മൂന്നാര്‍: സന്ദര്‍ശകരുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ മൂന്നാര്‍ അതിശൈത്യത്തിന്റെ പിടിയില്‍. ചെണ്ടുവാര എസ്റ്റേറ്റില്‍ മൈനസ് ഒന്നു ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

ചെണ്ടുവാരയില്‍ മഞ്ഞുവീഴ്ചയുമുണ്ടായി. ഇതുമൂലം തേയിലച്ചെടികള്‍ നശിച്ചു. ദക്ഷിണേന്ത്യയുടെ കശ്മീരെന്നാണ് മൂന്നാര്‍ അറിയപ്പെടുന്നതെങ്കിലും ഇവിടെ മഞ്ഞുവീഴ്ച വളരെ വിരളമാണ്. എന്നാല്‍ കഴിഞ്ഞ ചില വര്‍ഷങ്ങളിലും മൂന്നാറില്‍ മഞ്ഞുവീഴ്ചയുണ്ടായിരുന്നു.

സാധാരണ ഗതിയില്‍ ഡിസംബര്‍, ജനുവരി മാസത്തോടെ അവസാനിക്കുന്ന മൂന്നാറിലെ ശൈത്യകാലം ഫെബ്രുവരിയാകുമ്പോഴേക്കും വെയിലിനു വഴിമാറാറുണ്ട്. ഇത്തവണ പതിവ് തെറ്റിച്ച് ഫെബ്രുവരിയിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്.

ശൈത്യകാലത്താണ് മൂന്നാറില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്താറുള്ളത്. എന്നാല്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തില്‍ സന്ദര്‍ശകരുടെ ഒഴുക്ക് നന്നേ കുറഞ്ഞിട്ടുണ്ട്.

മൂന്നാറിലെ താപനില ഡിസംബര്‍ 18ന് എട്ടു മുതല്‍ അഞ്ച് ഡിഗ്രി വരെയും 20ന് 5.5 ഡിഗ്രിയിലും എത്തിയിരുന്നു. മൂന്നാം തരംഗം ആരംഭിക്കുന്നതിനു മുന്‍പ്, ക്രിസ്മസ് അവധിക്കാലമായ ആ സമയത്ത് സന്ദര്‍ശകരുടെ തിരക്കുമുണ്ടായിരുന്നു. മൂന്നാറിനൊപ്പം, രാജമല, മാട്ടുപ്പെട്ടി, റോസ്ഗാര്‍ഡന്‍, ഇക്കോ പോയിന്റ്, ടോപ് സ്റ്റേഷന്, കുണ്ടള, തേക്കടി, വാഗമണ്‍, ഇടുക്കി ഡാം, കൊളുക്കുമല, മീശപ്പുലിമല, വട്ടവട, ചിന്നാർ എന്നിവിടങ്ങളിലും ക്രിസ്മസ്-പുതുവത്സരക്കാലത്ത് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

കോവിഡ് സാഹചര്യത്തില്‍ രണ്ടുവര്‍ഷമായി തളര്‍ന്ന ഇടുക്കിയിലെ ടൂറിസം മേഖല ഉണര്‍ന്നെണീറ്റ അവസരമായിരുന്നു അത്. ഹോട്ടല്‍, റിസോര്‍ട്ട് ഹോംസ്റ്റേ എന്നിവയില്‍ ബുക്കിങ് ഏറക്കുറെ പൂര്‍ണമായിരുന്നു. സംസ്ഥാനത്തിനകത്തുനിന്നുള്ള വിനോദസഞ്ചാരികളായിരുന്നു ഏറെയും എത്തിയത്. ഉത്തരേന്ത്യന്‍ ടൂറിസറ്റുകളുടെ പ്രവാഹമെന്ന പതിവ് രീതി ഇത്തവണ പൊതുവെ പ്രകടമായിരുന്നില്ല.