തൊടുപുഴ: ഇടതുപക്ഷ സർക്കാരിന് തലവേദനായി മൂന്നാറിലെ കൈയേറ്റക്കാരുടെ പട്ടികയുമായി സി പി ഐ​യുടെ റവന്യൂവകുപ്പ്. മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും അടുപ്പക്കാരുൾപ്പടെയുളളവരെ ഉൾപ്പെടുത്തിയുളള കൈയേറ്റ പട്ടിക വരും ദിവസങ്ങളിൽ സർക്കാരിനും സിപി എമ്മിനും തലവേദനയാകും. പാപ്പാത്തി ചോലയിലെ കുരിശ് നീക്കം ചെയ്യൽ വിവാദത്തിലൂടെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ രണ്ടാം മൂന്നാർ ദൗത്യത്തിനെ അകാല ചരമത്തിലേയ്ക്ക് നയിക്കുകയാണ് സർക്കാർ നടപടികളിലൂടെ സംഭവിച്ചത്. ഇതിന്റെ തുടർച്ചയായാണ് റവന്യൂ വകുപ്പ് കൈയേറ്റം സംബന്ധിച്ച് പുതിയ പട്ടിക സർക്കാരിന് നൽകിയിരിക്കുന്നത്. പട്ടികയിൽ ആരോപണ വിധേയരായിരിക്കുന്നവരിൽ പലരും റവന്യൂ വകുപ്പിന്റെ നിലപാടിനെതിരെ നേരത്തെ രംഗത്തു വന്നിട്ടുളളവരാണ്. പലരുടെയും വസ്തു സംബന്ധിച്ച പരാതികളും കേസുകളും നിലനിൽക്കുന്നവയുമാണ്.

വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിന്ന് കൈയേറ്റങ്ങളുടെ സ്വന്തം നാടായിരിക്കുന്നുവെന്ന് റവന്യൂവകുപ്പിന്റെ കണ്ടെത്തൽ. രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥ തലത്തിലെയും ഉന്നതരും മതസംഘടനകളുമെല്ലാം ​ഈ പ്രദേശത്തെ കൈയേറ്റക്കാരുടെ നാടാക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ചിരിക്കുന്നതായി റവന്യൂ വകുപ്പിന്റെ കൈയേറ്റക്കാരുടെ പട്ടിക വെളിപ്പെടുത്തുന്നു.

മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച് റവന്യൂ വകുപ്പ് തയ്യാറാക്കിയ പുതിയ പട്ടിക സര്‍ക്കാരിനു നല്‍കി. 154 കൈയറ്റക്കാരുടെ പട്ടികയടങ്ങിയ ലിസ്റ്റാണിത്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികൾ ചർച്ച ചെയ്യുന്നതിനായി മെയ് ഏഴിന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ഉന്നതതല യോഗത്തിന്റെ പരിഗണനയ്ക്കായി ​ഈ പട്ടിക അയച്ചിട്ടുണ്ട്.

ചിന്നക്കനാല്‍, ആനയിറങ്കല്‍, ബൈസണ്‍വാലി, പള്ളിവാസല്‍, മറയൂര്‍, കീഴാന്തൂര്‍, കെഡിഎച്ച് എന്നിവിടങ്ങളിലാണ് കൂടുതലായും സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുള്ളത്. റവന്യൂ, പിഡബ്ല്യുഡി, കെഎസ്ഇബി, വനഭൂമി എന്നിവ കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുള്ളതായി പട്ടികയില്‍ പറയുന്നു. ചോലവനങ്ങള്‍, റോഡ് പുറമ്പോക്ക്, പുഴയുടെ അരിക് ഭാഗങ്ങള്‍ എന്നിവയും കൈയേറ്റം നടന്നിട്ടുണ്ട്. കൈയേറിയ ഭൂമികളിലെല്ലാം റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, ഹോട്ടലുകള്‍, വീടുകള്‍ എന്നിവയും നിര്‍മിച്ചിട്ടുള്ളതായി റവന്യൂ അധികൃതര്‍ നല്‍കിയ പട്ടികയില്‍ പറയുന്നു.

സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളും ക്രിസ്ത്യന്‍ പള്ളികളും എസ്എന്‍ഡിപി യോഗം ശാഖയുമെല്ലാം ഭൂമി കൈയേറ്റക്കാരുടെ പുതിയ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ സഹോദരന്‍ ടിസിൻ ജെ തച്ചങ്കരി ലിസ്റ്റില്‍ 72 ആം പേരുകാരനായി പട്ടികയിലുളളത്.  ചിന്നക്കനാലില്‍ ഏഴ് ഏക്കര്‍ ഏഴു സെന്റ് ഭൂമിയാണ് ടിസിന്‍ കൈയേറിയിട്ടുള്ളതെന്ന് പട്ടികയിൽ ആരോപിക്കുന്നു. സിപിഎം ഏരിയാ സെക്രട്ടറിയായ വിഎസ് ആല്‍ബിന്‍ പട്ടികയില്‍ 80 ആം പേരുകരനാണെന്ന് റവന്യൂ വകുപ്പ് പറയുന്നു. ചിന്നക്കാനാലില്‍ പത്തു സെന്റ് ഭൂമിയാണ് ആല്‍ബിന്‍ കൈയേറിയതായി പറയുന്നത്.

പാപ്പാത്തി ചോലയിലെ വിവാദ കുരിശ് സ്ഥാപനവുമായി ബന്ധപ്പെട്ട സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകനായ ടോം സക്കറിയയുടെ സഹോദരന്‍മാരായ ജിമ്മി സക്കറിയ, ബോബി സക്കറിയ എന്നിവര്‍ പട്ടികയില്‍ 90,91 സ്ഥാനങ്ങളിലായി ഇടംപിടിച്ചിട്ടുണ്ട്. യഥാക്രമം ആറും പന്ത്രണ്ടും ഏക്കര്‍ ഭൂമി വീതമാണ് ഇവര്‍ ചിന്നക്കനാലില്‍ കൈയേറിയിട്ടുള്ളതെന്ന് റവന്യൂവകുപ്പ് പറയുന്നു. വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോധരന്റെ മകന്‍ ലിജീഷ് ലംബോധരന്‍ കൈയേറ്റക്കാരുടെ പട്ടികയില്‍ 92 ആം പേരുകാരനാണ്. ചിന്നക്കനാലില്‍ 7.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ലിജീഷ് ലംബോധരന്‍ കൈയേറിയിട്ടുള്ളതെന്നാണ് റവന്യൂ വകുപ്പിന്റെ പട്ടികപ്രകാരമുളള ആരോപണം.

ലോക സഞ്ചാരിയും സഫാരി ടിവി സിഇഒയുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയും മൂന്നാറിലെ ഭൂമി കൈയേറ്റക്കാരുടെ പട്ടികയിലുണ്ട്. പട്ടികയില്‍ 94​ആം സ്ഥാനത്തുള്ള സന്തോഷ് ജോര്‍ജ് കുളങ്ങര ബൈസണ്‍ വാലിയില്‍ 70 സെന്റു സര്‍ക്കാര്‍ ഭൂമിയാണ് കൈയേറിയിട്ടുള്ളതെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ഫാദര്‍ ചെറിയാന്‍ സെന്റ് ജോര്‍ജ് കാത്തലിക് ചര്‍ച്ച് കുഞ്ചിത്തണ്ണി അഞ്ചു സെന്റ്, വികാരി സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ച് തോക്കുപാറ 2.88 ഏക്കര്‍, പ്രസിഡന്റ് എസ്എന്‍ഡിപി യൂണിയന്‍ പെരുമ്പന്‍കുത്ത് 10 സെന്റ്, വികാരി സെന്റ് ജോസഫ് ചര്‍ച്ച് സൂര്യനെല്ലി 20 സെന്റ് എന്നിവരും റവന്യൂ വകുപ്പു കണ്ടെത്തിയ  കൈയേറ്റക്കാരുടെ പട്ടികയിലുണ്ട്.

സിപിഎം പാര്‍ട്ടി ഓഫീസ് മന്നാംകണ്ടം 0.0139 ഹെക്ടര്‍, സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് മന്നാംകണ്ടം എന്നിവരും ഭൂമി കൈയേറ്റക്കാരുടെ പട്ടികയിലുണ്ട്. അതേസമയം ഉന്നതതല യോഗത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏതെല്ലാം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും ഉന്നതരുമായി ബന്ധപ്പെട്ടവരാണ് ഭൂമി കൈയേറിയിരിക്കുന്നവരില്‍ ഭൂരിപക്ഷവും എന്നതുകൊണ്ടുതന്നെ ഇതില്‍ ഏതൊക്കെ ഭൂമികള്‍ ഒഴിപ്പിക്കപ്പെടുമെന്ന കാര്യത്തില്‍ റവന്യു അധികൃതര്‍ക്കു പോലും സംശയമുണ്ട്. നിലവില്‍ ഈ പട്ടികയിലെ ഭൂമി മാത്രം ഒഴിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ പോലും നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ