തൊടുപുഴ: മൂന്നാറില്‍ കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി റിസോർട്ടുകൾ പ്രവർത്തിക്കുന്നുവെന്നു സബ് കലക്‌ടറുടെ റിപ്പോർട്ട്. ദേവികുളം സബ് കലക്ടറായ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തുടർ നടപടികള്‍ക്കായി ജില്ലാകലക്ടര്‍ക്ക് അയച്ചു. സര്‍ക്കാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കണ്ടെത്തലുകളുള്ളതാണ് റിപ്പോർട്ടിലുള്ളത്. സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യുന്നതാണ് സബ് കലക്ടറുടെ റിപ്പോര്‍ട്ട്.

പള്ളിവാസല്‍ ജല വൈദ്യുതി പദ്ധതിക്കു സമീപമുള്ള അതീവ പരിസ്ഥിതി ദുര്‍ബല മേഖലയിലുള്ള ഭൂമിയാണ് ഉദ്യോഗസ്ഥരുടെ സ്വാധീനത്തോടെ കയേറിയിരിക്കുന്നത്. വിവിധ വ്യക്തികൾക്കായി കെഎസ്‌ഇബിയുടെ പക്കലുള്ള ഭൂമിക്ക് 30 ഓളം പട്ടയങ്ങൾ നൽകിയിട്ടുള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കൺസ്ട്രക്ഷൻ കന്പനികളുടെയും റിസോർട്ട് നിർമാതാക്കളുടെയും ഉടമസ്ഥതയിലാണ് ഇപ്പോൾ ഈ ഭൂമിയുള്ളത്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെയോ ബന്ധുക്കളുടെയോ പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നു വിശദമായി പരിശോധിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

munnar, kseb

മൂന്നാറിൽ കെഎസ്ഇബിയുടെ ഭൂമി കയ്യേറി അനധികൃതമായി നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ

പട്ടയം ലഭിച്ചിരിക്കുന്ന ഭൂമിയുടെ ഭൂരിഭാഗവും വ്യാവസായിക ആവശ്യങ്ങൾക്കായാണ് വിനിയോഗിച്ചിട്ടുള്ളത്. വൻകിട വ്യാവസായിക നിർമാണങ്ങൾ ഈ ഭൂമിയിൽ നടക്കുന്നുണ്ട്. നിരവധി റിസോർട്ടുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വൻ ചട്ടലംഘനമാണ് നടന്നിട്ടുള്ളതെന്നും കൈവശക്കാർക്കെതിരെ കർശന നിയമ നടപടികൾ റവന്യൂ വകുപ്പ് സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. അനധികൃതമായി കൈക്കലാക്കിയിട്ടുള്ള പട്ടയങ്ങള്‍ റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഭൂമി വീണ്ടെടുക്കാന്‍ മിടുക്കരായ ഉദ്യോഗസ്ഥരെ ദേവികുളം സബ് കലക്ടറുടെ കീഴില്‍ നിയമിക്കണമെന്നും സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിക്കു സമീപമായി കെഎസ്ഇബിയുടെ ഉടമസ്ഥതയില്‍ 196-ഓളം ഏക്കര്‍ ഭൂമിയാണുള്ളത്. ഇവിടെയുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു നല്‍കണമെന്ന് കെഎസ്ഇബി നിരവധി തവണ റവന്യൂ വകുപ്പിന് കത്തുകളയച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും താല്‍പര്യമില്ലായ്മയും മൂലം കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കാതെ പോവുകയായിരുന്നുവെന്ന് സബ്കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസ്തുത ഭൂമിയുടെ പോക്കുവരവ് നടത്തിക്കൊടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി അധികൃതര്‍ നിരവധി തവണ റവന്യൂ വകുപ്പ് അധികൃതരെ സമീപിച്ചുവെങ്കിലും ഈ നടപടി പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നും ഇതിനു കാരണം കെഎസ്ഇബി അധികൃതര്‍ ഭൂമിയുടെ യഥാര്‍ഥ രേഖകള്‍ ഹാജരാക്കാത്തതാണെന്നും റവന്യുവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. യഥാര്‍ഥ രേഖകള്‍ നശിപ്പിക്കാന്‍ കെഎസ്ഇബി അധികൃതര്‍ കൂട്ടുനിന്നിട്ടുണ്ടാകാമെന്നും സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

munnar, kseb

മൂന്നാറിൽ കെഎസ്ഇബിയുടെ ഭൂമി കയ്യേറി അനധികൃതമായി നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ

2013-ല്‍ നടത്തിയ ഒരു പഠനത്തില്‍ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള അതീവ പരിസ്ഥിതി ലോല മേഖലയായി പള്ളിവാസല്‍ പ്രദേശം കണ്ടെത്തിയിരുന്നു. ഇത്തരം സ്ഥലത്താണ് പത്തുമുതല്‍ 14 നിലവരെ ഉയരമുള്ള വമ്പന്‍ കെട്ടിടങ്ങള്‍ വന്‍തോതില്‍ നിര്‍മിച്ചിട്ടുള്ളത്. ഈ പ്രദേശത്ത് രണ്ടോ മൂന്നോ ദിവസം കനത്ത മഴയുണ്ടായാല്‍ മലയിടിച്ചിലിനു സാധ്യതയുണ്ടെന്നും ഇതു വലിയ ദുരന്തത്തിനിടയാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. മുന്‍ ഇടുക്കി എസ്‌പിയും ഇപ്പോള്‍ ആലുവ റൂറല്‍ എസ്‌പിയുമായ എ.വി.ജോര്‍ജ് അടുത്തിടെ സര്‍ക്കാരിനു സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മൂന്നു നിലയ്ക്കുമുകളിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കരുതെന്നും ഇത് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.