കോട്ടയം: മൂന്നാറിലെ ജൈവ വൈവിധ്യം നിറഞ്ഞ പ്രദേശങ്ങളുടെ സംരക്ഷണവും പാരിസ്ഥിതിക സന്തുലവും ഉറപ്പാക്കാന്‍ റവന്യൂ വകുപ്പിന്റെ അധീനയിലുള്ള ഭൂമി വനം വകുപ്പിനെ ഏല്‍പ്പിക്കണമെന്നു ശുപാര്‍ശ. ഇടുക്കി ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുലിന്റെ നിര്‍ദേശ പ്രകാരം ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ തയാറാക്കി നല്‍കിയ റിപ്പോര്‍ട്ടിലാണ് മൂന്നാറിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ വനംവകുപ്പിന്റെ സഹായം തേടുന്നത്.

ചൊക്രമുടി, ഗ്യാപ് റോഡ്, ചിന്നക്കനാല്‍ എന്നിവടങ്ങളിലെ ജനവാസമില്ലാത്തതും ജനവാസ യോഗ്യമല്ലാത്തതുമായ ഭൂമിയാണ് വനംവകുപ്പിനെ ഏല്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് പദ്ധതിയിടുന്നത്. ദേവികുളത്തു നിന്നുള്ള സ്ഥലം മാറ്റ ഉത്തരവിന് ഏതാനും ദിവസം മുന്‍പാണ് ചൊക്രമുടിയിലെ 864 ഏക്കര്‍ പുറമ്പോക്കു ഭൂമിയും വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ഗ്യാപ്പ് റോഡില്‍ ഏറ്റെടുത്ത 250 ഏക്കര്‍ ഭൂമിയും ചിന്നക്കനാല്‍ വിലക്കിലെ 70 ഏക്കറും ഉള്‍പ്പടെ 1124 വനംവകുപ്പിനെ ഏല്‍പ്പിക്കണമെന്ന നിര്‍ദേശവുമായി ശ്രീറാം വെങ്കിട്ടരാമന്‍ ശുപാര്‍ശ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വനവല്‍ക്കരണ പദ്ധതിയില്‍ ഈ ഭൂമി കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ചൊക്രമുടിയിലുള്ള പുറമ്പോക്കു ഭൂമിയാകട്ടെ പാരിസ്ഥിതിക പ്രാധാന്യമുള്ളതും അപൂര്‍വ സസ്യങ്ങള്‍ നിറഞ്ഞ പ്രദേശവുമാണ്. വരയാടുകളുടെ ആവാസ കേന്ദ്രങ്ങളിലൊന്നായ ഇവിടെ നീലക്കുറിഞ്ഞിയുടെയും ആവാസ കേന്ദ്രമാണ്. ഇത്രത്തോളം പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്തേക്കുള്ള അനധികൃത ട്രക്കിംഗും താമസവും ഒഴിവാക്കുകയെന്നന്നതും വനംവകുപ്പിനെ ഏല്‍പ്പിക്കാനുള്ള ആലോചനയ്ക്കു പിന്നിലുണ്ട്. നിലവിലുള്ള പ്രദേശത്തിനു പുറമേ മൂന്നാറില്‍ റവന്യു വകുപ്പിന്റെ അധീനതയിലുള്ള മറ്റു ചില പ്രദേശങ്ങളും വനംവകുപ്പിനു കൈമാറാന്‍ ആലോചനയുണ്ടെന്നു റവന്യു വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

ഭൂമിയുടെ സംരക്ഷണം വനം വകുപ്പിനെ ഏല്‍പ്പിച്ചാല്‍ കൈയേറ്റം തടയാനാവുമെന്നതും പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കാനാവുമെന്നതുമാണ് വനംവകുപ്പിനെ പുതിയ ആലോചനകള്‍ക്കു പദ്ധതിയിടുന്നത്.’ സാധാരണ റവന്യൂ ഭൂമി കൈയേറിയാല്‍ കുറേക്കാലം കഴിയുമ്പോള്‍ കൈയേറ്റക്കാരനു പട്ടയം ലഭിക്കും. അതേസമയം വനഭൂമി കൈയേറിയാല്‍ ക്രിമിനല്‍ കേസാണ് അനുഭവിക്കേണ്ടി വരിക. അതുകൊണ്ടു തന്നെ മൂന്നാര്‍ പോലെ ഏറെ വിലയുള്ള സ്ഥലത്തെ ഭൂമി സംരക്ഷിക്കാന്‍ വനംവകുപ്പിനെ ഏല്‍പ്പിക്കുന്നതു തന്നെയാണ് ശാശ്വതമായി ഇത്തരം പ്രദേശങ്ങളിലേക്കുള്ള കൈയേറ്റം തടയാനുള്ള ഏക വഴി’ റവന്യു ഉദ്യോഗസ്ഥർ പറയുന്നു.

munnar gap road, munnar bio diversity,

മൂന്നാറിലെ ഗ്യാപ് റോഡിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ

അതേസമയം ഭൂമി കൈമാറണമെങ്കില്‍ ഈ ഭൂമികളുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലുള്ള കേസുകള്‍ തീര്‍പ്പായാല്‍ മാത്രമേ ഭൂമി വനംവകുപ്പിനു കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ റവന്യൂ വകുപ്പിനു കഴിയൂ. ചൊക്രമുടിയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ അധീനതയിലുണ്ടായിരുന്ന രണ്ടേക്കര്‍ സ്ഥലം അടുത്തിടെ റവന്യൂവകുപ്പിന് വിട്ടുനല്‍കിയിരുന്നു. ഇവിടെയുള്ള കെട്ടിടം വനംവകുപ്പിന് താല്‍ക്കാലികമായി ഉപയോഗിക്കാന്‍ റവന്യു വകുപ്പ് അനുമതി നല്‍കിയിരുന്നു. വിഎസ് സര്‍ക്കാരിന്റ കാലത്ത് മൂന്നാർ ഓപ്പറേഷൻ​കാലത്ത് അനധികൃതമായി കൈയേറിയ ഭൂമി ഏറ്റെടുത്തതിൽ​ഉൾപ്പെട്ടതാണ് ഗ്യാപ്പ് റോഡിലെ 250ഏക്കര്‍. ഇത്തരത്തില്‍ ഏറ്റെടുത്തതില്‍ ആറേക്കര്‍ സ്ഥലത്തിന് അവകാശ വാദം ഉന്നയിച്ച് മന്ത്രി എം എം മണിയുടെ സഹോദരൻ ലംബോധരന്റെ മകന്‍ ലിജീഷ് ലംബോധരന്‍ മൂന്നാര്‍ ട്രൈബ്യൂണലില്‍ പരാതി നല്‍കിയിട്ടുണ്ട്. ചിന്നക്കനാല്‍ വിലക്ക് പ്രദേശത്ത് ജിമ്മി സഖറിയ കൈയേറിയ ഭൂമി ഏറ്റെടുത്തതാണ് 70ഏക്കര്‍ സ്ഥലം. ജിമ്മി സഖറിയ തൊഴിലാളികളെ ഉപയോഗിച്ച് ഇത്തരത്തില്‍ 36ഏക്കര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചു കേസുകൊടുത്തിരുന്നു. ഇതില്‍ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതിലും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് റവന്യൂവകുപ്പിന്റെ പ്രതീക്ഷ.

ഇവിടെയുളള ഭൂമി സംബന്ധിച്ച കേസുകൾ തീര്‍പ്പായായ ശേഷം മാത്രമേ ഭൂമി വനം വകുപ്പിന് കൈമാറാനാകൂ. അതേസമയം ഈ വിഷയത്തില്‍ തങ്ങള്‍ ശുപാര്‍ശ സമര്‍പ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും ഭൂമി വിട്ടു നല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതു സര്‍ക്കാര്‍ തലത്തിലാണെന്നും റവന്യു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ