/indian-express-malayalam/media/media_files/uploads/2017/09/lovedale-resort-munnaar.jpg)
തൊടുപുഴ: ഹൈക്കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി അനധികൃത നിർമ്മാണം നടത്തുന്നുവെന്ന് റവന്യൂ വകുപ്പ്. ഹൈക്കോടതി ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയ ഹോംസ്‌റ്റേയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍.
പാട്ടക്കാലാവധി അവസാനിച്ചിട്ടും അനധികൃതമായി ഭൂമിയും കെട്ടിടവും കൈവശംവയ്ക്കുകയാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മൂന്നാറിലെ ലൗഡേല്‍ ഹോംസ്റ്റേയും 22 സെന്റ് സ്ഥലവും അടിയന്തരമായി ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പിനു ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
നിലവിലുള്ള കൈവശക്കാരനായ വി.വി.ജോര്‍ജ് നിയമ വിരുദ്ധമായാണ് കെട്ടിടവും സ്ഥലവും കൈവശം വച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ജൂണ്‍ 12-ന് ഏറ്റെടുക്കല്‍ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടുപോയത്. എന്നാല്‍ ഇതിനെതിരേ പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കുകയും മുഖ്യമന്ത്രിയുടെ ഓഫീസ് ഏറ്റെടുക്കല്‍ നടപടികള്‍ ജൂലൈ ഒന്നുവരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
കേസ് പരിഗണിച്ച ഹൈക്കോടതി ഭൂമിയില്‍ ഉടമയ്ക്കു യാതൊരു അധികാരവുമില്ലെന്നും റവന്യൂ വകുപ്പ് ഭൂമിയും കെട്ടിടവും ഉടന്‍ ഏറ്റെടുക്കണമെന്നും ഉത്തരവിട്ടു. തുടര്‍ന്നു നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഒഴിഞ്ഞു പോകാന്‍ മൂന്നുമാസം സമയം അനുവദിച്ചു. ഈ അപ്പീലിന്റ കാലാവധി അടുത്ത മാസം നാലിന് അവസാനിരിക്കെയാണ് കെട്ടിട ഉടമ ഹോംസ്‌റ്റേയില്‍ അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് റവന്യൂ വകുപ്പ് ആരോപിക്കുന്നത്.
നേരത്തേ ഒഴിഞ്ഞു പോകുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും ഫര്‍ണിച്ചറുകളും മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഓണത്തിന്റെ അവധി ദിവസങ്ങള്‍ മുതലെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. അവധി ദിവസങ്ങളിലെ കൈയേറ്റവും അനധികൃ നിർമ്മാണങ്ങളും തടയാന്‍ ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണ് അനധികൃത നിർമ്മാണം കണ്ടെത്തിയത്. കൈയേറ്റം തടയാന്‍ നിയോഗിച്ച് പ്രത്യക സംഘത്തിന്റെ പോലും കണ്ണുവെട്ടിച്ചായിരുന്നു അനധികൃത നിര്‍മാണം. വിവരമറിഞ്ഞ റവന്യൂ സംഘം ഹോംസ്റ്റേയില്‍ പരിശോധന നടത്തി അറ്റകുറ്റപ്പണികള്‍ നടന്നതായി കണ്ടെത്തി.
പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് ദേവികുളം സബ്കളക്ടര്‍ക്ക് കൈമാറിയതായി ദേവികുളം തഹസില്‍ദാര്‍ പി കെ ഷാജി പറഞ്ഞു. മൂന്നാര്‍ പോലീസിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കോടതി ഉത്തരവ് അവഗണിച്ച് അനധികൃത നിര്‍മാണം സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us