തിരുവനന്തപുരം: മതസ്ഥാപനങ്ങള്‍ ഇരിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കണമെന്ന് മതമേലധ്യക്ഷന്മാര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയിലാണ് ഇക്കാര്യമുന്നയിച്ചത്.
അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് മതവികാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുതെന്നും മതമേലധ്യക്ഷന്മാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന സർക്കാർ നടപടിയെ പിന്തുണക്കുന്നെന്നും കൈയ്യേറ്റങ്ങൾക്കു വേണ്ടി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും ഇവര്‍ യോഗത്തില്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാത്യൂ അറക്കല്‍, ഹൈറേഞ്ച് സംരക്ഷണ സമിതിചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ അഭിപ്രായ ഭിന്നതകളില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങിനെ അഭിപ്രായ വ്യത്യാസം ഉണ്ടാക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

“മൂന്നാർ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്നണിയിൽ പ്രശ്നങ്ങളില്ല. മുന്നണി ഒറ്റക്കെട്ടാണ്. മുന്നണിയിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ മാധ്യമപ്രവർത്തകർ ശ്രമിക്കേണ്ട. കയ്യേറ്റക്കാരോട് യാതൊരു ദയയും ഉണ്ടാകില്ല. ശക്തമായ നടപടി സ്വീകരിക്കും.” മുഖ്യമന്ത്രി പറഞ്ഞു.

“ഉദ്യോഗസ്ഥർക്കും സർക്കാരിനും ഇടയിൽ തെറ്റിദ്ധാരണ പരത്തരുത്” എന്നു പറഞ്ഞ മുഖ്യമന്ത്രി മുന്നണിയിൽ പ്രശ്നങ്ങളുണ്ടെന്ന മട്ടിലുള്ള അഭിപ്രായപ്രകടനവും വിലക്കി.  സംഭവത്തിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർക്കുന്നത് കാര്യങ്ങൾ വ്യക്തമായി പഠിക്കാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാർ സംഭവത്തിൽ സർവകക്ഷിയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ