മൂന്നാർ: സൂപ്പര്‍താരം രജനീകാന്തിന്റെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായ പടയപ്പ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിട്ട് രണ്ടു പതിറ്റാണ്ടായി. അക്കാലത്തെ രജനി ചിത്രത്തിന്റെ ഓർമ്മകളുണര്‍ത്തിയാണ് ഇക്കൊല്ലം പൊങ്കലിന് സ്‌റ്റൈല്‍മന്നന്റെ പേട്ടയെത്തിയത്. തമിഴകത്തിന്റെ താരദൈവവും മൂന്നാറിലെ കാട്ടുകൊമ്പനുമായി പടയപ്പയെന്ന പേരുകൊണ്ടല്ലാതെ ഒരു ബന്ധവുമില്ല. പക്ഷേ, ഇടയ്ക്കിടെ മൂന്നാറിന്റെ ബോക്‌സോഫീസില്‍ പ്രകമ്പനം കൊള്ളിക്കാന്‍ മറക്കാറില്ല മൂന്നാറിന്റെ ഈ ആനദൈവം.

മഞ്ഞുമൂടിയ മലനിരകളിലെ സഞ്ചാരികള്‍ക്കു കാഴ്ചവിരുന്നായി വീണ്ടുമെത്തിയിരിക്കുകയാണ് മൂന്നാറിന്റെ സ്വന്തം കാട്ടുകൊമ്പന്‍ പടയപ്പ. ഒരു ഇടവേളയ്ക്കു ശേഷം പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പടയപ്പയെന്നു വിളിക്കുന്ന കാട്ടാന മൂന്നാറിലും പരിസര പ്രദേശങ്ങളിലും തന്റെ നിരന്തര സാന്നിധ്യമറിയിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം മൂന്നാര്‍-മറയൂര്‍ റൂട്ടിലെ നയമക്കാടാണ് പടയപ്പ വീണ്ടും സാന്നിധ്യമറിയിച്ചത്. മെയിന്‍ റോഡരികിലുള്ള തേയിലത്തോട്ടത്തില്‍ പടയപ്പ എത്തിയെന്നറിഞ്ഞതോടെ വിനോദ സഞ്ചാരികളും പ്രദേശവാസികളും പടയപ്പയെ കാണാനും ചിത്രം പകര്‍ത്താനുമെത്തി. എന്നാല്‍ ഇതിനെയൊന്നും ഗൗനിക്കാതെ ഒരു മണിക്കൂറിലധികമാണ് പടയപ്പ റോഡരികില്‍ ചെലവഴിച്ചത്.

ആളുകളെ ആക്രമിക്കാന്‍ തുനിയാത്തതിന്റെ പേരില്‍ക്കൂടി അറിയപ്പെടുന്ന പടയപ്പയെ അടുത്തു കണ്ടതോടെ ചിത്രം പകര്‍ത്താനുള്ള തിരക്കിലായിരുന്നു സഞ്ചാരികള്‍. നാട്ടുകാരുടെ പ്രിയങ്കരനായ പടയപ്പയെ കുറച്ചുകാലം കാണാതായതിനു ശേഷം ഒരു ഓണക്കാലത്താണ് വീണ്ടും മൂന്നാറില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ കുറേക്കാലമായി മൂന്നാറിന്റെ പരിസരപ്രദേശങ്ങളില്‍ എവിടെയെങ്കിലുമൊക്കെ പടയപ്പയുണ്ടാകും. ഒരു മാസം മുമ്പ് രാത്രിയില്‍ മൂന്നാര്‍ മറയൂര്‍ റോഡില്‍ പടയപ്പ ഇറങ്ങി നിന്നതിനെത്തുടര്‍ന്ന് മൂന്നുമണിക്കൂറോളമാണ് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചത്.

അതേസമയം സഞ്ചാരികളെ സംബന്ധിച്ചിടത്തോളം പടയപ്പ ഉള്‍പ്പടെയുള്ള കാട്ടാനകളെ കാണുന്നത് ആഹ്ലാദം നല്‍കുന്നുണ്ടെങ്കിലും തേയിലത്തോട്ടം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കാട്ടാനകള്‍ ഭീതിപരത്തുന്ന ഒന്നാണ്. മൂന്നാറിനു സമീപമുള്ള കണ്ണന്‍ദേവന്‍ കമ്പനിയുടെ കന്നിമല ലോവര്‍, ടോപ്പ് ഡിവിഷനുകളില്‍ കാട്ടാനകളുടെ വിഹാരംമൂലം തങ്ങള്‍ക്കു പുറത്തിറങ്ങാന്‍ പോും ഭയമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഒറ്റയാനടക്കം നാലു കാട്ടാനകളാണ് പ്രദേശത്ത് ചുറ്റിത്തിഞ്ഞു നാശംവിതയ്ക്കുന്നതെന്നു തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ തന്നെ നിരവധി തവണ തൊഴിലാളി ലയങ്ങള്‍, റേഷന്‍ കട, പലചരക്ക് കട എന്നിവ കാട്ടാനകള്‍ ആക്രമിച്ചെന്നും തൊഴിലാളികളെ കാട്ടാനകള്‍ വിരട്ടി ഓടിക്കുന്നതുമൂലം ജോലിക്കു പോകാനാവില്ലെന്നും ഇവര്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ