/indian-express-malayalam/media/media_files/uploads/2018/06/wild-elephant-in-mattupetty-dam.jpg)
തൊടുപുഴ: ഫോട്ടൊയെടുക്കാന്‍ ക്യാമറയെടുത്ത വിദേശിക്കുനേരെ ഇഷ്ടപ്പെടാത്ത മട്ടില്‍ ഒന്നു നോക്കി, ദൂരെ നിന്ന തള്ളയാന. കൂടെ നിന്ന കുട്ടിക്കൊമ്പന്‍ ഇതിനകം മുന്നോട്ടു പാഞ്ഞു. അനുവാദം ചോദിക്കാതെ പടം പിടിക്കുന്നോ എന്നൊരു കുറുമ്പുണ്ട് അവന്റെ മുഖത്ത്. സുരക്ഷിതമായ അകലത്തില്‍ ഉയര്‍ന്ന റോഡിലായതിനാല്‍ തെല്ലും ഭയക്കുന്നില്ല ഫൊട്ടോഗ്രാഫര്‍. ക്യാമറ ഫോക്കസ് ചെയ്തുകൊണ്ടിരിക്കുന്നു. കാഴ്‌ചകളങ്ങനെ രസകരമാകുമ്പോള്‍ കൂട്ടത്തിലെ സീനിയര്‍ ആനകളെത്തി കുട്ടിക്കൊമ്പന് ഒരു തട്ട്. പിന്നെ വാലില്‍ പിടിച്ചൊരു വലി. പാഞ്ഞുവന്ന കുറുമ്പനെ പിന്നെ കാണുന്നത് അമ്മയുടെ ചാരത്ത്. വേനല്‍ മാറി മഴയെത്തിയ മൂന്നാറില്‍ മാട്ടുപ്പെട്ടി റോഡിലെ പുല്‍മേടുകള്‍ ആനക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രങ്ങളായി മാറിയിടത്തു നിന്നുളള​ കാഴ്‌ചയാണിത്.
അവധിക്കാലം ചെലവിടാന്‍ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ അകലത്തില്‍ നിന്ന് ആസ്വദിച്ചു കാണാം ആനക്കൂട്ടങ്ങളുടെ പുല്ലൂട്ട്.
/indian-express-malayalam/media/media_files/uploads/2018/06/wild-elephant-in-anayirngal-1.jpg)
തള്ളയാനകളും കുട്ടിയാനകളും കൊമ്പന്‍മാരും ഉള്‍പ്പെടുന്ന ആനക്കൂട്ടത്തെ അടുത്തുകാണാന്‍ സഞ്ചാരികളുടെ പ്രവാഹമാണ്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്ന മട്ടിലാണ് കുട്ടിയാനകളുള്‍പ്പെടുന്ന സംഘത്തിന്റെ വികൃതികള്‍. കാട്ടാനകളെ അടുത്തു നിന്ന് കാണുന്നതിനും ചിത്രം പകര്‍ത്താനും മൂന്നാര്‍മാട്ടുപ്പെട്ടി റോഡില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വിശാലമായ പുല്‍മേടുകളാണ് കാട്ടാനകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതെന്ന് വനപാലകര്‍ പറയുന്നു.
മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്കാണ് അവധിക്കാലത്ത് അനുഭവപ്പെട്ടത്. ആനയിറങ്കല്‍ ഡാമിലെ ജലനിരപ്പു കുറഞ്ഞു ബോട്ടിങ് നിര്‍ത്തിയ ആനയിറങ്കല്‍ ജലാശയത്തിനു സമീപമുള്ള പുല്‍മേടുകളിലും സഞ്ചാരികള്‍ക്കു കാഴ്‌ചയുടെ വിരുന്നായി കാട്ടാനക്കൂട്ടമെത്തുന്നുണ്ട്.
ഡാമിന്റെ കാച്ച്മെന്റ് ഏരിയയിലുള്ള പുല്ലുതിന്നാനാണ് കുട്ടിയാനകള്‍ ഉള്‍പ്പടെയുള്ള കാട്ടാനക്കൂട്ടമെത്തുന്നത്.എപ്പോഴും കാട്ടാനകളുടെ സാന്നിധ്യമുള്ള ആനറയിറങ്കല്‍ മേഖലയില്‍ മാത്രം മുപ്പതോളം കാട്ടാനകളുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. ഈ സംഘത്തിലുള്‍പ്പെടുന്ന ആനക്കൂട്ടങ്ങളാണ് ഇപ്പോള്‍ പുല്‍മേടുകളില്‍ മേഞ്ഞുനടക്കുന്നതെന്നും വനപാലകര്‍ പറയുന്നു.
Read More: കളിക്കളത്തിൽ കാട്ടാന, ഒറ്റയാന് മുന്നിൽ കാല് വിറച്ച് കളിക്കാർ
ആനയിറങ്കല്‍ ഡാം വന്നതോടെ ഒറ്റപ്പെട്ടു പോയ കാട്ടാനകളും മനുഷ്യരും തമ്മില്‍ നിരന്തര സംഘര്‍ഷമുള്ള മേഖലകൂടിയാണ് ആനയിറങ്കല്‍ ഡാം. ആനയിറങ്കല്‍ ഡാമിലെ സ്‌പീഡ് ബോട്ടിങ് കാട്ടാനകള്‍ക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ടെന്നും ഇതു തടയണമെന്നും ചൂണ്ടിക്കാട്ടി മുന്‍പു മൂന്നാര്‍ ഡിഎഫ്ഒ നരേന്ദ്ര ബാബു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തുടര്‍ നടപടികളൊന്നുമായിട്ടില്ല.
/indian-express-malayalam/media/media_files/uploads/2018/06/wild-elephant-in-anayirangal-dam.jpg)
നിലവില്‍ ഹൈഡല്‍ ടൂറിസം വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഒന്നാണ് ആനയിറങ്കല്‍ ഡാമിനു സമീപമുള്ള ടൂറിസം പദ്ധതിയെന്നതുകൊണ്ടു തന്നെ സ്‌പീഡ് ബോട്ടിങ് നിര്‍ത്തലാക്കാന്‍ ജനപ്രതിനിധികള്‍ അനുവദിക്കുന്നില്ലായെന്നതും കാട്ടാന ആക്രമണം വര്‍ധിക്കാന്‍ കാരണമാകുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.