മൂന്നാറിനു സമീപം പൂപ്പാറയില്‍ കാട്ടാന എസ്റ്റേറ്റ് വാച്ചറെ ചവിട്ടിക്കൊന്നു

കാട്ടാനകളുടെ വിഹാര കേന്ദ്രമായ മൂലത്തറയില്‍ തോട്ടത്തില്‍ തൊഴിലാളികള്‍ എത്തുന്നതിനു മുമ്പ് നോക്കാനെത്തിയതായിരുന്നു വാച്ചറായ വേലന്‍

wild elephant in mattupetty dam

തൊടുപുഴ: മൂന്നാറിനു സമീപം പൂപ്പാറയില്‍ കാട്ടാന എസ്റ്റേറ്റ് വാച്ചറെ ചവിട്ടിക്കൊന്നു. രാജാക്കാട് പൂതപ്പാറ എസ്റ്റേറ്റ് വാച്ചര്‍ വേലന്‍ (55) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴുമണിയോടയായിരുന്നു സംഭവം. കാട്ടാനകളുടെ വിഹാര കേന്ദ്രമായ മൂലത്തറയില്‍ തോട്ടത്തില്‍ തൊഴിലാളികള്‍ എത്തുന്നതിനു മുമ്പ് നോക്കാനെത്തിയതായിരുന്നു വാച്ചറായ വേലന്‍. എന്നാല്‍ ഇതിനിടെ അപ്രതീക്ഷിതമായി മുറിവാലന്‍ കൊമ്പന്‍ എന്ന കാട്ടാനയുടെ മുമ്പില്‍ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം.

ചവിട്ടിക്കൊന്ന ശേഷം ആന വേലനെ ഏലക്കുഴിക്കുള്ളില്‍ ഒളിപ്പിക്കുകയും ചെയ്‌തു. ശബ്‌ദം കേട്ടു പിന്നാലെയെത്തിയ മറ്റു തൊഴിലാളികളാണ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും അറിയിച്ചത്. പ്രദേശത്ത് വര്‍ധിച്ചുവരുന്ന കാട്ടാന ആക്രമണം തടയണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ വേലന്റെ മൃതദേഹവുമായി പൂപ്പാറയില്‍ ദേശീയ പാത ഉപരോധിച്ചു. ചിന്നക്കനാല്‍, സിങ്കുകണ്ടം, മൂലത്തറ, 501 കോളനി എന്നീ പ്രദേശങ്ങളില്‍ കാട്ടാന ആക്രമണം നിത്യ സംഭവമാണ്. കാട്ടാന ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. നിരവധിപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു.

ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടാനായി കഴിഞ്ഞ വര്‍ഷം കുങ്കിയാനകളെ എത്തിച്ചിരുന്നുവെങ്കിലും ദൗത്യം പരാജയപ്പെടുകയായിരുന്നു. ആനത്താരകള്‍ നഷ്‌ടപ്പെട്ടതും ആവാസ വ്യവസ്ഥ ഇല്ലാതാകുന്നതുമാണ് കാട്ടാനകള്‍ കാടിറങ്ങാന്‍ കാരണമാകുന്നതിനു പിന്നിലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Munnar elephant killed estate labour

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express