കൊച്ചി: പ്രകൃതി സ്‌നേഹികളും വിനോദസഞ്ചാരികളും കാത്തിരിക്കുന്ന നീലക്കുറിഞ്ഞി വസന്തത്തിന്റെ സൗന്ദര്യം നുകരാന്‍ അല്‍പ്പംകൂടി കാത്തിരിക്കേണ്ടി വരും. കനത്ത മഴ മൂലം നീലക്കുറിഞ്ഞി ചെടികള്‍ പൂവിടാന്‍ വൈകുന്നതാണ് പൂക്കാലം വൈകാനിടയാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
നേരത്തെ ജൂലൈ രണ്ടാം വാരത്തില്‍ നീലക്കുറിഞ്ഞി പൂക്കാലം തുടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ഓഗസ്റ്റ് ആദ്യ ആഴ്‌ചയ്‌ക്ക് ശേഷം മാത്രമേ കുറിഞ്ഞി ചെടികള്‍ പൂക്കാന്‍ തുടങ്ങുകയുള്ളൂവെന്നാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് അധികൃതര്‍ പറയുന്നത്.
ചെറിയ തോതില്‍ മാത്രമേ നീലക്കുറിഞ്ഞി ചെടികളില്‍ മൊട്ടിടാന്‍ തുടങ്ങിയിട്ടുള്ളുവെന്നും ഇത് പൂക്കളായി മാറാന്‍ ഓഗസ്റ്റ് രണ്ടാം വാരം വരെ എടുത്തേക്കുമെന്നും വനംവകുപ്പ്. ഇതിനിടെ നീലക്കുറിഞ്ഞി പൂക്കാലം കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം ബുധനാഴ്‌ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. മൊത്തം ടിക്കറ്റിന്റെ 75 ശതമാനം ഓണ്‍ലൈനിലും ബാക്കി 25 ശതമാനം പഴയ മൂന്നാര്‍, രാജമല, മറയൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേകം സ്ഥാപിക്കുന്ന കൗണ്ടറുകളിലൂടെയുമാണ് പാര്‍ക്കിലേയ്‌ക്ക് പ്രവേശിക്കാനുള്ള ടിക്കറ്റുകള്‍ നല്‍കുക. http://www.munnarwildlife.com,www.eravikulamnationalpark.com എന്നീ വെബ് സൈറ്റുകളിലൂടെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനാവും.
മുതിര്‍ന്നവര്‍ക്ക് 120 രൂപ, കുട്ടികൾക്ക് 90 രൂപ, വിദേശികള്‍ക്കു 400 രൂപ, സാധാരണക്യാമറ 40 രൂപ, വീഡിയോ ക്യാമറ 315 രൂപ എന്നീ നിരക്കിലാണ് ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്യാനായി നല്‍കേണ്ടത്. ഇതിനിടെ ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്കുള്ള വഴികളില്‍ സ്ഥാപിക്കുന്ന ബയോ ടോയ്‌ലറ്റിന്റെയും കുടി വെള്ള വിതരണത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ജൂലൈ പത്തിനു മുമ്പ് സഞ്ചാരികളെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്‌മി അറിയിച്ചു.

ഇതിനിടെ നീലക്കുറിഞ്ഞി പൂക്കാലത്ത് മൂന്നാറിലും പരിസര പ്രദേശങ്ങളിലും സുരക്ഷയ്‌ക്കായി 369 പൊലീസുകാരെ നിയോഗിക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരമേഖല ഐജി വിജയ് സഖാറെയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. കുറിഞ്ഞി പൂക്കാലമായ ഓഗസ്റ്റ് മുതലുള്ള മൂന്നുമാസം മറയൂര്‍ മുതല്‍ അടിമാലി വരെയുള്ള ഭാഗങ്ങളില്‍ എട്ടു സെക്‌ടറുകളിലായി 369 പൊലീസുകാരെയാണ് സുരക്ഷയ്‌ക്കായി നിയോഗിക്കുക. 56 എസ്‌ഐമാര്‍, മൂന്ന് സിഐ, ഒരു ഡിവൈഎസ്‌പി എന്നിവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഏഴു ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കും. ഒന്‍പതു ബൈക്കുകളിലും 20 പൊലീസ് ജീപ്പുകളിലുമായി സേനാംഗങ്ങള്‍ പൂക്കാലത്തുടനീളം 24 മണിക്കൂറും മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി റോന്തുചുറ്റും.
നീലക്കുറിഞ്ഞി പൂക്കാലത്ത് മൂന്നാര്‍ ടൗണിലുള്ള ടാക്‌സികള്‍ക്ക് പ്രീ പെയ്ഡ് സംവിധാനം ഏര്‍പ്പെടുത്താനും പൊലീസ് പദ്ധതിയിടുന്നുണ്ട്. നീലക്കുറിഞ്ഞി പൂക്കാലത്തോടനുബന്ധിച്ച് മൂന്നാര്‍ ടൗണില്‍ അടുത്തിടെ പൊലീസ് നീരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകള്‍ വഴിയുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ക്രമീകരണങ്ങളും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് മുതല്‍ മൂന്നുമാസം നീളുന്ന നീലക്കുറിഞ്ഞി വസന്തം കാണാന്‍ പത്തു ലക്ഷത്തിലധികം സഞ്ചാരികളെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്. നീലക്കുറിഞ്ഞി പൂക്കാലത്തിന്റെ വരവറിയിച്ച് അടുത്തിടെ മൂന്നാറിന് സമീപമുള്ള വട്ടവടയില്‍ കുറിഞ്ഞികള്‍ പൂവിട്ടു തുടങ്ങിയിരുന്നു.