ആക്രമണത്തിനു ശാശ്വത പരിഹാരം കാണാനാവൂ. അതുണ്ടാകുന്നതുവരെ ഇത്തരം സംഘര്‍ഷങ്ങളും മരണങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ