മൂന്നാർ: കനത്ത മഴയിൽ ആറ്റുകാട് വെളളച്ചാട്ടം ശക്തിയാർജിച്ചു. ആറ്റുകാട് പാലവും നടപ്പാതയും വെളളത്തിന്റെ കുത്തൊഴുക്കിൽ തകർന്നു. വെളളച്ചാട്ടത്തിനടുത്തെ ലയങ്ങളിൽ താമസിക്കുന്നവർ ഇതോടെ ഒറ്റപ്പെട്ടു. ഇവരുടെ ഏക യാത്രാ മാർഗ്ഗമായിരുന്നു ആറ്റുകാട് പാലം.

കഴ കനത്തതോടെ മാട്ടുപ്പെട്ടി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 10 സെന്റിമീറ്റർ തുറന്നിരുന്നു. ഇതോടെ മുതിരപ്പുഴയാറിലേക്ക് വെളളം കൂടുതലായി ഒഴുകിയെത്തി. ശക്തമായ മഴയിൽ മുതിരപ്പുഴയാർ നേരത്തെ തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മാട്ടുപ്പെട്ടി ഡാമിൽനിന്നുളള വെളളവും ഒഴുകിയെത്തിയത്. ഇതോടെ ഹെഡ് വർക്ക്സ് ഡാം തുറന്നുവിട്ടു. ഇതോടെയാണ് വെളളത്തിന്റെ കുത്തൊഴുക്ക് ഉണ്ടായതും ആറ്റുകാൽ വെളളച്ചാട്ടം ശക്തിയാർജിച്ചതും.

കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ പള്ളിവാസലിൽനിന്നും മൂന്ന് കിലോമീറ്റർ ദൂരെയാണ് ആറ്റുകാട് വെള്ളച്ചാട്ടം. കനത്ത മഴയിൽ ഏതാനും ദിവസങ്ങൾക്കുമുൻപ് വെളളച്ചാട്ടം ആകർഷണീയമായിരുന്നു. വെളളച്ചാട്ടം കാണാൻ നിരവധി വിനോദസഞ്ചാരികളും എത്തുന്നുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മഴ ശക്തി പ്രാപിച്ചത്.

മുതിരപ്പുഴയാറിൽ വെളളം നിറഞ്ഞുകവിഞ്ഞതോടെ മൂന്നാറിന്റെ പല ഭാഗങ്ങളും വെളളത്തിലാവുമെന്ന് സ്ഥിതിയിലെത്തി. ഈ സാഹചര്യത്തിൽ മാട്ടുപ്പെട്ടി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ ഇപ്പോൾ അടച്ചിരിക്കുകയാണ്. മൂന്നാറിൽ കനത്ത മഴ തുടരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. മൂന്നാർ തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. നേരിയമംഗലത്തിനും മൂന്നാറിനും ഇടയിൽ 27 ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.