തൊടുപുഴ: തെക്കിന്റെ കശ്‌മീരെന്ന് അറിയപ്പെടുന്ന മൂന്നാര്‍ വീണ്ടും തണുപ്പിന്റെ കമ്പളം പുതയ്ക്കുന്നു. സാധാരണ നവംബര്‍ ആദ്യ വാരം മുതല്‍ ജനുവരി പകുതിവരെയാണ് മൂന്നാറില്‍ അതിശൈത്യം നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നതെങ്കില്‍ ഈ വര്‍ഷം പതിവിനു വിപരീതമായി ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിലും തണുപ്പുനിറഞ്ഞ കാലാവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസം മൂന്നാറിലെ ലക്ഷ്‌മിഎസ്റ്റേറ്റില്‍ മൈനസ് രണ്ടു ഡിഗ്രിയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണില്‍ പൂജ്യം ഡിഗ്രിയായും കുറഞ്ഞ താപനില താണിരുന്നു. ചെണ്ടുവര, ചിറ്റുവരെ, മേമല തുടങ്ങിയ പ്രദേശങ്ങളിലും അതി ശൈത്യമാണ് അനുഭവപ്പെടുന്നത്. ലക്ഷ്‌മി, ചിറ്റുവര, ചെണ്ടുവര തുടങ്ങിയ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും ഉണ്ടാകുന്നുണ്ട്.

മൂന്നാറില്‍ തണുപ്പു നിറഞ്ഞ കാലാവസ്ഥ തുടരുന്നതിനാല്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളുമാണ് തണുപ്പ് ആസ്വദിക്കാനായി മൂന്നാറിലേക്കു കൂടുതലായും എത്തുന്നത്. നവംബര്‍ മുതലുള്ള ശൈത്യകാലം ആസ്വദിക്കാനായാണ് സാധാരണയായി വിനോദ സഞ്ചാരികള്‍ മൂന്നാറിലേക്ക് ഒഴുകിയെത്തുന്നത്. ക്രിസ്മസും പുതുവർഷവും ആഘോഷിക്കാനെത്തുന്നവരുടെ തിരക്ക് സാധാരണയായി ജനുവരി പകുതിയോടെ അവസാനിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഈ വര്‍ഷം ശൈത്യകാലം തുടരുന്നതുകൊണ്ടു തന്നെ വിനോദ സഞ്ചാരികളുടെ വരവ് തുടരുന്നത് മേഖലയിലെ ടൂറിസം മേഖലയ്ക്കും ഉണര്‍വു പകരുന്നുണ്ട്.
munnar1

ഇത്തവണ നവംബറില്‍ തന്നെ മൂന്നാറില്‍ ശൈത്യകാലം ആരംഭിച്ചിരുന്നുവെങ്കിലും നോട്ടു നിരോധനം മൂലം മൂന്നാറിലെ ടൂറിസം മേഖല പ്രതിന്ധിയിലാകുന്ന കാഴ്ചയ്ക്കണ് ഈ കാലയളവിൽ സാക്ഷ്യം വഹിച്ചത്. എടിഎമ്മുകളുടെ എണ്ണം കുറവായതും ഉള്ള എടിഎമ്മുകളില്‍ നിന്നു പണം ലഭിക്കാതിരുന്നതും സഞ്ചാരികളെ ബുദ്ധിമുട്ടിച്ചിരുന്നു. നോട്ടു നിരോധനം മൂലം സഞ്ചാരികൾക്ക് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാതിരുന്നത് മേഖലയിലെ വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. തണുപ്പിനെ പ്രതിരോധിക്കാന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ വില്‍ക്കുന്നവര്‍, പഴം വില്‍പ്പനക്കാര്‍, ചെറുകിട ഹോട്ടലുകളും ലോഡ്ജുകളും എന്നിവയാണ് നോട്ടുനിരോധനം മൂലം മൂന്നു മാസത്തോളം കടുത്ത പ്രതിസന്ധി അനുഭവിക്കേണ്ടി വന്നത്. നോട്ടു നിരോധനത്തിന്റെ പ്രതിസന്ധികള്‍ മെല്ലെ നീങ്ങിത്തുടങ്ങുമ്പോള്‍ കടുത്ത തണുപ്പു തുടരുന്നതിനാൽ സഞ്ചാരികള്‍ കൂട്ടത്തോടെ എത്തുമെന്ന് വിശ്വാസത്തിലാണ് ടൂറിസം, വ്യാപാര മേഖലകൾ. നോട്ടു നിരോധനം മൂലം നേരിടുന്ന മാന്ദ്യ അവസ്ഥയെ നീളുന്ന തണുപ്പ് കാലത്തിന്റെ സാധ്യത ഉപയോഗിച്ച് മറികടക്കാമെന്നാണ് ഈ രണ്ട് മേഖലകളും കണക്കുകൂട്ടുന്നത്. തണുപ്പ് തുടരുന്നത് മൂന്നാറിലെ ടൂറിസം, വ്യാപാര മേഖലകൾക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ