തിരുവനന്തപുരം: സ്വന്തമായി ഭൂമിയില്ലാത്തവരുടെ ചെറുകിട കൈയ്യേറ്റങ്ങളിൽ പട്ടയം അനുവദിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ ധാരണയായി. യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആദിവാസികൾക്ക് ഭൂമിയും പട്ടയവും ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് എല്ലായിടത്തും കൈയ്യേറ്റമെന്ന് തോോന്നിക്കാവുന്ന, സ്ഥിരമായി താമസിച്ച് പോരുന്ന ഭൂമിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. “മറ്റ് ഭൂമിയില്ലാത്തവരാണെങ്കിൽ ഇവർക്ക് നിലവിൽ താമസിക്കുന്ന സ്ഥലത്തിന് പട്ടയം അനുവദിക്കണം. അതേസമയം വൻകിടക്കാരുടെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണം എന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടില്ല” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിട്ടാണ് മൂന്നാർ വിഷയത്തിൽ മെയ് 27 ന് യോഗം വിളിച്ചതെന്ന് പിണറായി പറഞ്ഞു. “എന്നാൽ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വലിയ കാലതാമസമുണ്ടാക്കുന്നു” വെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യോഗത്തിൽ റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന്‍, ഇടുക്കി ജില്ലാ കലക്ടര്‍ സി.ആര്‍ ഗോകുല്‍, ദേവികളും സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ എന്നിവര്‍ പങ്കെടുത്തു.

ദേവികുളം താലൂക്കിൽ അനധികൃത കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയാണ് സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്വീകരിച്ചത്. ഇതേ തുടർന്ന് ഇദ്ദേഹത്തെ മാറ്റണമെന്ന ആവശ്യവുമായി പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങൾ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മൂന്നാർ പൊലീസ് സ്റ്റേഷനോട് ചേർന്ന് 22 സെന്റ് ഭൂമിയിലെ കൈയ്യേറ്റവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം തലപൊക്കിയത്. എന്നാൽ സബ് കളക്ടറുടെ നടപടിയെ അനുകൂലിച്ച റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ഇന്നത്തെ യോഗത്തിൽ നിന്ന് വിട്ടുനിന്നു.

കോട്ടയത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനുള്ളത് കൊണ്ടാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്ന് റവന്യു മന്ത്രി പിന്നീട് വിശദീകരിച്ചു. “മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും, ഒരു യോഗവും അനാവശ്യമല്ലെന്നും” അദ്ദേഹം വ്യക്തമാക്കി. സർവ്വകക്ഷിയോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി നേരത്തേ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നെങ്കിലും പിണറായി വിജയൻ ഇത് പരിഗണിച്ചിരുന്നില്ല.

റവന്യു മന്ത്രി യോഗത്തിൽ പങ്കെടുക്കാത്തത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകർന്നതിന് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാൽ ഇത് വിവാദമാക്കേണ്ട കാര്യമല്ലെന്നും റവന്യു മന്ത്രി മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനുള്ളത് കൊണ്ടാണ് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തെ പരിഹസിച്ചുകൊണ്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിലപാടെടുത്തത്. “കോടതിയിൽ കൈയ്യേറ്റം സംബന്ധിച്ച കേസ് പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ യോഗത്തിന് പ്രാധാന്യം ഇല്ല. നിയമപ്രകാരം മൂന്നാറിൽ കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്”കാനം പ്രതികരിച്ചു.

യോഗത്തില്‍ സി.പി.ഐ മന്ത്രിമാരും പ്രാദേശിക രാഷ്ട്രീയ നേതൃത്വവും പങ്കെടുക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ