തിരുവനന്തപുരം: ദേവികുളം സബ് കലക്ടർ വി.ശ്രീറാമിനെ റവന്യൂമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. പൊലീസ് കാഴ്ചയ്ക്കാരായി നോക്കിനിന്നിട്ടും സർക്കാർ നയം നടപ്പാക്കാൻ ശ്രമിച്ചത് അഭനന്ദാർഹമായ കാര്യമാണെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ കലക്ടറോട് പറഞ്ഞു. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ സർക്കാർ നയമാണ്. മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ തീരുമാനമാണത്. മൂന്നാറിലെ അനധികൃത കയ്യേറ്റ ഒഴിപ്പിക്കൽ നടപടിക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി കലക്ടർക്ക് ഉറപ്പു നൽകി. മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽനിന്നും ഒരിഞ്ച് പോലും പുറകോട്ടില്ലെന്ന നിലപാടിലാണ് സിപിഐയുടെയും റവന്യൂ വകുപ്പിന്റെയും മന്ത്രിയുടെയും നിലപാട്.

ഇന്നലെ ദേവികുളത്തു സർക്കാർഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്‌ഥരെ സിപിഎം പഞ്ചായത്തംഗത്തിന്റെയും ലോക്കൽ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സംഘം തടഞ്ഞതു സംഘർഷത്തിനിടയാക്കിയിരുന്നു. സംഭവം അറിഞ്ഞ് ദേവികുളം സബ് കലക്‌ടർ വി. ശ്രീറാം സ്ഥലത്തെത്തി. സബ് കലക്ടറോടും സിപിഎം നേതാക്കൾ തട്ടിക്കയറി. എന്തുതന്നെ ആയാലും കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന നിലപാട് കലക്ടർ എടുത്തു. ഒടുവിൽ സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്നു കയ്യേറ്റഭൂമിയിലെ ഷെഡ് പൊളിച്ചു മാറ്റി.

റവന്യു ഉദ്യോഗസ്‌ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയവരെ അറസ്‌റ്റ് ചെയ്യാൻ സ്‌ഥലത്തുണ്ടായിരുന്ന എസ്‌ഐയുടെ നേതൃത്വത്തിലുള്ളവരോടു സബ് കലക്‌ടർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് അനുസരിച്ചില്ല. ദേവികുളം ടൗണിനു സമീപം കച്ചേരി സെറ്റിൽമെന്റിലെ 10 സെന്റ് സ്ഥലം ഒഴിപ്പിക്കാനാണു സബ് കലക്ടറുടെ നിർദേശപ്രകാരം അഞ്ചംഗസംഘം എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ