scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

നിരുത്തരവാദിത്ത ടൂറിസം: പ്ലം ജൂഡി റിസോർട്ടിനെതിരെ ടൂറിസം വകുപ്പ്

വിനോദസഞ്ചാരികൾ കുടുങ്ങിയ പ്ലം ജൂഡി റിസോർട്ട് വീണ്ടും തുറന്നത് കോടതി അനുമതി നൽകിയതിനെ തുടർന്നായിരുന്നു, ഇപ്പോഴത്തെ സംഭവവികാസങ്ങൾ കേരളത്തിലെ ടൂറിസം മേഖലയെ ബാധിക്കുമെന്നതിനാൽ കടുത്തനടപടിവേണമെന്ന് ടൂറിസം മേഖല

Plum Judy rescue operation

കൊച്ചി: വിദേശികള്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാരികള്‍ 52 മണിക്കൂറോളം അകപ്പെട്ട മൂന്നാറിനു സമീപമുള്ള പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ടിനെതിരേ ശക്തമായ നടപടികൾ​സ്വീകരിക്കാൻ ജില്ലാ ഭരണകൂടം. ഇവിടുത്തെ അപകട സാധ്യത നേരത്തെ ജിയോളജിക്കൽ വകുപ്പും റവന്യൂ വകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു. പാറ ഇടിഞ്ഞുവീണുണ്ടായ മുൻ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുവകുപ്പുകളും ഇത് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ അതിനെയെല്ലാം അവഗണിച്ചതാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് കാരണം. ഈ​ റിസോർട്ടിലെ സംഭവം കേരളത്തിലെ ടൂറിസം മേഖലയെ തന്നെ ബാധിക്കുമെന്ന ഭയത്തിലാണ് ടൂറിസം രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ. ഉത്തരവാദിത്ത ടൂറിസത്തിന് ലോകം മുഴുവൻ ശ്രദ്ധ നൽകുമ്പോൾ അതിഥികളായി എത്തുന്നവരുടെ സുരക്ഷ പോലും പരിഗണിക്കാത്ത സ്ഥിതിയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് അവർ പറയുന്നു.

plum judi resort munnar,
പ്ലംജൂഡി റിസോർട്ട്

ഉത്തരവാദിത്ത ടൂറിസം എന്നതിന് വിപുലമായ അർത്ഥമാണെന്നും അത്തരത്തിൽ കേരളം വളരെ മുന്നേറുമ്പോൾ ഇത്തരം നിരുത്തവരാദപരമായ സമീപനങ്ങൾ കനത്ത തിരിച്ചടിയാകുമെന്നും അവർ പറയുന്നു. ചികിത്സയ്ക്കായി എത്തിയ വിദേശ വനിതയുടെ മരണവും അതിന് ശേഷം നടന്ന രാഷ്ട്രീയ മുതലെടുപ്പ് നാടകങ്ങളും കേരളത്തിലെ വിനോദ സഞ്ചാരത്തിന് തിരിച്ചടിയാകുന്നതിന് പിന്നാലെയാണ് പ്ലം ജൂഡി റിസോർട്ടിലെ സംഭവം ലോകത്തിന് മുന്നിൽ കേരളത്തിലെ വിനോദ സഞ്ചാരമേഖലയുടെ നിരുത്തരവാദത്തിന്റെ ഉദാഹരണമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇത് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നും ടൂറിസം മേഖലയ്ക്ക് ദോഷകരമാകുമെന്നും ഈ രംഗത്തുളളവർ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ നിരുത്തരവാദപരമായി പെരുമാറുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത നടപടി വേണമെന്ന ആവശ്യം ടൂറിസം മേഖലയിൽ നിന്നും തന്നെ ഉയർന്നു കഴിഞ്ഞു. ടൂറിസം മന്ത്രി കടകം പളളി സുരേന്ദ്രൻ ഉൾപ്പടെയുളളവർ ഈ അഭിപ്രായത്തെ അനുകൂലിക്കുന്നവരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കഴിഞ്ഞ ദിവസം റിസോര്‍ട്ടിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയതിനു പിന്നാലെ റിസോര്‍ട്ടിനെതിരായ നടപടി ശക്തമാക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. വ്യാഴാഴ്ച രാവിലെയാണ് റിസോര്‍ട്ടിന് സമീപമുള്ള മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടലും പാറവീഴ്ചയുമുണ്ടായത്. മലയില്‍ നിന്നുള്ള കൂറ്റന്‍പാറകളും മണ്ണും റോഡിലേക്കു പതിച്ചതിനെത്തുടര്‍ന്ന് 22 വിദേശികളുള്‍പ്പടെയുള്ള 57 വിനോദ സഞ്ചാരികള്‍ റിസോര്‍ട്ടിനുള്ളില്‍ കുടുങ്ങിയിരുന്നു.

rescue operation in plundudi resort in munnar
കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ ഒറ്റപ്പെട്ടുപോയ പ്ലംജൂഡി റിസോർട്ടിലെ വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുളള പ്രവർത്തനം

വിനോദ സഞ്ചാരികൾ രക്ഷപ്പെടുന്നതിനായി റിസോര്‍ട്ട് ഉടമകളോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ഒരു സഞ്ചാരി പുറത്തുവിട്ട വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. റഷ്യ, അമേരിക്ക, സിംഗപ്പൂര്‍, ഒമാന്‍, മലേഷ്യ, സൗദി അറേബ്യ എന്നീ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും മലയാളികളും ഉത്തരേന്ത്യക്കാരും കുടുങ്ങിയ സഞ്ചാരികളില്‍ ഉണ്ടായിരുന്നു. സർക്കാർ സംവിധാനങ്ങളുടെ ഇടപെടലിലൂടെയാണ് ഇവരെ രക്ഷപ്പെടുത്താനായത്. സൈന്യത്തിന്റെ സഹായത്തോടെ സമാന്തര പാതയുണ്ടാക്കിയാണ് വിനോദ സഞ്ചാരികളെയും സഞ്ചാരികളുമായെത്തിയ 17 വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും രക്ഷപെടുത്തിയത്.

അതേസമയം എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചതിന്റെ ഫലമാണ് പ്ലം ജൂഡി റിസോര്‍ട്ടിലുണ്ടായ അപകടമെന്ന് റവന്യൂ അധികൃതര്‍ പറയുന്നു. നിലവില്‍ റിസോര്‍ട്ടിനു സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്നും റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന പ്രദേശം കടുത്ത അപകട ഭീഷണി നേരിടുന്ന സ്ഥലമാണെന്നും ദേവികുളം തഹസീല്‍ദാര്‍ പി കെ ഷാജി പറയുന്നു. പ്രദേശത്ത് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പാറകള്‍ വീഴാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്നും തഹസീല്‍ദാര്‍ പറയുന്നു. അതേസമയം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അവഗണിച്ച ശേഷം മറ്റൊരു ഏജന്‍സിയെക്കൊണ്ടു നടത്തിയ പഠനത്തിന്റെ ബാക്കി പത്രമാണ് പുതിയ ദുരന്തമെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13-ന് പ്ലം ജൂഡി റിസോര്‍ട്ടിനു മുകളിലേക്ക് കല്ലുവീണ് സഞ്ചാരികളുമായെത്തിയ വാഹനങ്ങളും റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഏരിയായും തകര്‍ന്നിരുന്നു. പിന്നീട് ഓഗസ്റ്റ് എട്ടിനും റിസോര്‍ട്ടിലേക്കു പോകുന്ന വഴിയിലേക്കു കല്ലുകള്‍ അടര്‍ന്നു വീഴുകയായിരുന്നു.തുടര്‍ന്ന് ഓഗസ്റ്റ് എട്ടിന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന ജി ആര്‍ ഗോകുല്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിന് ശേഷം ഈ മേഖലയെ കുറിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പഠനം നടത്തുകയും ഭാവിയില്‍ വന്‍തോതിലുളള പാറ വീഴ്ചകള്‍ക്കു സാധ്യതയുള്ള പ്രദേശമാണെ് ഇവിടം എന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

rescue operation in heavy rain havoc in munnar plum judi resort
മൂന്നാറിലെ പ്ലം ജൂഡി റിസോർട്ടിലെ രക്ഷപ്രവർത്തനം

റിസോര്‍ട്ട് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല വിധി ലഭിച്ചില്ല. തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നുള്ള സൂരത്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ടിലെ വിദഗ്ധരെ എത്തിച്ചു പഠനം നടത്തിയ റിപ്പോര്‍ട്ട് റിസോര്‍ട്ട് ഉടമ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ​ കോടതി നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ കഴിഞ്ഞ നവംബറില്‍ റിസോര്‍ട്ടിന് പ്രവര്‍ത്തനാനുമതി നൽകി.

കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തതോടെ പ്രദശത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടാവുകയായിരുന്നു.ഇതേ തുടർന്നാണ് ഇവിടെയെത്തിയ വിനോദസഞ്ചാരികൾ അപകടത്തിലായത്തിത്.

മാസങ്ങൾക്ക് മുമ്പ്  സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട റിസോര്‍ട്ടിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങിയതെന്നും ദുരന്ത സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നടപടിയെടുത്തപ്പോള്‍ കോടതിയെ സമീപിച്ച് ഉടമ അനുകൂല ഉത്തരവ് നേടുകയായിരുന്നുവെന്നും ഇത്തരക്കാരാണ് വിനോദ സഞ്ചാരമേഖലയ്ക്ക് ശാപമാകുന്നതെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

rescue operation in plum judi resort in munnar
പ്ലംജൂഡി റിസോർട്ടിലെ രക്ഷാപ്രവർത്തനം

കാലവര്‍ഷക്കാലത്ത് മണ്ണിടിച്ചില്‍ പതിവാണെന്നും അതിന്റെ പേരില്‍ റിസോര്‍ട്ട് പൂട്ടേണ്ടതില്ലെന്നുമാണ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞത്. മണ്ണിടിച്ചിലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദേശികള്‍ കുടുങ്ങിയത് ലോകശ്രദ്ധ ആകര്‍ഷിച്ചതിനാല്‍ റിസോര്‍ട്ടിനെതിരേ ശക്തമായ നടപടികൾ വേണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. ഇപ്പോഴെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കിൽ​ കേരളത്തിലെ ടൂറിസം മേഖലയിലെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്ക ലോകത്ത് വ്യാപിക്കാനിടയാകുമെന്നും അത് കേരളത്തിന്റെ ഏറ്റവും പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ടൂറിസം മേഖലയെ ബാധിക്കുമെന്നും ടൂറിസം രംഗത്തുളളവർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നാണ് അവരുടെ വാദം. സർക്കാരും ഈ വാദത്തിനെ പിന്തുണച്ച് നടപടി ശക്തമാക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Munnar tourism takes a hit after rain and landslides plum judy resort