കൊച്ചി: മൂന്നാറിലെ പാപ്പാത്തിചോലയിലെ കുരിശു നീക്കം ചെയ്യൽ വിവാദത്തെ തുടര്‍ന്നു നിശ്ചലാവസ്ഥയിലായ കൈയേറ്റം ഒഴിപ്പിക്കല്‍ റവന്യൂ വകുപ്പ് പുനരാരംഭിക്കുന്നുവെന്നതിന്റെ സൂചനകൾ നൽകി നടപടികൾ. കൈയേറ്റം ഒഴിപ്പിക്കല്‍ വീണ്ടും ആരംഭിക്കുന്നതിന്റെ ഭാഗമായി മൂന്നാറിനു സമീപമുള്ള ലക്ഷ്മിയില്‍ സ്വകാര്യ വ്യക്തി വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന 28 ഏക്കര്‍ റവന്യൂ ഭൂമിയില്‍ ഇരുപതേക്കറോളം ദേവികുളം അഡീഷണല്‍ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതര്‍ ഒഴിപ്പിച്ചെടുത്തു സര്‍ക്കാര്‍ ഭൂമിയാക്കി ബോര്‍ഡ് സ്ഥാപിച്ചു. സര്‍വേ നമ്പര്‍ 435-ല്‍ പെട്ട ഭൂമിയിലാണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ നടത്തിയത്.

എറണാകുളം സ്വദേശികളായ ജോളി പോള്‍, മകള്‍ ജെസി എന്നിവരുടെ കൈവശമുണ്ടായിരുന്നത് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടത്തി ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യു അധികൃതര്‍ക്കു ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും അനുമതി നല്‍കിയത്. ഭൂവുടമകളുടെ പേരില്‍ ലഭിച്ച ഒരേക്കര്‍ പട്ടയഭൂമിയുടെ മറവിലാണ് ഇവര്‍ 28 ഏക്കറോളം റവന്യൂ ഭൂമി കൈയേറിയതെന്നു റവന്യൂ വകുപ്പ് അധികൃതര്‍ പറയുന്നു. ഇത്തരത്തില്‍ കൈയേറിയ ഭൂമിയുടെ ചില ഭാഗങ്ങള്‍ വ്യാജ പട്ടയനമ്പരുണ്ടാക്കി മറിച്ചു വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന തോട്ടത്തില്‍ ചില ഭാഗങ്ങളില്‍ കാപ്പിക്കൃഷിയും നടത്തിയിട്ടുണ്ട്. തോട്ടം നോക്കി നടത്താനായി തൊഴിലാളി കുടുംബങ്ങളെയും ഇവിടെ താമസിപ്പിച്ചിട്ടുണ്ടെന്നു റവന്യൂ അധികൃതര്‍ പറഞ്ഞു.

മൂന്നാറിൽ കൈയേറ്റമൊഴിപ്പിച്ച ഭൂമിയിൽ സർക്കാർ സ്ഥലം എന്ന ബോർഡ് വെയ്ക്കുന്നു

കൈയേറിയ 28 ഏക്കറില്‍ 19.50 ഏക്കര്‍ സ്ഥലമാണ് നിലവില്‍ റവന്യൂ അധികൃതര്‍ ഏറ്റെടുത്തത്. 1994 ലായിരുന്നു ഇവർക്ക് പട്ടയം ലഭിച്ചത്. കൈയേറിയ ഭൂമിയില്‍ ചില ഭാഗങ്ങള്‍ സ്ഥലമുടമ മറിച്ചു വില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഭൂമി വാങ്ങിയ ചിലര്‍ റവന്യു വകുപ്പിന്റെ ഒഴിപ്പിക്കല്‍ നടപടിയുടെ വിവരമറിഞ്ഞ് തങ്ങളുടെ പക്കല്‍ യഥാര്‍ഥ രേഖകളുണ്ടെന്ന വാദവുമായി ഉടമസ്ഥാവകാശം അവകാശപ്പെട്ടവർ എത്തി. എന്നാല്‍ ഉടന്‍ തന്നെ യഥാർത്ഥ രേഖകള്‍ സമര്‍പ്പിക്കാനാണ് റവന്യൂ അധികൃതര്‍ ഇത്തരത്തില്‍ അവകാശവാദവുമായെത്തിയവര്‍ക്കു നിര്‍ദേശം നല്‍കിയത്. രേഖകള്‍ പരിശോധിച്ച ശേഷം തിരിച്ചു പിടിക്കാനുള്ള ബാക്കി ഭൂമിയുടെ കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇപ്പോള്‍ റവന്യൂ വകുപ്പ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

മൂന്നാര്‍ കേരളത്തിന്റെ ദേശീയ സ്വത്താണെന്നും  എല്ലാ രീതിയിലും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ വച്ചു നടന്ന പട്ടയമേളയ്ക്കിടെ വ്യക്തമാക്കിയിരുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച കാണിക്കില്ലെന്നും അതേസമയം പാവപ്പെട്ട കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കി ചിത്രീകരിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തിനു പിന്നാലെയാണ് റവന്യൂ വകുപ്പ് മൂന്നാറില്‍ വീണ്ടും കൈയേറ്റമൊഴിപ്പിക്കല്‍ പുനരാരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.