തൊടുപുഴ: മൂന്നാറിലെ പളളിവാസല്‍ വില്ലേജില്‍ സ്ഥിതിചെയ്യുന്ന അപകട ഭീഷണിയുളള റിസോര്‍ട്ടുകളുടെ പട്ടിക തയാറാക്കാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയുണ്ടെന്നു കണ്ടെത്തിയ പളളിവാസല്‍ മേഖലയിലെ റിസോര്‍ട്ടുകളുടെ പട്ടിക തയാറാക്കാനാണ് ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ അഞ്ചിന് കളക്ടറുടെ നേതൃത്വത്തില്‍ ദുരന്ത ജില്ലാ ദുരന്ത നിവാരണ സമിതിയുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സമിതിയില്‍ നിന്നുള്ള വിദഗ്‌ധരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ മേഖലയിലെ മണ്ണിടിച്ചില്‍ ഭീഷണിയിലായ കെട്ടിടങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ചര്‍ച്ച ചെയ്യും. തുടര്‍ന്നു വിദഗ്ധ സംഘം മേഖലയില്‍ പരിശോധന നടത്താനുമാണ് ആലോചന.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പള്ളിവാസല്‍ രണ്ടാം മൈലില്‍ സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് ഗ്ലേഡ്, കാഷ്മീരം എന്നീ റിസോര്‍ട്ടുകളുടെ സംരക്ഷണ ഭിത്തി ഇടിയുകയും മറ്റൊരു റിസോര്‍ട്ടിലേയ്ക്കു സഞ്ചാരികളുമായെത്തിയ വാഹനം ഒലിച്ചു പോകുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്നു മൂന്നാര്‍ -നേര്യമംഗലം റൂട്ടില്‍ 12 മണിക്കൂറോളം ഗതാഗത തടസവും അനുഭവപ്പെട്ടിരുന്നു. അപകടത്തെ തുടര്‍ന്നു ജില്ലാ കളക്ടര്‍ തഹസീല്‍ദാരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു രണ്ടു റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പള്ളിവാസല്‍ മേഖലയിലെ റിസോര്‍ട്ടുകളുടെ സുരക്ഷ പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം തയാറെടുക്കുന്നത്. പള്ളിവാസല്‍ മേഖലയില്‍ കൂടുതല്‍ റിസോര്‍ട്ടുകള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നവയാണെന്നാണ് റവന്യൂ വകുപ്പിന്റെ അനുമാനം.
അതേ സമയം തുടര്‍ച്ചയായ പാറവീഴ്ച സംഭവിക്കുന്നതിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പളളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ട് ഹൈക്കോടതി ഉത്തരവു വന്നതിനു ശേഷവും അടച്ചുപൂട്ടാന്‍ ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞില്ല. പാറ വീഴ്ചയെത്തുടര്‍ന്നു ജില്ലാകളക്ടര്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോയ്‌ക്കെതിരേ റിസോര്‍ട്ട് ഉടമ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നു വെള്ളിയാഴ്ച ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സഞ്ചാരികളെ ഒഴിപ്പിച്ച ശേഷം റിസോര്‍ട്ട് പൂട്ടണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പൂജാ അവധിയെത്തുടര്‍ന്ന് റിസോര്‍ട്ടിലെ എല്ലാ മുറികളിലും സഞ്ചാരികളുണ്ടെന്ന വാദമുയര്‍ത്തി ഉടമ റിസോര്‍ട്ടു പൂട്ടുന്നതിനെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പൂട്ടല്‍ നടപടികള്‍ കലക്ടറുടെ നിര്‍ദേശപ്രകാരം ഒക്ടോബര്‍ മൂന്നുവരെ നീട്ടിവച്ചത്.
അതേ സമയം പ്ലം ജൂഡിയില്‍ മുന്‍കൂട്ടി മുറി ബുക്കു ചെയ്തവരോട് സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ താമസം ഒഴിവാക്കണമെന്ന് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദം മൂലമാണ് റിസോര്‍ട്ട് അടച്ചുപൂട്ടാത്തതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.