മൂന്നാര്‍: മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന റവന്യൂ വകുപ്പും കാനം രാജേന്ദ്രനും മൂന്നാര്‍ ടൗണിനു നടുവില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന സിപിഐയുടെ പാര്‍ട്ടി ഓഫിസ് ഒഴിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് സി പി എം. സി പി ഐയുടെ ചങ്കിൽ കുത്തുന്ന ചോദ്യമുന്നയിച്ചത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം പി.എന്‍.വിജയനാണ്. സി പി ഐയുടെ കൈയേറ്റം ഒഴിപ്പക്കിലെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നതാണ് സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ വെല്ലുവിളി.
വൈദ്യുതി മന്ത്രി എംഎം മണി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ചതില്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിനു മറുപടിയായാണ് സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ രാഷ്ട്രീയ നയവിശദീകരണ യോഗവും മാര്‍ച്ചും സംഘടിപ്പിച്ചത്. ഈ യോഗത്തിലാണ് ഈ ചോദ്യം ഉന്നയിച്ച് സി പി ഐയെ പ്രതിരോധത്തിലാക്കിയത്.

“ഏതാനും ചില മാധ്യമങ്ങളുമായി കൂട്ടുചേര്‍ന്നുള്ള ചിലരുടെ സംഘടിത നീക്കമാണ് മന്ത്രി എംഎം മണിക്കെതിരേ നടക്കുന്നതെന്നു പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കും മന്ത്രിക്കും എതിരായ ഇത്തരം നീക്കങ്ങള്‍ എന്തു വില കൊടുത്തും തടയാന്‍ പാര്‍ട്ടി മുന്നിലുണ്ടാകും. പൊമ്പിളൈ ഒരുമൈയില്‍ ഉള്‍പ്പെടുന്ന തൊഴിലാളി സത്രീകളെപ്പറ്റി തെറ്റായ കാര്യങ്ങള്‍ പറഞ്ഞതായി ചാനലുകള്‍ കഥകളുണ്ടാക്കി മൂന്നാറിലെ പാവപ്പെട്ട പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇടുക്കി ജില്ലയിലെ മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാനുള്ള ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ഇതിനു തുരങ്കംവയ്ക്കാനാണ് മാധ്യമങ്ങളും ചില ദുഷ്ടകേന്ദ്രങ്ങളു ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും” വിജയന്‍ പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകളെ അണിനിരത്തിയാണ് സിപിഎം മൂന്നാറില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്.

പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടയിലും കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു തന്നെ പോകാന്‍ പദ്ധതിയിടുന്ന റവന്യൂ വകുപ്പിനെയും വകുപ്പ് കൈയാളുന്ന സിപിഐയെയും പ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്. സിപിഐയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വികാരമായ മൂന്നാറിലെ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ത്തിവിട്ടാല്‍ സിപിഐയുടെയും റവന്യു മന്ത്രിയുടെയും ഒഴിപ്പിക്കല്‍ നീക്കങ്ങള്‍ക്കു തടയിടാകുമെന്നും കണക്കുകൂട്ടലുണ്ട്.

വിഎസ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാറിലെ സിപിഐ ഓഫീസ് പൊളിക്കാനുള്ള ദൗത്യസംഘത്തിന്റെ നീക്കമാണ് മൂന്നാര്‍ ഒഴിപ്പിക്കലിനെത്തന്നെ അന്നു വഴിതിരിച്ചുവിട്ടത്.അന്ന് മൂന്നാർ ഒഴിപ്പിക്കലിനെതിരായി സി പി ഐ യുടെ വികാരം ആളിക്കത്തിക്കുന്നതിന് കാരണമായത് മൂന്നാറിലെ പാർട്ടി ഓഫിസ് നിൽക്കുന്ന ഭൂമി സംബന്ധിച്ച തർക്കമാണ്. ഇത് അന്നത്തെ കൈയേറ്റമൊഴിപ്പിക്കൽ നിർത്തിവെയ്പിക്കുന്നതിൽ എത്തിച്ചേർന്നു. ഏതാനും ദിവസം മുമ്പ് ആദ്യ കൈയേറ്റമൊഴിപ്പക്കൽ ദൗത്യസംഘം തലവനായിരുന്ന കെ. സുരേഷ്‌കുമാർ സി പി ഐയുടെ ഓഫീസിനെ കുറിച്ച് ഇതേ വിഷയം ഉന്നയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ