മൂന്നാർ: കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാർ, ചിന്നക്കനാൽ, ദേവികുളം, ഉടുമ്പൻചോല മേഖലകളിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കാൻ ജില്ല ഭരണകൂടത്തിന്റെ തീരുമാനം. മതിയായ സുരക്ഷ ഒരുക്കിയ ശേഷം മാത്രം മതി ഒഴിപ്പിക്കലെന്ന് ഇന്നലെയാണ് ഇടുക്കി കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനിച്ചത്.

മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ദേവികുളം സബ് കളക്ടറുടെ ഓഫീസിൽ ഇന്നും, ജില്ല കളക്ട്രേറ്റിൽ നാളെയും പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ റവന്യു ഉന്നത ഉദ്യോഗസ്ഥരാണ് പ്രവർത്തിക്കുക. ഒഴിപ്പിക്കൽ നടപടിക്ക് 20 പൊലീസുദ്യോഗസ്ഥരിൽ കുറയാത്ത സുരക്ഷാ സംഘം വേണമെന്ന് ദേവികുളം സബ് കളക്ടർ ഇടുക്കി ജില്ല കളക്ടർക്ക് ശിപാർശ സമർപ്പിച്ചിട്ടുണ്ട്.

ഒഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷയൊരുക്കാൻ ഇടുക്കി ജില്ല പൊലീസ് സൂപ്രണ്ട് ഒരു എസ്ഐ യുടെ നേതൃത്വത്തിൽ ഏഴംഗ പോലീസ് സേനയെ ദേവികുളത്ത് നിയമിച്ചിരുന്നു. റവന്യു സംഘത്തിന്റെ ഒഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ ഒരുക്കൽ മാത്രമാണ് ഇവരുടെ ചുമതല. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ സേന മതിയാവില്ലെന്ന് റവന്യു വകുപ്പ് പൊലീസിനോട് വ്യക്തമാക്കി.

ജില്ലയിൽ ഭൂസംരംക്ഷണ സേനാ പ്രവർത്തകരെ ദേവികുളം ആർഡിഒ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കനുള്ള തീരുമാനവും പരിഗണനയിലാണ്. അതേസമയം സിപിഎം എംഎൽഎ യായ എസ്.രാജേന്ദ്രനെതിരായ കൈയ്യേറ്റ് ആരോപണത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കളക്ടർക്ക് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ