മൂന്നാർ: ദക്ഷിണേന്ത്യയുടെ കാശ്മീർ എന്നാണ് വിളിപ്പേരെങ്കിലും മഞ്ഞുവീഴ്ച വളരെ വിരളമാണ് മൂന്നാറിന്റെ കാലാവസ്ഥയിൽ. എന്നാൽ ഇത്തവണ ഫെബ്രുവരിയിലും താപനില മൈനസിലെത്തി. സാധാരണ ഗതിയിൽ ഡിസംബർ, ജനുവരി മാസത്തോടെ അവസാനിക്കുന്ന ശൈത്യകാലം ഫെബ്രുവരിയാകുമ്പോഴേക്കും വെയിലിന് വഴിമാറാറുള്ളതാണ്. ഇത്തവണ പതിവ് തെറ്റിച്ച് ഫെബ്രുവരിയിലും കഠിനമായ തണുപ്പാണ് മൂന്നാറിൽ അനുഭവപ്പെടുന്നത്.
സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറിൽ ഇന്ന് രേഖപ്പെടുത്തിയത്. ലക്ഷ്മി എസ്റ്റേറ്റിലാണ് താപനില മൈനസ് രണ്ടിലെത്തിയത്. വട്ടവടയിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. പാമ്പാടുംചോലയിലും താപനില മൈനസ് ഒന്നിലെത്തിയിരുന്നു. വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം, ചിലന്തിയാർ, കടവരി മേഖലകളിലും ശക്തമായ തണുപ്പാണ് ഒരാഴ്ചയായി അനുഭവപ്പെടുന്നത്. മറ്റ് പല പ്രദേശങ്ങളിലും മൈനസ് ഒന്ന് രേഖപ്പെടുത്തി.

“സാധാരണ ഈ സമയത്ത് ഇത്തരത്തിലൊരു കാലാവസ്ഥയല്ല മൂന്നാറിലേത്. നവംബറിൽ ആരംഭിച്ച് ജനുവരിയോടെ തണുപ്പ് മാറി തെളിഞ്ഞ കാലാവസ്ഥയാണ് കാണേണ്ടത്. 2020ൽ നവംബർ, ഡിസംബർ മാസങ്ങളിൽ അത്തരത്തിൽ കാര്യമായ തണുപ്പുണ്ടായിരുന്നില്ല. അതാണ് ഇപ്പോൾ വന്നിരിക്കുന്നത്, ഇതൊരു കാലാവസ്ഥ വ്യതിയാനമായിരിക്കണം,” മൂന്നാറിൽ ഹോട്ടൽ നടത്തുന്ന ജോൺസൺ പയസ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
സൈലന്റ് വാലി -1, ചെണ്ടുവരായി -1, മൂന്നാർ UPASI -1, ലക്ഷ്മി എസ്റ്റേറ്റ് -2, സെവൻമലൈ-0, മാട്ടുപെട്ടി-0, നല്ലുതണ്ണി -1 എന്നിങ്ങനെയാണ് മൂന്നാറിലെ വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. ജനുവരിയിലും ചില ദിവസങ്ങളിൽ താപനില മൈനസിലേക്ക് വീണിരുന്നു.
മൂന്നാറിലെ കാലാവസ്ഥ കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി പ്രവചനാതീതമാണെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.
“ഈ പ്രദേശങ്ങളിലെ താപനിലയെല്ലാം ക്രമരഹിതമായി കഴിഞ്ഞു. കാലാവസ്ഥയും പ്രവചനാതീതമാണ്. അതിന്റെ ഘടനയിലും മാറ്റം വ്യക്തമാണ്. നേരത്തെയും ഘടനയിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും, ഇങ്ങനെ കൂടെക്കൂടെ മാറിയിരുന്നില്ല,” കെഎഫ്ആർഐയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ടി.വി. സജീവ് പറഞ്ഞു.
മഴ കാരണം മൂന്നാറിൽ ശൈത്യകാലം മൂന്ന് ആഴ്ച വൈകിയാണ് എത്തിയത്. ജനുവരി ആദ്യ വാരത്തിൽ താപനില കുറഞ്ഞെങ്കിലും പിന്നീട് കൂടി. എന്നാൽ ഫെബ്രുവരി രണ്ടാം ആഴ്ചയായപ്പോൾ താപനില വളരെ താഴ്ന്നു.

“2019ലാണ് ഇടുക്കിയിൽ, പ്രത്യേകിച്ച് മൂന്നാറിൽ വലിയ രീതിയിൽ തണുപ്പ് അനുഭവപ്പെട്ടത്. ശീതക്കാറ്റ് വരെ അവിടെ റിപ്പോർട്ട് ചെയ്തു. താപനില മൈനസ് 4ലേക്ക് വരെ പോയി. കശ്മീർ, കുളു, മണാലി എന്നിവിടങ്ങളിൽ കാണുന്ന മഞ്ഞുവീഴ്ചയും ആ സീസണിന്റെ പ്രത്യേകതയായിരുന്നു. കേരളത്തിന്റ കാലാവസ്ഥയിൽ ഇത് വളരെ വിരളമാണ്. ഇത്തരം മാറ്റങ്ങൾ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണ്,” കേരള കാര്ഷിക സര്വകലാശാല കാലാവസ്ഥ വ്യതിയാന കോളജിലെ സയന്റിഫിക് ഓഫീസറും കാലാവസ്ഥാ ഗവേഷകനായ ഗോപകുമാർ ചോലയിൽ പറഞ്ഞു.

ഹൈറേഞ്ചിൽ പ്രത്യേകിച്ച് ഇടുക്കിയിൽ ദിനാന്തരീക്ഷ താപനില ഉയരുകയും രാത്രിയിൽ കുറയുന്നതുമാണ് കണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രിയിലാണ് മൂന്നാറിൽ കഠിനമായ തണുപ്പ് അനുഭവപ്പെടുന്നത്. പകൽ സമയങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയാണ്. ദിനാന്തരീക്ഷ താപനിലയും കൂടുതലാണ്.

അതേസമയം, അതിശൈത്യം ഒരിക്കൽകൂടി മൂന്നാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകുമെന്നാണ് കരുതുന്നത്. 2019ൽ 2,47,392 പേരാണ് ജില്ലയിലെത്തിയതെങ്കിൽ ലോക്ക്ഡൗണിന് ശേഷം 2020 ഡിസംബർ 31 വരെ മാത്രം 1,41,396 വിനോദ സഞ്ചാരികൾ ജില്ല സന്ദർശിച്ചു. കൂടുതലും മൂന്നാറിലേക്ക് തന്നെ. കോവിഡിനു ശേഷം സംസ്ഥാനത്തുനിന്നുള്ള വിനോദസഞ്ചാരികളാണ് ഇത്തരം പ്രദേശങ്ങളിലേക്ക് എത്തുന്നത്.