തൊടുപുഴ: നിരവധിയാളുകൾ കാത്തിരിക്കുന്ന നീലക്കുറിഞ്ഞി പൂക്കാലം കനത്ത മഴയില്‍ വൈകുമ്പോള്‍ നീലക്കുറിഞ്ഞി പൂക്കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു.കെ വിളിച്ചുകൂട്ടിയ അവലോകന യോഗത്തിലാണ് കുറിഞ്ഞി പൂക്കാലവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിർദ്ദേശിച്ചത്.
നേരത്തേ ജൂലൈ രണ്ടാം വാരം തുടക്കമാകുമെന്നു പ്രതീക്ഷിച്ചിരുന്ന നീലക്കുറിഞ്ഞി പൂക്കാലം കനത്ത മഴയായതോടെ ചെടികള്‍ പൂവിടാന്‍ വൈകുകയായിരുന്നു. അതേസമയം, പത്തുദിവസം മഴമാറി നിന്നാലുടന്‍ തന്നെ കുറിഞ്ഞിച്ചെടികള്‍ വ്യാപകമായി പൂക്കാന്‍ തുടങ്ങുമെന്ന് മനസിലാക്കിയാണ് ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിർദ്ദേശിച്ചത്.
പൂക്കാലത്തിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കാന്‍ നിലവിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങള്‍ വിപുലമാക്കുന്നതിനോടൊപ്പം ആധുനിക രീതിയിലുള്ള താല്‍ക്കാലിക ടോയ്‌ലറ്റ് സൗകര്യങ്ങള്‍ മൂന്നാറിന് സമീപമുള്ള അഞ്ചു കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന സീസണില്‍ ശുചിത്വമിഷന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരിക്കും ഇത്തരം ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുക.
പ്ലാസ്റ്റിക് കുപ്പികളുടെ മാലിന്യം പരമാവധി ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് വിവിധ കേന്ദ്രങ്ങളില്‍ റിവേഴ്സ് ഓസ്മോസിസ് സംവിധാനത്തോടെ കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിക്കും. കഴിഞ്ഞ നീലക്കുറിഞ്ഞി പൂക്കാലത്തു ഭക്ഷണം ലഭിക്കാതെ സഞ്ചാരികള്‍ ബുദ്ധിമുട്ടിയ സാഹചര്യം ഒഴിവാക്കാന്‍ സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സംരംഭങ്ങള്‍ക്ക് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തും.
മൂന്നാറിലെ ഏറ്റവും വലിയ പ്രശ്‌നമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗവും ദേശീയപാത വിഭാഗവും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് റിഫ്ളക്ടറുകള്‍, ക്രാഷ് ഗാര്‍ഡുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആംബുലന്‍സ് ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. സുരക്ഷയും ഗതാഗത നിയന്ത്രണവും ഉറപ്പാക്കാന്‍ വിപുലമായ രീതിയില്‍ നിരീക്ഷണ സൗകര്യം ഉറപ്പാക്കുന്ന തരത്തിലുള്ള സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. 369 പേര്‍ ഉള്‍പ്പെടുന്ന പൊലീസ് ബറ്റാലിയനായിരിക്കും നീലക്കുറിഞ്ഞി പൂക്കാലത്തുടനീളം മൂന്നാറില്‍ സുരക്ഷാ ചുമതല നിര്‍വഹിക്കുക. പൂക്കാലവുമായി ബന്ധപ്പെട്ട് അധികൃതര്‍ നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്താന്‍ ടൂറിസം മന്ത്രിയുടെ നേതൃത്വത്തില്‍ അടുത്തയാഴ്ച മൂന്നാറില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
പത്തു ലക്ഷത്തിലധികം സഞ്ചാരികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കുറിഞ്ഞി പൂക്കാലത്ത് ദിവസവും 3500 സഞ്ചാരികള്‍ക്കു മാത്രമാണ് ഇരവികുളം ദേശീയ ഉദ്യാനത്തില്‍ നീലക്കുറിഞ്ഞി കാണാനാവുക. ടിക്കറ്റിന്റെ 75 ശതമാനം ഓണ്‍ലൈനിലൂടെയും ബാക്കി 25 ശതമാനം ടിക്കറ്റുകള്‍ മൂന്നാറിലെ കൗണ്ടറിലൂടെയും നല്‍കും. പൂക്കാലത്തു വലിയ വാഹനങ്ങള്‍ക്ക് മൂന്നാര്‍ ടൗണിലേക്ക് പ്രവേശനം അനുവദിക്കില്ല. സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം യാത്രക്കാരെ ഇറക്കണം. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസ് സൗകര്യം ഏര്‍പ്പെടുത്താനും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്.