മൂന്നാർ: ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ പെരിയവര പാലം വീണ്ടും താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചു ഗതാഗതത്തിന് തുറന്നുകൊടുത്തു. വ്യാഴാഴ്ച രാവിലെയാണ് പാലം വീണ്ടും ഗതാഗതത്തിനു തുറന്നുകൊടുത്തത്. 36 വമ്പന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ അടുക്കിയാണ് പാലത്തിന്റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയത്.
നവംബര്‍ 16-നാണ് ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പെരിയവര പാലം ഒലിച്ചു പോയത്. ഇതേത്തുടര്‍ന്ന് മൂന്നാര്‍-ഉദുമല്‍പേട്ട് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയായിരുന്നു. ഓഗസ്റ്റ് 15നുണ്ടായ പ്രളയത്തിലാണ് മൂന്നാര്‍-ഉദുമല്‍പേട്ട് പാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പെരിയവാര പാലം തകര്‍ന്നത്. തുടര്‍ന്ന് നീലക്കുറിഞ്ഞി പൂക്കാലം മുന്നില്‍ക്കണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ താല്‍ക്കാലിക പാലം നിര്‍മിച്ച് സെപ്റ്റംബര്‍ ഒമ്പതിന് ഗതാഗതത്തിനായി തുറന്നുകൊടുക്കുക യായിരുന്നു.
നവംബര്‍ 16ന് ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കന്നിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ താല്‍ക്കാലിക പാലം ഒഴുകിപ്പോവുകയായിരുന്നു. പെരിയവര പാലം തകര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞിരുന്നു. 2100 പേര്‍ ദിനംപ്രതി എത്തിയിരുന്ന സ്ഥാനത്ത് 500 പേര്‍മാത്രമാണ് ദിനംപ്രതിയെത്തിയത്.
അതേസമയം പാലം തുറന്നതും മൂന്നാറില്‍ തണുത്ത കാലാവസ്ഥ തുടരുന്നതും മൂന്നാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. മൂന്നാറില്‍ താപനില കഴിഞ്ഞദിവസം അഞ്ച് ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ചെണ്ടുവര, ചിറ്റുവര പോലുളള വിദൂര എസ്‌റ്റേറ്റ് പ്രദേശങ്ങളില്‍ താപനില മൂന്നു ഡിഗ്രിലേക്ക് താണതായും റിപ്പോർട്ടുണ്ട്. വരും ദിവസങ്ങളില്‍ താപനില വീണ്ടും താഴുന്നതോടെ മഞ്ഞുവീഴ്ചയുമുണ്ടാകും. സാധാരണ യായി ആയിരക്കണക്കിന് സഞ്ചാരികളാണ് ശൈത്യകാലത്ത് മൂന്നാറിലെ ത്താറുള്ളത്. പാലം താൽക്കാലികമായി പുനർനിർമ്മിച്ചതോടെ, വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.