മൂന്നാർ: വിവാദം കത്തിപ്പടരുന്നതിനിടെ റവന്യു വകുപ്പിനെ സമ്മർദ്ദത്തിലാക്കിയ മൂന്നാറിലെ ഉദ്യോഗസ്ഥരുടെ കൈയ്യേറ്റവും അന്വേഷണത്തിന്. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ വ്യക്തമാക്കി. റവന്യു വകുപ്പ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഇതോടൊപ്പം സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഭൂമി കൈയ്യേറിയുള്ള നിർമ്മാണങ്ങൾക്കെതിരെയും നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.

മൂന്നാറിലും ദേവികുളത്തുമായാണ് സർക്കാർ ഭൂമി ഉദ്യോഗസ്ഥർ കൈയ്യേറിയിട്ടുള്ളത്. വനം, വിദ്യാഭ്യാസം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ കോടതി ആമീനും ഈ കൈയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. ഉദ്യോഗസ്ഥർ തന്നെ ഭൂമി കൈയ്യേറിയത് ഗുരുതരമായ തെറ്റാണെന്നും ഇതിനെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

കൈയ്യേറ്റം സംബന്ധിച്ച കർക്കശ നിലപാട് മൂന്നാറിൽ മാത്രമായി ഒതുക്കേണ്ടെന്ന നിലപാട് സിപിഐ മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാനത്താകെ കൈയ്യേറ്റം തടയുന്നതിനുള്ള നടപടികൾ റവന്യു വകുപ്പ് വരും ദിവസങ്ങളിൽ കൈക്കൊള്ളും. ഇതിനായി സംസ്ഥാനത്താകെ കൈയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കും. എത്ര ഭൂമി കൈയ്യേറിയവരാണെങ്കിലും തരം തിരിക്കാതെ ഒറ്റ പട്ടികയാക്കാനാണ് റവന്യു വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

ദേവികുളത്ത് സർക്കാർ ക്വാർട്ടേഴ്സുകൾ അനധികൃതമായി കൈവശപ്പെടുത്തിയെന്ന വാർത്തയിൽ സബ് കളക്ടർ വില്ലേജോഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് രണ്ടാഴ്ചക്കുള്ളിൽ സമർപ്പിച്ചേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ