മൂന്നാർ: മലയിടിഞ്ഞതിനെ തുടർന്ന് വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരുന്ന മൂന്നാറിനു സമീപത്തെ ഗ്യാപ് റോഡില്‍ ഗതാഗതം ഇന്നു മുതല്‍ പുനഃസ്ഥാപിച്ചു. ഒരു മാസത്തിലധികം നീണ്ട പരിശ്രമത്തിലൂടെ റോഡില്‍ വീണിരുന്ന പാറകള്‍ പൊട്ടിച്ചു നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായതെന്ന് ദേശീയപാത അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഒറ്റവരിയായി ചെറുവാഹനങ്ങള്‍ മാത്രമായിരിക്കും ഈ റൂട്ടിലൂടെ കടത്തിവിടുക. തുടര്‍ന്ന് റോഡിന്റെ അവസ്ഥ പരിശോധിച്ച ശേഷമായിരിക്കും വലിയ വാഹനങ്ങള്‍ ദേവികുളം-ഗ്യാപ് റോഡ് പാതയിലൂടെ കടത്തിവിടുകയെന്നു അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ജൂലൈ 28 ന് പുലർച്ചെയാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ് റോഡില്‍ വന്‍ മലയിടിഞ്ഞ് ഗതാഗതം നിലച്ചത്. മലയുടെ ഒരുഭാഗം പൂര്‍ണമായി റോഡിലേക്കു പതിക്കുകയായിരുന്നു. മലയിടിച്ചിലില്‍ ഗ്യാപ് റോഡിലെ കിളവിപ്പാറ ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ചു തട്ടുകടകളും പൂര്‍ണമായി തകർന്നു. കനത്ത മഴയില്‍ ചെറുതും വലുതുമായ പതിനാലോളം മലയിടിച്ചിലുകളാണ് ഈ റൂട്ടിലുണ്ടായത്.

Read Also: മൂന്നാറിനു സമീപം ഗ്യാപ് റോഡില്‍ മലയിടിഞ്ഞു; വലഞ്ഞ് യാത്രക്കാര്‍

റോഡു നിര്‍മാണത്തിന് കരാറെടുത്ത കമ്പനി അശാസ്ത്രീയമായി പാറ പൊട്ടിച്ചതിനെത്തുടര്‍ന്നാണ് വന്‍തോതില്‍ റോഡിലേക്കു പാറ ഇടിഞ്ഞു വീണതെന്നും റോഡ് പുറമ്പോക്ക് ഉള്‍പ്പടെ കൈയേറിയാണ് കരറുകാരന്‍ പാറപൊട്ടിച്ചെന്നും ദേവികുളം സബ് കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം മേഖലയില്‍ വീണ്ടും മലയിടിച്ചിലിനു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Munnar, മൂന്നാർ, Road to Munnar, മൂന്നാറിലേക്കുള്ള റോഡ്,Gap Road, Landslide, ie malayalam,

ദേവികുളത്തു നിന്നും മൂന്നാറിലേക്കെത്താനുള്ള പ്രധാന പാതകളിലൊന്നാണ് ഗ്യാപ് റോഡ്. റോഡ് തകര്‍ന്നതോടെ ഇതുവഴി മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവും നിലച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.