തൊടുപുഴ: അശാസ്ത്രീയ നിര്‍മാണങ്ങളുടെ വിളനിലമായ മൂന്നാറില്‍ പ്രകൃതി തിരിച്ചടി തുടങ്ങിയതോടെ രണ്ടു റിസോര്‍ട്ടുകള്‍ക്കു പൂട്ടുവീഴുന്നു. പള്ളിവാസല്‍ രണ്ടാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ഗ്ലേഡ്, കാശ്മീരം എന്നീ റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍ ഉത്തരവിട്ടത്.
കഴിഞ്ഞ ഞായറാഴ്ചയുണ്ടായ കനത്ത മഴയില്‍ ഈ റിസോര്‍ട്ടുകളുടെ സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായിരുന്നു. എട്ടാം തീയതിയും പതിനേഴാം തീയതിയും ഫോറസ്റ്റ് ഗ്ലൈഡ് റിസോര്‍ട്ടിനോടു ചേര്‍ന്നുള്ള മണ്‍തിട്ട കനത്ത മഴയില്‍ ഇടിഞ്ഞുതാണു. ഞായറാഴ്ച ഈ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ 12 മണിക്കൂറോളം മൂന്നാര്‍-നേര്യമംഗലം റൂട്ടില്‍ ഗതാഗതം തടസപ്പെടുകയും രണ്ടു വാഹനങ്ങള്‍ തകരുകയും ചെയ്തിരുന്നു. റിസോര്‍ട്ടിലെ ഫയര്‍റൂം, ക്ലോക്ക് റൂം എന്നിവ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. കനത്തമഴയെത്തുടര്‍ന്നു വീണ്ടും മണ്ണിടിച്ചിലുണ്ടായാല്‍ സെപ്റ്റിക് ടാങ്ക് ഇടിഞ്ഞു റോഡിലെത്തുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
കാശ്മീരം റിസോര്‍ട്ടിന്റെ മുന്‍പില്‍ നിന്നു താഴേക്കുള്ള മണ്‍തിട്ട പൂര്‍ണമായും ഇടിഞ്ഞുതാണതിനാല്‍ ഈ റിസോര്‍ട്ടും അപകടാവസ്ഥയിലാണ്. മണ്ണിടിച്ചിലിനു ശേഷം സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തിയ ദേവികുളം തഹസീല്‍ദാര്‍ പി കെ ഷാജി റിസോര്‍ട്ടുകളുടെ സ്ഥിതി അപകടത്തിലാണെന്നും വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറിനു റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
സബ് കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. ഇതിനിടെ രണ്ടുതവണ പാറ അടര്‍ന്നു വീണതിനെ തുടര്‍ന്ന് ഭീഷണിയിലായ പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ട് പൂട്ടാന്‍ കളക്ടര്‍ കഴിഞ്ഞമാസം ഉത്തരവിട്ടെങ്കിലും റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. കളക്ടറുടെ ഉത്തരവിനെതിരേ റിസോര്‍ട്ട് ഉടമ നല്‍കിയ കേസിപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പള്ളിവാസല്‍ വില്ലേജില്‍ കൃഷിയാവശ്യങ്ങള്‍ക്കായി പതിച്ചു നല്‍കിയ ഭൂമിയിലാണ് പ്ലം ജൂഡി റിസോര്‍ട്ട് നിര്‍മിച്ചതെന്നും ഇതിന് റവന്യൂ വകുപ്പിന്റെ എന്‍ഒസിയില്ലെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. മൂന്നാര്‍ മേഖലയില്‍ റവന്യു വകുപ്പിന്റെ എന്‍ഒസി വാങ്ങാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളില്‍ വ്യക്തമായി പറയുന്നുണ്ട്. റവന്യു വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാതെ പള്ളിവാസലില്‍ റിസോര്‍ട്ട് നിര്‍മിച്ചത് ഭൂമി പതിച്ചു നല്‍കല്‍ ചട്ട ലംഘനമാണെന്നും ഡെപ്യൂട്ടി കളക്ടര്‍ പി. ഡി. ഷീലാദേവി സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസവും പ്ലം ജൂഡി റിസോര്‍ട്ടിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞു വീണിരുന്നു. രാത്രി തന്നെ ഉടമ ജെസിബി ഉപയോഗിച്ചു മണ്ണു നീക്കുകയും ചെയ്തതായി വാർത്ത വന്നിരുന്നു.