തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറങ്ങളും നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങളും സംബന്ധിച്ച ലാന്റ് റവന്യു കമ്മിഷണറുടെ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ. മൂന്നാറിലെ കൈയ്യേറ്റങ്ങൾ ഇനിയും തുടർന്നാൽ ഭൂപടത്തിൽ നിന്ന് തന്നെ ലോകശ്രദ്ധയാകർഷിച്ച ഈ പ്രദേശം ഇല്ലാതാകുമെന്നാണ് കമ്മിഷൻ കണ്ടെത്തിയിരിക്കുന്നത്.

പ്രാദേശിക രാഷ്ട്രീയ കക്ഷികളും നേതാക്കളും കൈയ്യേറ്റങ്ങളെ പരമാവധി സംരക്ഷിച്ചാണ് മുന്നോട്ട് പോകുന്നത്. ഇതേ തുടർന്ന് പട്ടയങ്ങളും ഭൂരേഖകളും പരിശോധിക്കാനുള്ള കമ്മിഷന്റെ ശ്രമങ്ങൾ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എ.ടി.ജയിംസ് അദ്ധ്യക്ഷനായ ലാന്റ് റവന്യു കമ്മിഷന്റെ റിപ്പോർട്ട് ഇന്നലെയാണ് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് കൈമാറിയത്. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ഈ റിപ്പോർട്ടിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.

സർക്കാർ ഭൂമി വൻതോതിൽ മൂന്നാറിൽ കയ്യേറ്റം ചെയ്യപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം കാർഡമം റിസർവ്വ് വന മേഖലയിൽ അനധികൃത നിർമ്മാണങ്ങളും കൈയ്യേറ്റങ്ങളും ഉടനടി ഇടപെടേണ്ട ഏറ്റവും ഗുരുതരമായ പ്രശ്നമായാണ് റിപ്പോർട്ടിൽ പറയുന്നത്. പല കെട്ടിടങ്ങൾക്കും ഭൂരേഖകൾ ഇല്ലെന്നും പട്ടയവ്യവസ്ഥകൾ ലംഘിച്ചാണ് മറ്റ് പല കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നതെന്നും ലാന്റ് റവന്യു കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. കൃഷിയാവശ്യത്തിന് നൽകുന്ന ഭൂമികൾ കെട്ടിടനിർമ്മാണം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഖനനമാണ് കമ്മിഷൻ പ്രതിപാദിച്ചിരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. മണ്ണും പാറയും വൻതോതിൽ ഖനനം നടത്തുന്നത് പരിസ്ഥിതി സന്തുലിതാവസ്ഥയെയും മൂന്നാറിലെ കാലാവസ്ഥയെയും ദോഷകരമായി ബാധിക്കുന്നതാണെന്ന് കമ്മിഷൻ പറയുന്നു. ശാസ്ത്രീയമായ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇവിടെ ജലസ്രോതസ്സുകളെല്ലാം വൻതോതിൽ മലിനമാക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

പ്രശ്ന പരിഹാരത്തിനായി മൂന്നാർ വികസന അതോറിറ്റി എന്ന പേരിൽ മൂന്നംഗ സമിതിയെ നിയമിക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ, കളക്ടറുടെ അധികാരത്തോടെ അതോറിറ്റിയുടെ അദ്ധ്യക്ഷനാകണം. മൂന്നാറിൽ ഇനി കെട്ടിടങ്ങൾക്കുള്ള അനുമതികൾ ഇവർ നൽകണം.

പ്രത്യേക ടൂറിസം മേഖലയായി മൂന്നാറിനെ പ്രഖ്യാപിച്ച് നിയമ നിർമ്മാണങ്ങൾ നടത്തണമെന്നും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന എല്ലാ നിർമ്മാണങ്ങളും അടിയന്തിരമായി അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ദേവികുളം സബ് കളക്ടർക്ക് മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ സംബന്ധിച്ച് പരിശോധിക്കാൻ പ്രത്യേക അധികാരം നൽകണമെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂന്നാറിൽ ദേവികുളം സബ് കളക്ടർക്കെതിരെ സിപിഎം പ്രാദേശിക നേതൃത്വം തന്നെ പ്രത്യക്ഷ സമരത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ