മൂന്നാർ: ശൈത്യകാലം മൂന്നാറിൽ നിന്നും മലയിറങ്ങാതെ നിൽക്കുന്നു. മഞ്ഞ് പെയ്യുന്ന മൂന്നാർ തണുപ്പിന്റെ പുതപ്പ് മൂടികിടക്കുന്നു. മൈനസ് നാല് ഡിഗ്രി വരെയായി തണുപ്പ്. സാധാരണ നവംബറില്‍ തുടങ്ങുന്ന അതിശൈത്യം ജനുവരി തീരുമ്പോഴേക്കും അവസാനിക്കാറായിരുന്നു പതിവെങ്കില്‍ ഈ വര്‍ഷം പതിവിനു വിപരീതമായി മൂന്നാറിലെങ്ങും അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും തുടരുകയാണ്. ഞായറാഴ്ച രാവിലെ മൂന്നാറിന്റെ സമീപപ്രദേശങ്ങളായ ചെണ്ടുവര. ചിറ്റുവര, ലക്ഷ്മി, ടോപ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മൈനസ് നാലു ഡിഗ്രിയാണ് താപനിലനില രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണിലാകട്ടെ മൈനസ് ഒരു ഡിഗ്രിയായിരുന്നു ഞായറാഴ്ചത്തെ താപനില.

snow2-1

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത തണുപ്പാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വിവിധ പ്രദേശങ്ങളില്‍ പൂജ്യം മുതല്‍ മൈനസ് രണ്ടുവരെയാണ് താപനില രേഖപ്പെടുത്തിയത്. കാലംതെറ്റി തുടരുന്ന ശൈത്യകാലം ആസ്വദിക്കാന്‍ നൂറുകണക്കിന് സഞ്ചാരികൾ ഇപ്പോഴും മൂന്നാറിലേക്കെത്തുന്നത്. നോട്ടു നിരോധനം മൂലം പ്രതിസന്ധിയിലായിരുന്ന മൂന്നാറിലെ ടൂറിസം മേഖലയ്ക്കും ശൈത്യകാലം തുടരുന്നത് പ്രതീക്ഷ പകരുന്നുണ്ട്. ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഭൂരിഭാഗം ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഇപ്പോൾ ആളുകളെത്തുന്നു.

snow3

അതേസമയം മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് വരയാടുകളുടെ പ്രജനന കാലമായതിനാല്‍ ഫെബ്രുവരി ഒന്നുമുതല്‍ ഏപ്രില്‍ ഒന്നുവരെ അടച്ചിരിക്കുകയാണ്. ഞായറാഴ്ച വനപാലകര്‍ പുതിയ പന്ത്രണ്ടോളം വരയാടിന്‍ കുഞ്ഞുങ്ങളെ രാജമലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെത്തിയിരുന്നു. സാധാരണയായി ജനുവരി ആദ്യവാരം മുതല്‍ തന്നെ വരയാടുകള്‍ പ്രസവിച്ചു തുടങ്ങുമെങ്കിലും ഈ വര്‍ഷം ജനുവരി അവസാനത്തോടെയാണ് പുതിയ കുഞ്ഞുങ്ങളെ കാണാനായതെന്നു വനപാലകര്‍ പറയുന്നു.

ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ പ്രവേശനം തടഞ്ഞതോടെ മൂന്നാര്‍ ടൗണിനു സമീപം കേരള വനംവികസന കോര്‍പ്പറേഷന്റെ ( കെ എഫ് ഡി സി)നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പൂന്തോട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കു ദൃശ്യമാണ്. വിവിധതരത്തിലുള്ള ആയിരക്കണക്കിനു പുഷ്പങ്ങള്‍ അണിനിരത്തിയിട്ടുള്ള ഇവിടം സന്ദര്‍ശിക്കാന്‍ ഒരാളില്‍ നിന്നു മുപ്പതു രൂപയാണ് ഈടാക്കുന്നത്.

സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും ഉത്തരേന്ത്യൻ സഞ്ചാരികളുമാണ് പൂന്തോട്ടം സന്ദര്‍ശിക്കാനെത്തുന്നവരില്‍ ഭൂരിഭാഗവും. പ്രതിദിനം രണ്ടായിരം മുതല്‍ മൂവായിരം വരെ സഞ്ചാരികള്‍ പൂന്തോട്ടം സന്ദര്‍ശിക്കാനെത്താറുണ്ടെന്നു കെഎഫ്ഡിസി ജീവനക്കാര്‍ പറയുന്നു.
അതേസമയം തണുപ്പിനൊപ്പം കനത്ത മഞ്ഞുവീഴ്ച തുടരുന്നത് തേയിലച്ചെടികള്‍ ഉള്‍പ്പടെയുള്ളവയുടെ ഇലകരിയാന്‍ കാരണമാകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ