തൊടുപുഴ: മനുഷ്യ-മൃഗ സംഘർഷം രൂക്ഷമായിരിക്കുന്ന മൂന്നാർ മേഖലയിൽ പുനരധിവാസത്തിലൂടെ പ്രശ്നപരിഹാരം നടത്താനുളള​ പദ്ധതി സർക്കാരിന്രെ പരിഗണനയിൽ. ആനത്താരകൾ നഷ്ടമാവുകയും ആനയുടെ ആവാസവ്യവസ്ഥയ്ക്ക് തകർച്ച നേരിടുകയും ചെയ്തതോടെയാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും മനുഷ്യ മൃഗ സംഘർഷം ശക്തമായിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ എട്ട് കാട്ടാനകളും നാല് മനുഷ്യജീവനുകളുമാണ് ഈ പ്രദേശത്ത് മനുഷ്യ മൃഗ സംഘർഷത്തെ തുടർന്ന് നഷ്ടമായത്. ആനകളും മനുഷ്യരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ മൂന്നാറില്‍ ഒടുവില്‍ ആനകള്‍ക്കു വഴിയൊരുക്കാനുള്ള വനം ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്കു ചെവികൊടുക്കാനൊരുങ്ങുകയാണ് സർക്കാർ.

നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനുമായി ബന്ധപ്പെട്ട സന്ദര്‍ശനത്തിനെത്തിയ വനം മന്ത്രി കെ രാജുവും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനില്‍ ഭരദ്വാജുമാണ് മൂന്നാറിനു സമീപമുള്ള ആനയിറങ്കല്‍ മേഖലയിലെ കാട്ടാന ശല്യം ശാശ്വതമായി പരിഹരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ വനംവകുപ്പു സന്നദ്ധമാണെന്ന സൂചന നല്‍കിയത്. കാട്ടാന ശല്യം മനുഷ്യ ജീവനു ഭീഷണി ഉയര്‍ത്തുന്ന ആനയിറങ്കലിനു സമീപമുള്ള സിങ്കുകണ്ടം, 301 കോളനി എന്നീ പ്രദേശങ്ങളിലെ ആളുകളെ പുനരധിവസിപ്പിച്ചാല്‍ മാത്രമേ കാട്ടാന ശല്യത്തിനു ശാശ്വത പരിഹാരം കാണാനാവുകയുള്ളുവെന്നു മൂന്നാര്‍ ഡിഎഫ്ഒ നരേന്ദ്ര ബാബു കഴിഞ്ഞ ജൂണില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ,കാട്ടാന ശല്യം രൂക്ഷമായ ആനയിറങ്കലിനു സമീപമുള്ള സിങ്കുകണ്ടം, 301 കോളനി എന്നിവിടങ്ങളിലുള്ള ആളുകളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മൂന്നാര്‍ ഡിഫ് ഒ യുടെ ശുപാര്‍ശ തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂലമായി തീരുമാനമെടുക്കുമെന്നും വനം മന്ത്രി കെ രാജു പറഞ്ഞു.

നിലവില്‍ വന്യ ജീവികളുടെ ആവാസ വ്യവസ്ഥയില്‍ നിന്നുള്ള ജനങ്ങളുടെ പുനരധിവാസം കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സാധാരണയായി 10 ലക്ഷം രൂപ വീതമാണ് ഇത്തരത്തില്‍ പുനരധിവസിപ്പിക്കുന്ന കുടുംബങ്ങള്‍ക്കു സ്ഥലം വാങ്ങി വീടുവച്ചു നല്‍കാനും സ്ഥലമുള്ളവര്‍ക്കു വീടുവച്ചുനല്‍കാനുമായി ഉപയോഗിക്കുന്നത്. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി ഇത്തരം പുനരധിവാസത്തിനു കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ഇപ്പോള്‍ ലഭിക്കുന്നില്ലായെന്നതാണ്. 45 കോടി രൂപ ഈ ഇനത്തില്‍ കേരളത്തിനു നിലവില്‍ കിട്ടാനുണ്ട്. കാട്ടാനകള്‍ക്കു കൂടുതല്‍ ആവാസവ്യവസ്ഥ ഒരുക്കാന്‍ മൂന്നാറിനു സമീപമുള്ള 500 ഹെക്ടര്‍ ഭൂമി എച്ച്എന്‍എലില്‍ നിന്നു തിരിച്ചെടുത്തു പുല്‍മേടുകളാക്കണമെന്നും ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എച്ച്എന്‍എലിനു നല്‍കിയിരിക്കുന്ന സ്ഥലത്തെ യൂക്കാലി വെട്ടി പുല്‍മേടുകളാക്കുകയെന്ന നിര്‍ദേശം നടപ്പിലാക്കാന്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നു പറഞ്ഞ മന്ത്രി രാജു എച്ച് എന്‍എല്‍ ഉള്‍പ്പടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പള്‍പ്പിനുള്ള തടിനല്‍കാമെന്നു സര്‍ക്കാര്‍ കേന്ദ്രവുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതാണ്. ഇതിനു മുന്‍സര്‍ക്കാരിന്റെ കാലത്ത് വര്‍ക്കിംഗ് പ്ലാനിന് അനുമതി കിട്ടിയിട്ടുമുള്ളതാണ്. എന്നാല്‍ ഇനി മുതല്‍ വനത്തിനുള്ളില്‍ യൂക്കാലി പോലുള്ള മരങ്ങള്‍ നടുന്നത് വനംവകുപ്പ് നിര്‍ത്തിയിട്ടുണ്ട്. പകരമായി ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. എന്നാല്‍ തൈ ആയിരിക്കുമ്പോള്‍ തന്നെ വന്യ മൃഗങ്ങള്‍ ഫലവൃക്ഷങ്ങളുടെ ചെടികള്‍ തിന്നു നശിപ്പിക്കുന്നതിനാല്‍ ഈ പദ്ധതി എത്രത്തോളം നടപ്പാകുമെന്ന് ആശങ്കയുണ്ട്.
അതേ സമയം കേന്ദ്ര സര്‍ക്കാര്‍ ഫണ്ടില്ലെങ്കിലും മറ്റു റിസ്‌ക് ഫണ്ടുകള്‍ ഉപയോഗിച്ച് പുനരധിവാസ പദ്ധതി നടപ്പിലാക്കാനാവുമെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് അനില്‍ ഭരദ്വാജ് പറഞ്ഞു. കാട്ടാനകളുടെ ആവാസ വ്യവസ്ഥ പുനസ്ഥാപിക്കാതെ നിലവിലുള്ള പ്രശ്‌നത്തിനു പരിഹാരം കാണാനാവില്ലെന്നു വനംവകുപ്പിനു മനസിലായിട്ടുണ്ടെന്നും അനില്‍ ഭരദ്വാജ് പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാലുപേരാണ് മൂന്നാര്‍, ആനയിറങ്കല്‍ മേഖലകളില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. നിരവധി പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ആറ് മാസത്തിനുളളിൽ എട്ട് കാട്ടാനകളാണ് മൂന്നാർപ്രദേശത്ത് നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ