താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയെത്തിയതോടെ മഞ്ഞിന്‍പട്ടണിഞ്ഞ് മൂന്നാര്‍. കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റില്‍ മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ താപനില.

സീസണിൽ ആദ്യമായാണു താപനില പൂജ്യത്തിനു താഴെയെത്തുന്നത്. ചെണ്ടുവര ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടില്‍ മഞ്ഞുവീഴ്ചയുണ്ടായി.

ദേവികുളം ഒഡികെയില്‍ പൂജ്യവും കുണ്ടള, ചിറ്റിവര, ലക്ഷ്മി, ദേവികുളം ലാക്കാട് എന്നിവിടങ്ങളില്‍ ഒന്നും മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.

ഇന്നു ചെണ്ടുവര എസ്‌റ്റേറ്റില്‍ രണ്ടു ഡിഗ്രിയും പോത്തമേട് വ്യൂപോയിന്റില്‍ നാലു ഡിഗ്രിയുമാണു താപനില രേഖപ്പെടുത്തിയത്. ഇന്നു രാവിലെ മൂന്നാര്‍ ടൗണിനോടു ചേര്‍ന്നുള്ള കെടിഡിസി ടീ കൗണ്ടി റിസോര്‍ട്ടിനു സമീപത്തായി മഞ്ഞുവീഴ്ചയുണ്ടായി. തേയിലത്തോട്ടങ്ങളിലും മഞ്ഞു വീഴ്ച അനുഭവപ്പെട്ടു.

അതിശൈത്യത്തില്‍ തണുത്തുറഞ്ഞ മൂന്നാറിലേക്കു സന്ദര്‍ശകരുടെയും ഒഴുക്കാണ്. ഉത്തരന്ത്യേന്‍ സഞ്ചാരികളാണ് ഏറെയും എത്തുന്നത്. മിക്ക റിസോര്‍ട്ടുകളിലും ബുക്കിങ് ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇത്, രണ്ടു വര്‍ഷത്തെ കോവിഡ് അടച്ചിടലിനു ശേഷം കഴിഞ്ഞസീസണില്‍ ഉയര്‍ത്തെഴുന്നേറ്റ മൂന്നാര്‍ പഴയ പ്രതാപത്തിലേക്കു വരുന്ന സാഹചര്യത്തിലേക്കാണു നീങ്ങുന്നത്.

ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് മൂന്നാറില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. കുണ്ടള, രാജമല, ഇരവികുളം, രാജമല, മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍, മാട്ടുപെട്ടി ഉള്‍പ്പെടെയുള്ള ഇടുക്കിയിയിലെ മറ്റു ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശകരുടെ തിരക്കുണ്ട്.

ഏതാനും വര്‍ഷങ്ങളായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള ഇടുക്കിയിലെ സ്ഥലങ്ങളില്‍ കാലാവസ്ഥ മാറ്റം അനുഭവപ്പെടുന്നുണ്ട്. ഡിസംബറില്‍ സ്വഭാവിക തണുപ്പ് അനുഭവപ്പെടാതെ ജനുവരി പകുതിയോടെ അതിശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുന്നതാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്.
