തൊടുപുഴ: നിര്‍ദിഷ്‌ട നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതിനിടെ വന്‍കിട കൈയ്യേറ്റക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് മന്ത്രിസഭാ ഉപസമിതി ശുപാര്‍ശകളും അട്ടിമറിച്ചതായി ആരോപണം. നിര്‍ദിഷ്‌ട നീലക്കുറിഞ്ഞി സങ്കേതത്തിൽ സന്ദര്‍ശനം നടത്തിയ ശേഷം മന്ത്രിസഭാ ഉപസമതി സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായി പുറത്തിറങ്ങിയപ്പോള്‍ മന്ത്രിസഭാ ഉപസമിതിയിലെ നിര്‍ണായക ശുപാര്‍ശകള്‍ ഒഴിവാക്കിയാണ് ചീഫ് സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടു പുറപ്പെടുവിച്ചത് കൈയ്യേറ്റക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണെന്നാണു സൂചന.

നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട് 2017 നവംബര്‍ 23 നു മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് 2017 ഡിസംബര്‍ 11-ന് വനം മന്ത്രി കെ.രാജു, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരടങ്ങിയ മൂന്നംഗ മന്ത്രിസഭാ ഉപസമിതി നിര്‍ദിഷ്‌ട നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന പ്രദേശങ്ങളായ കൊട്ടക്കമ്പൂര്‍, കടവരി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. തുടര്‍ന്നു മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് നീലക്കുറിഞ്ഞി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ താമസക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കുറിഞ്ഞി സങ്കേതത്തിന്റെ വിസ്‌തൃതി 3200 ഹെക്‌ടറില്‍ കുറയാതെ നിലനിര്‍ത്താനും ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

കുറിഞ്ഞി സങ്കേതം ബോര്‍ഡിനു മുമ്പില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും വൈദ്യുതി മന്ത്രി എം.എം.മണിയും. ഫോട്ടോ: സന്ദീപ് വെള്ളാരം

‘അനുവദനീയമായ പരിധിയില്‍ കവിഞ്ഞ അളവില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന കേസുകള്‍ പ്രത്യേകം പ്രത്യേകം പരിശോധിച്ച് അവരില്‍ ഇടുക്കി ജില്ലയ്‌ക്കു പുറത്തു നിന്നുള്ളവര്‍ വന്‍കിട കൈയ്യേറ്റ മാതൃകയില്‍ കൈവശം വച്ചിരിക്കുന്ന ഭൂമി നിയമപരമായി ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കേണ്ടതാണ്. വനംവകുപ്പ് സൂചിപ്പിച്ചിട്ടുള്ള 58-ാം ബ്ലോക്കിലെ 250 ഹെക്‌ടര്‍ സ്വകാര്യ ഗ്രാന്റീസ് തോട്ടവും എന്തായാലും ഏറ്റെടുക്കാം. 125 ഹെക്‌ടര്‍ സ്വകാര്യ വ്യക്തികളുടെ കൃഷി നടക്കുന്ന പ്രദേശം സ്വഭാവികമായും കുറിഞ്ഞി വളരുന്ന പ്രദേശമാണോ നിലവിലുള്ള ഉടമസ്ഥാവകാശം നിയമപരമാണോ, ഗ്രാന്റിസ് ഇതര കൃഷിയാണോ നടത്തുന്നത് എന്നിവ പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കാം’ മന്ത്രിസഭാ സംഘത്തിന്റെ ശുപാര്‍ശയില്‍ പറയുന്നു. എന്നാല്‍ പുറത്തുനിന്നുള്ള വന്‍കിടക്കാരുടെ ഭൂമി ഏറ്റെടുക്കണമെന്ന ശുപാര്‍ശ ഉത്തരവു പുറത്തുവന്നപ്പോള്‍ അതില്‍ നിന്ന് അപ്രത്യക്ഷമായി.

മന്ത്രിതല സന്ദര്‍ശനത്തിനെത്തിയ വനം മന്ത്രി കെ.രാജുവിനു മുമ്പില്‍ വട്ടവടയില്‍ പരാതിയുമായെത്തിയ സ്ത്രീകള്‍. ഫോട്ടോ: സന്ദീപ് വെള്ളാരം

ഇത്തരത്തില്‍ വന്‍കിടക്കാരുടെ ഭൂമി ഏറ്റെടുക്കണമെന്ന ശുപാര്‍ശ ഒഴിവാക്കിയത് കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58-ാം ബ്ലോക്കില്‍ ഭൂമി കൈവശം വയ്‌ക്കുന്ന ഇടുക്കി എംപി ജോയ്സ് ജോര്‍ജിനെയും പെരുമ്പാവൂര്‍ സ്വദേശിയായ സിപിഎം നേതാവിനെയും പോലുള്ള വന്‍കിടക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് വിവരം. ഇതോടൊപ്പം കുറിഞ്ഞി സാങ്ച്വറി വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം നിര്‍ദിഷ്‌ട പ്രദേശത്ത് കൈവശ രേഖകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഇതിന്റെ രേഖകള്‍ സൂക്ഷ്‌മമായി പരിശോധിക്കണമെന്നും വ്യക്തമായ രേഖകളില്ലാത്ത ഭൂമി നിര്‍ബന്ധമായും ഏറ്റെടുക്കണമെന്നും മന്ത്രിസഭാ സമിതിയുടെ ശുപാര്‍ശയില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്തിമ ഉത്തരവില്‍ നിന്ന് ഈ നിർദ്ദേശവും അപ്രത്യക്ഷമായിട്ടുണ്ട്.

റിപ്പോര്‍ട്ടിലെ കൈയ്യേറ്റ ഭൂമി ഏറ്റെടുക്കണമെന്ന ഭാഗം

കുറിഞ്ഞി ഉദ്യാനത്തിനു ചുറ്റുമായി വട്ടവട, കടവരി, കൊട്ടക്കമ്പൂര്‍ പ്രദേശങ്ങളില്‍ പരിസ്ഥിതി സംരക്ഷണ ജനകീയ സമിതികള്‍ രൂപീകരിക്കണമെന്നും നിര്‍ദിഷ്‌ട സാങ്ച്വറി പ്രദേശത്തിനു ചുറ്റുമായി കുറിഞ്ഞി സങ്കേതത്തിന്റെ പാരിസ്ഥിതിക സംരക്ഷണം ഉറപ്പാക്കുന്ന വിധമുള്ള ജൈവ സുസ്ഥിര കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കുകയും അവരുല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് കേരളത്തിലേക്കു കടത്തു സൗകര്യവും വിപണിയും ഉറപ്പാക്കുകയും ചെയ്യണം എന്നീ നിർദ്ദേശങ്ങളും മന്ത്രിസഭാ ഉപസമിതി മുന്നോട്ടുവച്ചിരുന്നു.

അതേസമയം കൈവശ രേഖയുള്ളവര്‍ക്ക് ഉടമസ്ഥാവകാശം അനുവദിക്കാമെന്നും ഇതിനായി പഞ്ചായത്തില്‍ നിന്നു നല്‍കുന്ന രേഖ ഉള്‍പ്പടെയുള്ളവ പരിഗണിക്കാമെന്നുമുള്ള ശുപാര്‍ശയാകട്ടെ ഉത്തരവില്‍ പ്രധാനമായി ചേര്‍ത്തിട്ടുമുണ്ട്. എന്നാല്‍ ഉത്തരവു പുറപ്പെടുവിച്ച് ഒരു മാസം പിന്നിട്ടിട്ടും കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട നടപടികളൊന്നും മുന്നോട്ടു പോയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ