കോട്ടയം: മൂന്നാറിനു സമീപത്തു കഴിഞ്ഞ ദിവസം എസ്റ്റേറ്റ് മേഖലയില്‍ ഇറങ്ങി ഭീതി വിതച്ച കാട്ടാനയെ പിറ്റേന്നു ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മൂന്നാറിനു സമീപം ചെണ്ടുവരയിലാണ് 25 വയസോളം പ്രായമുള്ള ചില്ലിക്കൊമ്പന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കാട്ടാനയെ ഇന്നു രാവിലെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ചെണ്ടുവര ഫാക്ടറിയില്‍ നിന്നും നൂറു മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചതുപ്പിലാണ് ചൊവ്വാഴ്ച രാവിലെ ആനയുടെ ജഡം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ചെണ്ടുവര പ്രദേശത്തെത്തിയ കാട്ടാന വ്യാപക നാശം വിതച്ചിരുന്നു. കെഡിഎച്ച് പി ഫാക്ടറിക്കു സമീപത്തുള്ള വാഹനങ്ങള്‍ തകര്‍ത്ത ആന സമീപത്തെ സിഎസ്‌ഐ പള്ളിയിലും ആക്രമിച്ചു നാശമുണ്ടാക്കിയിരുന്നു.
ആനയെ നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണ്മാന്തി ഉപയോഗിച്ച് ഏറെ നേരം പണിപ്പെട്ട ശേഷമാണ് തുരത്തിയത്. എന്നാല്‍ തുരത്തുന്നതിനിടെ ആനയ്ക്ക് ജെസിബി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പരിക്കേറ്റെന്നും ഇതാണ് മരണ കാരണമെന്നും ആരോപണമുയര്‍ന്നതോടെ ആനയെ തുരത്താനുപയോഗിച്ച മണ്ണ്മാന്തി ഡ്രൈവറെയും വനവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതിനിടെ ആനയെ മണ്ണ് മാന്തി ഉപയോഗിച്ചു തുരത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ആനയെ ആക്രമിക്കുന്നതു വ്യക്തമാണെന്നു സൂചന ലഭിച്ചതോടെയാണ് വനംവകുപ്പ് നടപടിക്കൊരുങ്ങിയത്. ഇതിനിടെ ആന ചരിഞ്ഞതു മണ്ണ് മാന്തിഇടിച്ചു തന്നെയാണെന്നു പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്.
രണ്ടു തവണ മണ്ണ് മാന്തി ഇടിച്ചതു ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും വനം വകുപ്പ് ഉദ്യോഗസഥര്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ശ്വാസകോശത്തിന് ഏറ്റ പരിക്കും ആന്തരിക രക്തസ്രാവവുമാണ് ആന ചരിയാന്‍ കാരണമാക്കിയത്.
മണ്ണ് മാന്തി പോലുള്ള ഉപകരണങ്ങളുടെ ഇടിയേറ്റാല്‍ 50 മുതല്‍ 70 മീറ്ററില്‍ കൂടുതല്‍ ആന പോകില്ലെന്നും മണ്ണ് മാന്തി ഇടിച്ച സ്ഥലത്തു നിന്ന് 70 മീറ്ററിലാണ് ആനയുടെ ജഡം കണ്ടെത്തിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാണപ്പെടുന്ന പല ആനകളെയും ചില്ലിക്കൊമ്പന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
മൂന്നാറിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കാട്ടാന ആക്രമണം തടയുന്നതിന്റെ ഭാഗമായി ആനമല റിസര്‍വില്‍ നിന്നു കുങ്കി ആനകളെ എത്തിച്ചു കഴിഞ്ഞ ദിവസം മറയൂരിലും ചിന്നക്കനാലിലും കാട്ടാനകളെ വിരട്ടിയോടിച്ചു കാട്ടിലേക്കു കയറ്റിവിടാന്‍ തുടങ്ങിയിരുന്നു. ഈ ദൗത്യം തുടരുന്നതിനിടയിലാണ് ആന ജെസിബി ഇടിയേറ്റു ചരിയുന്നത്.