മൂന്നാർ: മൂന്നാറിൽ​ വീണ്ടും വികൃതിയുമായി കാട്ടാന. മൂന്നാറിന്റെ സ്വന്തം കാട്ടാനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പടയപ്പയുടെ വികൃതികള്‍ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സാധാരണ ആരെയും ഉപദ്രവിക്കാത്ത വികൃതികളാണ് പടയപ്പയുടേത്. എന്നാൽ ഇത്തവണത്തെ വികൃതി കുറച്ച് കടന്നകൈയായിപ്പോയി എന്ന് പടയപ്പയുടെ ആരാധകരടക്കം പറയുന്നു.

ഫുട്‌ബോള്‍ മാച്ച് തടസ്സപ്പെടുത്തിയതും ഗതാഗതക്കുരുക്കുണ്ടാക്കിയതും പഴക്കടകള്‍ ആക്രമിച്ചു പഴങ്ങള്‍ അകത്താക്കിയതും പടയപ്പയുടെ വീരകൃത്യങ്ങളായി ആരാധകര്‍ പാടി നടക്കുമ്പോഴാണ് കഴിഞ്ഞ ദിവസം “പടയപ്പ” ചെറുതായൊന്ന് സ്വഭാവം മാറ്റിയത്. ഇത് അല്‍പ്പം കടന്നുപോയെന്നു പടയപ്പ ആരാധകര്‍ തന്നെ പറയുന്നു.

മാട്ടുപ്പെട്ടി-കുണ്ടള-മൂന്നാര്‍ റൂട്ടില്‍ പതിവുപോലെ റോന്തുചുറ്റാനിറങ്ങിയതായിരുന്നു പടയപ്പ. എന്നാല്‍ കുണ്ടള സാന്‍ഡോസ് ആദിവാസി കോളനിയിലെ അംഗന്‍വാടിയില്‍ നിന്ന് വീട്ടിലേയ്ക്ക് പോയ 12 കുഞ്ഞുങ്ങളും അമ്മമാരും പോയ വഴിയിലായിരുന്നു പടയപ്പയുടെ സഞ്ചാരം. അംഗന്‍വാടി വിട്ട് അമ്മമാരും കുഞ്ഞുങ്ങളും വരുന്നതു കണ്ട് പടയപ്പ ഇവരുടെ നേര്‍ക്കു ചെന്നതോടെ അമ്മമാരും കുഞ്ഞുങ്ങളും ചിതറിയോടി. പിന്നീടു നാട്ടുകാര്‍ ഓടിയെത്തി ബഹളംവച്ച് കാട്ടാനയെ തുരത്തിയ ശേഷമാണ് അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ശ്വാസം നേരേവീണത്. ഇതിനിടെ കോളനിയിലെ അഞ്ചുവയസുകാരനായ അറുമുഖത്തെ കൂട്ടംതെറ്റിയോടുന്നതിനിടെ കാണാതായതു ഭീതി പരത്തി. ആന എടുത്തെറിഞ്ഞെന്ന ധാരണയില്‍ നിലവിളിയോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ കുട്ടിയെ തിരഞ്ഞത്. എന്നാല്‍ പടയപ്പയെക്കണ്ടു ഭയന്നെങ്കിലും ഈ കൊച്ചുമിടുക്കന്‍ കോളനിക്കു മുകളിലുള്ള ക്ഷേത്രത്തിനുള്ളില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം മൂന്നാറിലെ കണ്ണന്‍ദേവന്‍ കന്നിമല മൈതാനത്ത് ഫിന്‍ലേ ഫുട്‌ബോള്‍ മൽസര പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന കളിക്കാര്‍ക്കിടയിലേക്കു പടയപ്പയെത്തിയപ്പോൾ കളിക്കാർ കളിനിർത്തി രക്ഷപ്പെടുകയായിരുന്നു. കളിയുടെ ആവേശത്തില്‍ രണ്ടു ടീമുകളും മൈതാനത്തിനു നടുവിലേക്കു പടയപ്പയെത്തിയത് അറിഞ്ഞില്ല. കൊമ്പന്‍ മൈതാനത്തിനു നടുക്കെത്തിയ ശേഷമാണ് കളിക്കാര്‍ വിവരമറിഞ്ഞത്. കളിക്കാരെല്ലാം പേടിച്ച് ഓടി രക്ഷപെട്ടെങ്കിലും മൈതാനത്ത് ഇതൊന്നും ശ്രദ്ധിക്കാതെ കുറച്ചുസമയം ചെലവഴിച്ച ശേഷം പടയപ്പ കാട്ടിലേക്കു തിരികെ പോയി.

അതിന് മുൻപ് മാട്ടുപ്പെട്ടി റോഡിലിറങ്ങിയ പടയപ്പ രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടാക്കുകയും അടുത്തുള്ള പഴക്കട പൊളിച്ച് സാധനങ്ങള്‍ അകത്താക്കുകയും ചെയ്തു.

നാട്ടുകാരെ ഉപദ്രവിച്ച ചരിത്രമില്ലാത്ത പടയപ്പ ആരാധകര്‍ക്കു പ്രിയപ്പെട്ടവനാണ്. പക്ഷേ, കാട്ടാന ആക്രമണം പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെതിരേ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ