തിരുവനന്തപുരം: മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് മൂന്നാർ ട്രിബ്യൂണിലിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

നേരത്തെ തന്നെ ട്രിബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. ഏഴ് വർഷം മുമ്പ് ആരംഭിച്ച ട്രിബ്യൂണലിന്റെ പ്രവർത്തനമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരും സൗകര്യങ്ങളുമില്ലാതെയാണ് മൂന്നാർ ട്രിബ്യൂണൽ പ്രവർത്തിച്ചിരുന്നത് എന്ന പരാതി നേരത്തെ  ഉയർന്നിരുന്നു

വി. എസ് അച്യുതാനന്ദർ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ കൈയേറ്റങ്ങൾ അവസാനിപ്പിക്കന്നതിനും ഭൂമി സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുളള നടപടികൾ സ്വീകരിച്ചിരുന്നു. വിവാദമായ കൈയേറ്റമൊഴിപ്പിക്കൽ നടപടികളുടെ തുടർച്ചയായാണ്  ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്  മൂന്നാർ സ്പെഷ്യൽ ട്രിബ്യൂണൽ ആരംഭിക്കുന്നത്.

ട്രിബ്യൂണലില്‍ നിലവിലുളള കേസുകള്‍ കൈമാറ്റം ചെയ്യുന്നതും തീര്‍പ്പാക്കുന്നതും സംബന്ധിച്ച് വിശദമായ നടപടിക്രമം പിന്നീട് പുറപ്പെടുവിക്കും. 2011-ലാണ് മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ട്രിബ്യൂണല്‍ തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം കുറവാണെന്ന് വിലയിരുത്തിയാണ് ഇത് അവസാനിപ്പിക്കാൻ​ മന്ത്രിസഭായോഗം തീരുമാനിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.

ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ടു പ്രകാരം 42 കേസുകളാണ് ഇതുവരെ തീര്‍പ്പാക്കിയത്. ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്ന രീതിയിലല്ല ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിയമസഭയുടെ സബ്‌ജക്റ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ