കൊച്ചി: നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന അഞ്ചുനാട് വില്ലേജിലെ മരം മുറിക്കാന്‍ റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ വനംവകുപ്പ് രംഗത്ത്. വനംവകുപ്പിന്റെ കത്തിനെത്തുടര്‍ന്ന് അഞ്ചുനാട് മേഖലയിലെ മരംമുറി തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ മൂന്നാര്‍ ഡിവൈഎസ്പിക്കു കത്തു നല്കി. ഫെബ്രുവരി 12-നാണ് നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന അഞ്ചുനാട് മേഖലയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഭേദഗതി വരുത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.വേണു വീണ്ടും ഉത്തരവിറക്കിയത്.
കേരള വനഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ടു പ്രകാരം മേഖലയില്‍ നിന്നു മരം മുറിച്ചു നീക്കുന്നത് വന്‍തോതിലുള്ള മണ്ണൊലിപ്പിനും മരം പിഴുതുമാറ്റാന്‍ ജെസിബികള്‍ എത്തിക്കുന്നത് വന്‍തോതിലുള്ള പരിസ്ഥിതി നാശത്തിനും ഇടയാക്കുമെന്നും അതിനാല്‍ മരങ്ങള്‍ പിഴുതു മാറ്റുന്നതിനു പകരം മുറിച്ചുനീക്കുകയാണ് വേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. മരം മുറി നിരോധനം പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണെന്നും ഇതുമൂലമാണ് മരം മുറിക്കാന്‍ അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ഇതിനു പിന്നാലെ ഫെബ്രുവരി 25-ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ആര്.ലക്ഷ്മി മരം മുറിച്ചു നീക്കാനുള്ള തീരുമാനത്തിനെതിരേ രംഗത്തെത്തി. അഞ്ചുനാട് വില്ലേജിലെ നിരവധി പ്രദേശങ്ങള്‍ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും നീലക്കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റില്‍മെന്റു നടപടികള്‍ക്കായി സ്പെഷ്യല്‍ ഓഫീസറെ നിയമിച്ച് രേഖ പരിശോധന ഉള്‍പ്പടെ പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ രേഖ പരിശോധന പുരോഗമിക്കുന്ന സാഹചര്യത്തില്‍ മരം മുറിക്കാന്‍ അനുമതി നല്‍കുന്നത് ഇത്തരം നടപടികളെ ദുര്‍ബലപ്പെടുത്തുമെന്നും അതുകൊണ്ടു തന്നെ സെറ്റില്‍മെന്റു നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ മരംമുറിക്കുന്നതു തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കത്തിനെത്തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍ രേണുരാജ് മരം മുറി തടയാന്‍ സാധ്യതയുണ്ടന്നും ഇതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി മൂന്നാര്‍ ഡിവൈഎസ്പിക്കു കത്തു നല്കി. മാര്‍ച്ച് നാലിന് വട്ടവടയ്ക്കു സമീപമുള്ള ചിലന്തിയാര്‍ ഭാഗത്ത് വന്‍തോതില്‍ മരംമുറിക്കാന്‍ പ്രദേശവാസികള്‍ പദ്ധതിയിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ സംരക്ഷിക്കാന്‍ ഫെബ്രുവരി 27 മുതല്‍ പട്രോളിങ് നടത്തണമെന്നും ആരെങ്കിലും മരം മുറിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. അതേസമയം സെറ്റില്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ മരം മുറിക്കാന്‍ അനുമതി നല്‍കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കം കൈയേറ്റക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.