തൊടുപുഴ: കുട്ടിയാന കുറുമ്പു കാട്ടിയപ്പോള്‍ മൂന്നാര്‍-മാട്ടുപ്പെട്ടി റൂട്ടിലുണ്ടായത് ഒരു മണിക്കൂറിലധികം നീളുന്ന ഗതാഗതക്കുരുക്ക്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് മൂന്നാര്‍-മാട്ടുപ്പെട്ടി റൂട്ടില്‍ മാട്ടുപ്പെട്ടി ഡാമിന് സമീപം കാട്ടാനക്കുട്ടി റോഡിലേക്കിറങ്ങിയത്.
റോഡിന് സമീപത്ത് നിലയുറപ്പിച്ച കാട്ടാന ഈ റൂട്ടില്‍ വാഹനങ്ങളിലൂടെ കടന്നു പോകാന്‍ ശ്രമിച്ചവരെ വിരട്ടിയതോടെ വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കും ഒതുക്കി സഞ്ചാരികള്‍ മാറിനിന്നതോടെ റൂട്ടില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ഇതിനിടെ സഞ്ചാരികളില്‍ ഭൂരിഭാഗവും റോഡരികില്‍ നിലയുറപ്പിച്ച കാട്ടനക്കുട്ടിയുടെ ചിത്രം പകര്‍ത്തുന്ന തിരക്കിലായിരുന്നു.
ഒരു മണിക്കൂറോളം റോഡരികില്‍ നിലയുറപ്പിച്ച കാട്ടാന പിന്നീട് വനത്തിനുള്ളിലേക്കു കയറിപ്പോയതിനു ശേഷമാണ് പിന്നീട് മാട്ടുപ്പെട്ടി-മൂന്നാര്‍ റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. മൂന്നാറിലും മൂന്നാര്‍-മാട്ടുപ്പെട്ടി റൂട്ടിലും മൂന്നാര്‍ -മറയൂര്‍ റൂട്ടിലുമാണ് കാട്ടാനകളെ സാധാരണയായി കാണാനാവുക.
മൂന്നാറിന്റെ പ്രിയപ്പെട്ട കാട്ടുകൊമ്പനായ പടയപ്പ കഴിഞ്ഞമാസം മൂന്നാര്‍-മറയൂര്‍ റോഡില്‍ ഇറങ്ങി നിന്നതിനെത്തുടര്‍ന്ന് മൂന്നാര്‍-മറയൂര്‍ റൂട്ടില്‍ ഗതാഗതം മൂന്നുമണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ഇതിനിടെ ചൊവ്വാഴ്ച വെളുപ്പിന് മൂന്നുമണിയോടെ മൂന്നാര്‍ ടൗണിന് സമീപമുള്ള അന്തോണി യാര് കോളനിയില്‍ കാട്ടാന ഇറങ്ങിയത് പ്രദേശവാസികളില്‍ ഭീതി പരത്തി. നല്ലതണ്ണി റൂട്ടിലൂടെ അന്തോണിയാര്‍ കോളനിയിലേക്കുള്ള ഇരുമ്പുവേലികള്‍ തകര്‍ത്താണ് കോളനിക്കുള്ളിലെത്തിയത്. ടൗണിലെ കച്ചവടക്കാരന് കൂടിയായ മുരുകന്റെ കൃഷിയും തിന്ന ശേഷമാണ് ഒറ്റയാന് മടങ്ങിയത്.
Read More: ‘പടയപ്പ’യ്ക്ക് പിന്നാലെ ‘ഗണേശ’നും മൂന്നാറിൽ ഒറ്റയാന്മാരുടെ വിളയാട്ടം; ചിത്രങ്ങൾ കാണാം
കഴിഞ്ഞ മാസം മൂന്നാര്‍-മാട്ടുപ്പെട്ടി റൂട്ടിലെ കന്നിമലയില്‍ ബേക്കറി ആക്രമിച്ച കാട്ടാനക്കൂട്ടം കടയിലെ സാധനങ്ങള്‍ മുഴുവന്‍ തിന്നു തീര്‍ത്തശേഷമാണ് മടങ്ങിയത്. കടയ്ക്കുള്ളിലെ അടുക്കളയുടെ സ്ളാബിനടിയില് ഒളിച്ചാണ് രാജകുമാരിയെന്ന വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്.